Quantcast

നരോദപാട്യയിലെ മജീദിന്റെ കഥ; രേവതി ലോൽ പറഞ്ഞത് ഇങ്ങനെ...

''തൈരിന്റെ കിച്ച്ഡിയോ, അത് ശവമടക്കിനല്ലേ ഉണ്ടാക്കുക?- ചാടിയെഴുന്നേറ്റ് മജീദ് ചോദിച്ചു. അതേ, നീയെല്ലാം ചാവാന്‍ പോവുകയാണ് എന്നായിരുന്നു ജയ് ഭവാനിയുടെ മറുപടി

MediaOne Logo

Web Desk

  • Published:

    30 March 2025 3:58 AM

നരോദപാട്യയിലെ മജീദിന്റെ കഥ; രേവതി ലോൽ പറഞ്ഞത് ഇങ്ങനെ...
X

ന്യൂഡൽഹി: 'എംപുരാൻ' സിനിമക്കെതിരെ സംഘ്പരിവാർ അനുകൂലികൾ 'ഉറഞ്ഞുതുള്ളുകയാണ്'. സൈബറിടത്തില്‍ രൂക്ഷമായ ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. ​

ഒടുവില്‍ ചിത്രത്തില്‍ കത്രിക വെക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എന്നാൽ എത്ര മുറിച്ചുമാറ്റിയാലും 2002ൽ എന്താണ് ഗുജറാത്തിൽ സംഭവിച്ചതെന്നും ആരാണ് അതിന്റെ നേട്ടം കൊയ്തതെന്നും വ്യക്തമാക്കുന്ന അനവധി പുസ്തകങ്ങളും ഡോക്യുമെന്ററികളും ഇന്ന് ലോകത്തിന് മുന്നിലുണ്ട്. ഈ വംശഹത്യയുടെ ഭാഗമായിരുന്നവരുടെ ജീവിതവും അവരുടെ ഇരകളുടെ ജീവിതവും ഉള്‍പ്പെടുത്തി പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ രേവതി ലോള്‍ എഴുതിയ ‘വെറുപ്പിന്റെ ശരീരശാസ്ത്രം’(Anatomy of Hate) എന്ന പുസ്തകം അതിലൊന്നാണ്.

'എംപുരാൻ' സിനിമയുടെ വിവാദങ്ങൾക്കിടെ ആ പുസ്തകത്തിലെ ചില വരികൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എംപുരാനിലെ ചില മുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന പല സംഭവങ്ങളുടെ വിവരണങ്ങളിലൂടെയാണ് 2018ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ആരംഭിക്കുന്നത് തന്നെ. ശ്രീജിത്ത് ദിവാകരന്‍ വിവര്‍ത്തനം ചെയ്ത ഈ പുസ്തകം ചിന്ത ബുക്സ് ആണ് മലയാളത്തില്‍ പുറത്തിറക്കിയത്.

വെറുപ്പിന്റെ ശരീരശാസ്ത്രം’(Anatomy of Hate) എന്ന പുസ്തകത്തിലെ ആദ്യ അധ്യായത്തില്‍ നിന്നും

ലോകം മുഴുവന്‍ തകര്‍ന്ന് തരിപ്പണമാകാന്‍ പോവുകയാണ് എന്നതിന്റെ സൂചനകള്‍ പലതും അബ്ദുള്‍ മജീദിന് ലഭിച്ചിരുന്നുവെങ്കിലും ‘കിച്ചഡി’യാണ് അത് പൂര്‍ണ്ണമായും ഉറപ്പിച്ചത്. 2002 ഫെബ്രുവരി 28ന് ഉച്ചതിരിഞ്ഞ നേരമായിരുന്നു അത്. ഒരു വന്‍ ജനകൂട്ടം നരോദാപാട്യ വളഞ്ഞു കഴിഞ്ഞിരുന്നു. ഒരു വീടിന്റെ മുകളില്‍ ഒളിച്ചിരിക്കുമ്പോഴാണ് ജയ് ഭവാനി അവനെ കണ്ട് പിടിച്ച് സംസാരിക്കാന്‍ വന്നത്.

