പ്രശാന്ത് കിഷോറിൻ്റെ നിർദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സോണിയാഗാന്ധിക്ക് കൈമാറി
പ്രശാന്ത് മുന്നോട്ടുവെച്ച ഒട്ടുമിക്ക നിർദേശങ്ങളും അംഗീകരിച്ചു കൊണ്ട് സമിതി തയ്യാറാക്കിയ റിപ്പോർട്ട് ആണ് സോണിയഗാന്ധിക്ക് കൈമാറിയത്
പ്രശാന്ത് കിഷോർ പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത്. ആര് വന്നാലും കോൺഗ്രസിനെ രക്ഷിക്കാൻ കഴിയില്ല എന്ന് തൃണമൂൽ ജനറൽ സെക്രട്ടറി കുണാൽ ഘോഷ് പറഞ്ഞു. അതേസമയം പ്രശാന്ത് കിഷോർ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പദ്ധതി രേഖ സംബന്ധിച്ച റിപ്പോർട്ട് പ്രത്യേക സംഘം സോണിയാഗാന്ധിക്ക് കൈമാറി.
പ്രശാന്ത് കിഷോർ തയ്യാറാക്കിയ പദ്ധതിയെ കുറിച്ച് പഠിക്കാൻ 7 അംഗ സമിതിക്കാണ് കോൺഗ്രസ് രൂപം നൽകിയിരുന്നത്. പി ചിദംബരം, കെ സി വേണുഗോപാൽ പ്രിയങ്കഗാന്ധി എന്നിവരടങ്ങുന്ന സമിതി ഒരാഴ്ച സമയം കൊണ്ടാണ് പദ്ധതിയെ കുറിച്ച് വിശദമായി പഠിച്ചത്. പ്രശാന്ത് മുന്നോട്ടുവെച്ച ഒട്ടുമിക്ക നിർദേശങ്ങളും അംഗീകരിച്ചു കൊണ്ട് സമിതി തയ്യാറാക്കിയ റിപ്പോർട്ട് ആണ് സോണിയഗാന്ധിക്ക് കൈമാറിയത്. അതേസമയം പ്രശാന്ത് കിഷോർ വന്നാലും കോൺഗ്രസിന് രക്ഷയില്ലെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ നിലപാട്. കോൺഗ്രസിൻറെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്നും തൃണമൂൽ ജനറൽ സെക്രട്ടറി കുണാൽ ഘോഷ് പറഞ്ഞു.
പാർട്ടിയെ സംബന്ധിച്ച് പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുന്നത് തൃണമൂലിന് നഷ്ടമല്ല എന്നാണ് നേതാക്കൾ പറയുന്നത്. പ്രശാന്ത് ഒരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ മാത്രം ആണെന്നും പാർട്ടി നേതാവല്ല എന്നും തൃണമൂൽ നേതൃത്വം പറയുന്നു. അതേസമയം ഗുജറാത്തിലെ പ്രമുഖ പട്ടെദാർ നേതാവ് നരേഷ് പട്ടേൽ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ എത്തിയാണ് നരേഷ് പ്രശാന്ത് കിഷോറിനെ കണ്ടത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരെഷിനെ കോൺഗ്രസിൽ എത്തിക്കാനുള്ള ചർച്ചകൾക്ക് മുൻകൈ എടുക്കുന്നതും പ്രശാന്ത് കിഷോർ ആണ്.
Adjust Story Font
16