Quantcast

‘മ​ദ്രസകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടില്ല’; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷൻ

മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്ന നിർദേശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയർന്നത്

MediaOne Logo

Web Desk

  • Published:

    16 Oct 2024 10:44 AM GMT

pryiank kanoongo
X

ന്യൂഡൽഹി: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ. പാവപ്പെട്ട മുസ്‍ലിം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനാൽ സംസ്ഥാന സർക്കാറുകൾ മദ്രസകൾക്ക് നൽകുന്ന ധനസഹായം നിർത്തണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മദ്രസകൾക്ക് ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞദിവസം ബാലാവകാശ കമ്മീഷൻ കത്തയച്ചിരുന്നു. കൂടാതെ മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് മദ്രസകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന വാദവുമായി പ്രിയങ്ക് കനൂൻഗോ രംഗത്തുവന്നത്.

‘മുസ്‍ലിംകളുടെ ശാക്തീകരണത്തെ ഭയക്കുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്. ഇവർ ശാക്തീകരിക്കപ്പെട്ടാൽ തുല്യഅവകാശവും ഉത്തരവാദിത്തങ്ങളും ആവശ്യപ്പെടുമെന്നാണ് അവരുടെ ഭയം’ -പ്രിയങ്ക് കാനൂൻഗോ പിടിഐക്ക് നലകിയ അഭിമുഖത്തിൽ പറഞ്ഞു.

മദ്രസകൾ പൂട്ടണമെന്ന് ഞങ്ങൾ ഒരിക്കലും വാദിച്ചിട്ടില്ല. സമ്പന്ന കുടുംബങ്ങൾക്ക് മതപഠനവും ഔപചാരിക വിദ്യാഭ്യാസവും ഒരുപോലെ ലഭിക്കുന്നുണ്ട്. ഇതേരീതിയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും ലഭിക്കണം. സാമൂഹിക സാമ്പത്തിക നില പരിഗണിക്കാതെ എല്ലാ കുട്ടികൾക്കും തുല്യമായ വിദ്യാഭ്യാസം ലഭിക്കണമെന്നും കാനൂൻഗോ പറയുന്നു.

കുട്ടികൾക്ക് സാധാരണ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. ഭരണകൂടത്തിന് അതിന്റെ ബാധ്യതകൾക്ക് നേരെ കണ്ണടയ്ക്കാൻ സാധിക്കില്ല. എന്തിനാണ് നമ്മുടെ പാവപ്പെട്ട കുട്ടികളെ സ്കൂളുകൾക്ക് പകരം മദ്രസകളിൽ പഠിപ്പിക്കാൻ നിർബന്ധിക്കുന്നത്. ഈ നയം അവരുടെ മേൽ അന്യായ ഭാരം നൽകുകയാണെന്ന് പ്രിയങ്ക് കാനൂൻഗോ വ്യക്തമാക്കി.

1950ൽ ഭരണഘടന പ്രാബല്യത്തിൽ വന്നശേഷം ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന ആസാദ് ഉത്തർ പ്രദേശിലെ മദ്രസകൾ സന്ദർശിക്കുകയുണ്ടായി. തുടർന്ന് മുസ്‍ലിം കുട്ടികൾ സ്കുളുകളിലും കോളജുകളിലും ഉന്നതവിദ്യാഭ്യാസം നേടേണ്ടതില്ലെന്നാണ് അദ്ദേഹം ​പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസത്തിൽ മുസ്‍ലിം പ്രാതിനിധ്യം ഗണ്യമായി കുറയാൻ ഇത് കാരണമായി. നിലവിൽ ഇത് അഞ്ച് ശതമാനത്തിനടുത്താണ്.

രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്നവരിൽ 14 ശതമാനം പേരും പട്ടികജാതിക്കാരാണ്. പട്ടികവർഗക്കാർ അഞ്ച് ശതമാനം വരും. ഉന്നത വിദ്യാഭ്യാസത്തിൽ ഇരുകൂട്ടരുമായി 20 ശതമാനം വരും. മറ്റു പിന്നാക്ക വിഭാഗക്കാർ 37 ശതമാനമുണ്ട്. അതേസമയം, മുസ്‍ലിംകളുടേത് അഞ്ച് ശതമാനമായി തുടരുകയാണെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പറയുന്നു.

മുസ്ലിം സമുദായത്തിൽനിന്നുള്ള മുൻ വിദ്യാഭ്യസ മന്ത്രിമാരെയും അദ്ദേഹം കുറ്റപ്പെടുത്തി. ഈ മന്ത്രിമാർ മദ്രസകൾക്ക് ഊന്നൽ നൽകുകയും സാധാരണ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസത്തിനുള്ള മൗലികമായ അവകാശമാണ് നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മാപ്പ് ചെയ്യപ്പെടാത്ത മദ്രസകളെ കണ്ടെത്താനും ഇവിടത്തെ വിദ്യാർഥികളെ സ്കൂളുകളിൽ ചേർക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിനെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ എതിർക്കുകയാണ്. എന്നാൽ, ഗുജറാത്ത് പോലുള്ള മറ്റു സംസ്ഥാനങ്ങൾ ക്രിയാത്മക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള എതിർപ്പുകൾ മറികടന്ന് ഗുജറാത്തിൽ 50,000ത്തിലധികം വിദ്യാർഥികളെയാണ് സ്കൂളുകളിൽ ചേർത്തത്.

അടുത്ത ദശകത്തിൽ മുസ്‍ലിം കുട്ടികൾ ഡോക്ടർമാരും എൻജിനീയർമാരും ബാങ്ക് ജീവനക്കാരുമെല്ലാമായി മാറും. നമ്മുടെ ശ്രമങ്ങളെ അവർ സാധൂകരിക്കും. മുസ്‍ലിംകളെ ശാക്തീകരിക്കുന്നതോടെ സമൂഹത്തിൽ അവർ അർഹമായ സ്ഥാനം ആവശ്യപ്പെടും. ഇതുവഴി ഉത്തരവാദിത്തവും സമത്വവും ഉറപ്പാക്കുമെന്നും കാനൂൻഗോ പറഞ്ഞു.

മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കഴിഞ്ഞദിവസം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

TAGS :

Next Story