‘മജീദ് ഭായ്’- അവന്‍ പറഞ്ഞു. ”നിങ്ങളാരും രാവിലെ മുതല്‍ ഒന്നും കഴിച്ചു കാണില്ലല്ലോ. താഴെയിറങ്ങി വന്ന് നിങ്ങടെ അടുക്കളേന്ന് കറിയുണ്ടാക്കുന്ന വലിയ പാത്രങ്ങളെടുത്തിട്ട് വാ. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി നല്ല തൈരിന്റെ ‘കിച്ചഡി’ ഉണ്ടാക്കിത്തരാം.”

”തൈരിന്റെ കിച്ച്ഡിയോ? തൈരിന്റെ കിച്ച്ഡി! ”

ചാടിയെഴുന്നേറ്റ് മജീദ് ചോദിച്ചു. ”അത് ശവമടക്കിനല്ലേ ഉണ്ടാക്കുക?”- അവനപ്പോഴേയ്ക്കും പെട്ടന്ന് ഉടലാകെ വിറയ്ക്കുന്ന ഒരു പേടി തോന്നി.

‘അതേ’-ജയ് ഭവാനി പറഞ്ഞു. ‘നീയെല്ലാം ചാവാന്‍ പോവുകയാണ്’.

മജീദ് പടികളിറങ്ങി ഓടി. ഭാര്യയേയും കുഞ്ഞുങ്ങളേയും ഭാര്യയുടെ അമ്മയേയും വീടിന്റെ തൊട്ടുപുറകിലുള്ള അമ്പലത്തില്‍ അടച്ചിട്ടായിരുന്നു അവനിവിടെ വന്നിരുന്നത്. അവിടെയാകുമ്പോള്‍ ജയ്ഭവാനിക്ക് അവരെ സുരക്ഷിതരാക്കാനാകുമെന്നായിരുന്നു അവന്റെ പ്രതീക്ഷ. നല്ലബന്ധത്തിലുള്ള അയല്‍പക്കബന്ധങ്ങളെ വിശ്വസിക്കാമെന്നാണ് അവന്‍ കരുതിയത്.

അവരെ അവിടെ നിന്ന് മജീദ് വെപ്രാളപ്പെട്ട് രക്ഷപ്പെടുത്തി, അവരൊരുമിച്ച് ഓടാന്‍ തുടങ്ങി. വേറിട്ടും. ആ തെളിഞ്ഞ പകല്‍വെളിച്ചത്തിലും സര്‍വ്വതും ഇരുട്ടിലായി. തീസ്ര കുവാ, അഥവാ മൂന്നാം കിണറിനടുത്ത് ഒരു കൂനയ്ക്ക് മുകളിലാണ് മജീദ് കിടന്നിരുന്നത്. അവന്റെ തലയ്ക്ക് പുറകില്‍ വാള് പോലെയെന്തോ തറച്ചിരിക്കുന്നുണ്ടായിരുന്നു. ബോധത്തിനും അബോധത്തിനും ഇടയില്‍ അടുത്തുള്ള പാര്‍ക്കില്‍ നിന്ന് മോള് ‘അബ്ബാ…അബ്ബാാാാാ’ എന്ന് കരഞ്ഞ് വിളിക്കുന്നത് അയാള്‍ കേട്ടു.

എഴുന്നേറ്റ് അവളുടെ അരികില്‍ മജീദ് എത്തിയപ്പോഴേയ്ക്കും അവളുടെ ഉടല്‍ മരവിച്ചിരുന്നു. ആറ് മക്കള്‍, ഗര്‍ഭിണിയായ ഭാര്യ, ഭാര്യയുടെ അമ്മ എന്നവരെ മജീദിനന്ന് നഷ്ടപ്പെട്ടു. തിരിഞ്ഞ് നോക്കുമ്പോള്‍, ആ ദിവസത്തിന് തലേന്നേ സൂചനകള്‍ ഉണ്ടായിരുന്നുവെന്നും താനത് മനസിലാക്കാതിരുന്നതാണെന്നും മജീദിനറിയാം.

