യുപിയിൽ സ്കൂളിലേക്ക് പോകവെ പ്രിൻസിപ്പലിനെ വെടിവെച്ചു കൊന്നു
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്
ലഖ്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്കൂളിലേക്ക് നടന്നുപോകവെ പ്രിൻസിപ്പലിനെ വെടിവെച്ചുകൊന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്. ഷബാബ് ഉൽ ഹസൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നിന്ന് സ്കൂളിലേക്ക് 250 മീറ്റർ മാത്രമായിരുന്നു അകലം, അതിനാൽ സ്ഥിരമായി നടന്നായിരുന്നു ഷബാബ് പൊയ്ക്കൊണ്ടിരുന്നത്.
കൊലപാതകികളെ കണ്ടുപിടിക്കാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. അക്രമിസംഘത്തിലെ ഒരാളുടെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റേയാൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമല്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് അറിയിച്ചു.
അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ കൊല്ലപ്പെട്ട ഷബാബിനെതിരെ പൊലീസ് നാലുമാസം മുൻപ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഹോംവർക്ക് ചെയ്യാത്തതിനാൽ സ്കൂൾ അധികൃതരുടെ സമ്മർദം മൂലമാണ് കുട്ടി മരിച്ചതെന്നായിരുന്നു പരാതി. കുട്ടിയുടെ മരണത്തിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് കുടുംബം ഭീഷണിപ്പെടുത്തിയിരുന്നതായി ഷബാബിൻ്റെ സഹോദരി പൊലീസിനോട് പറഞ്ഞു.
Adjust Story Font
16