സൂചനകളുണ്ടായിരുന്നു

മെയ്ന്‍ റോഡിലെ ബസുകളുടെ ഇരമ്പുന്ന ശബ്ദത്തില്‍ നിന്നകന്ന്, തെരുവിന്റെ മൂലയില്‍ ഒട്ടോ ഡ്രൈവര്‍മാരും കച്ചവടക്കാരും അഹ്‌മ്മദാബാദിന്റെ ഈ പ്രദേശത്ത് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നത് അവന്‍ യദൃശ്ച്യ കേട്ടതാണ്. വിശ്വഹിന്ദുപരിഷദ് അഥവാ വി.എച്ച്.പിയുടെ 59 വോളണ്ടിയര്‍മാര്‍ തീവണ്ടിയില്‍ ചുട്ടെരിക്കപ്പെട്ടതിന്റെ പ്രതികാരം ഗുജറാത്തിലുടനീളം തീപോലെ പടരുകയാണെന്ന് അവന്‍ കേട്ടു.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ ഗോധ്രയിലാണ് തീവണ്ടിയുടെ ബോഗിക്ക് തീപിടിച്ചത്. ഗ്രോധ്ര വളരെ ദൂരയാണെന്ന് -അഹ്‌മദാബാദിന്റെ വ്യാവസായിക പുറംപോക്കായ നരോദാപാട്യയില്‍ നിന്ന് ഏതാണ്ട് 130 കിലോമീറ്ററോളം അകലെ- മജീദിനോടാരോ പറഞ്ഞു. അതുകൊണ്ട് തന്നെ, കാര്യം ഇതുമൊരു മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണെങ്കിലും, ഈ ഭയപ്പാടൊക്കെ വെറുതെയാണെന്നാണ് മജീദ് കരുതിയത്. പക്ഷേ, ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു എന്ന വസ്തുതയെ കുറിച്ചും അവന്‍ പിന്നെയാലോചിച്ചു.

മുസ്‌ലിംകളെ എല്ലായിടത്തും ഒരു പാഠം പഠിപ്പിക്കാനുള്ള സമയമായെന്ന് അവര്‍ തീരുമാനിച്ചാലെന്തുചെയ്യും? സൂചനകളെ എങ്ങനെ വായിക്കണം എന്നതിനെ കുറിച്ച് മജീദിന് ഉറപ്പില്ലായിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷമുള്ള വാര്‍ത്തകള്‍ കാര്യങ്ങള്‍ വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകളില്‍ വില്‍ക്കുന്ന ഗുജറാത്തി പത്രം ‘സന്ദേശി’ന്റെ തലക്കെട്ട് ‘ചോരയ്ക്ക് ചോര’ എന്ന് ആക്രോശിച്ചു.

അന്ന് രാത്രി തന്റെ പലചരക്ക് കടയുടെ, ഉച്ചത്തില്‍ കരയുന്ന ഇരുമ്പ് ഷട്ടര്‍ വലിച്ച് താഴത്തുന്നതിനിടെ മുപ്പത്തഞ്ച് ലിറ്ററിന്റെ വലിയ ബാരല്‍ ജയ്ഭവാനി കഷ്ടപ്പെട്ട് ചുമന്ന് കൊണ്ടുപോകുന്നത് മജീദ് കണ്ടു.

‘ചാരായമാണോ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നേ’ മജീദ് ചോദിച്ചു. ‘അല്ല ഭായീ, ഇത് ശരിക്കും പെട്രോളാണ്’- ജയ് ഭവാനി മറുപടി പറഞ്ഞു.

അത് തീര്‍ച്ചയായും കൃത്യമായ അപായ സൂചനയായിരുന്നു. അത്രമാത്രം പെട്രോള്‍ അയാളെന്തിന് കൊണ്ടുപോകണം? പക്ഷേ, പിറ്റേ ദിവസത്തെ ‘കിച്ച്ഡി’യാണ് കാര്യങ്ങള്‍ കൃത്യമായും മനസിലാക്കി തന്നത്. ജയ് ഭവാനിയും സുഹൃത്തുക്കളും മജീദിന്റെ കുടുംബത്തെ കൊന്ന് തീസ്ര കുവായില്‍ മൃതദേഹം വലിച്ചെറിഞ്ഞ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ‘അവര്‍ മദ്യവും ലഘുഭക്ഷണങ്ങളുമായി തയ്യാറെടുപ്പോടെയാണ് വന്നത്’- പിന്നീട് മജീദ് ഓര്‍ത്തെടുത്തു.

പതിനഞ്ച് വര്‍ഷത്തിലേറെ ആവര്‍ത്തിച്ച് പറഞ്ഞ് പറഞ്ഞ് മജീദിന്റെ വിവരണങ്ങള്‍ക്ക് ഇപ്പോള്‍ മൃതദേഹങ്ങളുടെ മരവിപ്പാണുള്ളത്. ഭാര്യയുടെ അമ്മയുടെ പൊളിയിസ്റ്റര്‍ സാരി തീയില്‍ എങ്ങനെയാണ് ഉരുകിപോയതെന്നും രണ്ട് പെണ്‍മക്കള്‍- അഫ്രീന്‍ ബാനുവും ഷഹീന്‍ ബാനുവും- അവരുടെ അമ്മൂമ്മയെ കെട്ടിപ്പിടിച്ചിട്ടായിരുന്നു കരിഞ്ഞ് കരിക്കട്ടയായ നിലയിലും കിടന്നിരുന്നത് എന്നും മറ്റുമുള്ള വിവരണങ്ങള്‍ നിര്‍വ്വികാരമായിരുന്നു.

അതേദിവസം തീസ്ര കുവായ്ക്കരികില്‍ കൗസര്‍ബീയേയേും ആള്‍ക്കൂട്ടം വളഞ്ഞു. ഏത് ദിവസവും പ്രസവിക്കാന്‍ പാകത്തിന് നിറഗര്‍ഭിണിയായിരുന്നതിനാല്‍ കൗസര്‍ബീയ്ക്ക് ഓടാനായില്ല. അവളുടെ ഭര്‍ത്താവ് ഫിറോസ്ഭായ് റോഡിന്റെ മറ്റേ വശത്തായിരുന്നു. തീയും ഭ്രാന്ത് പിടിച്ച ആള്‍ക്കൂട്ടവും നിറഞ്ഞ റോഡ് കടന്നിപ്പുറം വരുന്നത് അസാധ്യവുമായിരുന്നു.

പിന്നീട് ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോയപ്പോഴാണ്, മുടന്തന്‍ സുരേഷും ബാബു ബജ്രംഗിയും ജയ് ഭവാനിയും ഗുഡ്ഡു ഛാരയും ചേര്‍ന്ന് അവളെ കൊന്നതും വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത് അതിനേയും വാളുകൊണ്ട് വെട്ടിക്കൊന്നതുമെല്ലാം ഫിറോസ് അറിഞ്ഞത്. കൗസര്‍ബീയുടെ മൃതദേഹം കണ്ടാല്‍ തന്നെ ഈ വിവരണങ്ങളൊക്കെ ശരിയായിരുന്നുവെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ലായിരുന്നു. പോരാത്തതിന്, കുറച്ചപ്പുറം മൃതദേഹങ്ങളുടെ ഒരു കൂമ്പാരത്തില്‍ മരിച്ചപോലെ കിടപ്പുണ്ടായിരുന്ന, അവരുടെ 14 വയസുള്ള മരുമകന്‍ ജാവേദ് എല്ലാം കണ്ടായിരുന്നു. എട്ടു വര്‍ഷത്തിന് ശേഷം അവനതെല്ലാം കോടതിയില്‍ വിശദീകരിച്ചു.

അന്നുമുതല്‍ ഫിറോസ് ഭായ് എല്ലാ ദിവസവും സ്വപ്നത്തില്‍ കൗസര്‍ബീയോട് സംസാരിക്കുന്നുണ്ട്. ‘ഞങ്ങള്‍ രണ്ടുപേരും ഒരേ പോലെയിരുന്നു, ശരിക്കും ഒരേ പോലുള്ള മനുഷ്യര്‍’- ഫിറോസ് പറയുന്നു. അന്ന് മുതലെല്ലാ വര്‍ഷവും കൗസര്‍ബീയുടെ ഖബറ് ഫിറോസ് പൂകൊണ്ട് അലങ്കരിക്കും. ചുവന്ന റോസാ പൂക്കള്‍. വിവാഹത്തിന്റെ അന്ന് അവള്‍ ധരിച്ചിരുന്നത് അതിമനോഹരമായ ചുവന്ന സല്‍വാര്‍ കമ്മീസ് ആയിരുന്നു.

TAGS :

Next Story