Quantcast

12 മുതൽ 18 വയസുവരെ ഉള്ളവർക്ക് 'കോർബെവാക്‌സിൻ' നൽകാൻ വിദഗ്ധ സമിതി ശിപാർശ

ജൂൺ മുതൽ 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകിത്തുടങ്ങിയേക്കും

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-02-15 04:23:37.0

Published:

15 Feb 2022 4:03 AM GMT

12 മുതൽ 18 വയസുവരെ ഉള്ളവർക്ക് കോർബെവാക്‌സിൻ നൽകാൻ വിദഗ്ധ സമിതി ശിപാർശ
X

'ബയോളജിക്കൽ ഇ'യുടെ കോർബെവാക്‌സ് കോവിഡ് വാക്‌സിൻ 12 മുതൽ 18 വയസുവരെ ഉള്ളവരിൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വിദഗ്ധ സമിതി ശിപാർശ ചെയ്തു. ശിപാർശയിൽ ദി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അന്തിമ തീരുമാനമെടുക്കും. തദ്ദേശീയമായി വികസിപ്പിച്ച ആർബിഡി പ്രോട്ടീൻ സബ് യൂനിറ്റ് വാക്‌സിനായ കോർബൊവാക്‌സിൻ മുതിർന്നവരിൽ ഉപയോഗിക്കാൻ ഡിസംബർ 28ന് ഡിസിജിഐ അംഗീകാരം നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം ഉദ്ധരിച്ചാണ് വിദ്ഗധ സമിതി വാക്‌സിന് ശിപാർശ നൽകിയിരിക്കുന്നത്.

ഒന്നരക്കോടി കൗമാരക്കാർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. 15നും 18നും ഇടയിലുള്ളവർക്കാണ് ഇപ്പോൾ വാക്‌സിൻ നൽകുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് നൽകിത്തുടങ്ങിയിട്ടില്ല. 15നും 18നും ഇടയിലുള്ളവർക്ക് വാക്‌സിൻ നൽകിയ ശേഷം ഇവർക്കും വാക്‌സിൻ നൽകാൻ തുടങ്ങിയേക്കും. അതുകൊണ്ടാണ് കോർബൊ വാക്‌സിന് അംഗീകാരം നൽകാനുള്ള നടപടികൾ നടക്കുന്നത്. ജൂൺ മുതൽ 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകിത്തുടങ്ങിയേക്കും. നിലവിൽ 15 വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഒന്നും തീരുമാനിച്ചിട്ടില്ല.


കോർബെ വാക്‌സിന്റെ കഥ

അമേരിക്കയിലെ ടെക്സാസിലെ ചില ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ വാക്സിനാണ് 'കൊർബെവാക്സ്'( Corbevax ) . 'പീപ്പിൾസ് കോവിഡ് വാക്സിൻ' എന്ന സ്ഥാപനമാണ് വികസിപ്പിച്ചത്. കോവിഡ് 19 പകർച്ച വ്യാധിക്കെതിരെ പോരാടാൻ വികസ്വര രാജ്യങ്ങളേയും അവികസിത രാജ്യങ്ങളേയും സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ കോവിഡ് 19 തടയാനാകുമെന്നാണ് നിർമാതാക്കൾ വിശ്വസിക്കുന്നത്. ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലും ഹൂസ്റ്റണിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനും ചേർന്ന് 2021 അവസാനത്തോടെ വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ, ഓപ്പൺ ലൈസൻസോടെ ബയോളജിക്കൽ ഇ ലിമിറ്റഡ് എ്ന്ന സ്ഥാപനത്തിനാണ് ഇതിന്റെ ഉത്പാദനാവകാശം കൈമാറിയത്.

ലോകത്തിലെ വാക്സിനേഷൻ പൂർത്തിയാക്കുന്നതിനും പകർച്ചവ്യാധി തടയുന്നതിനുമുള്ള ആദ്യപടിയാണിതെന്നും പുതിയ സാങ്കേതികവിദ്യ, ആഗോള മാനുഷിക പ്രതിസന്ധി തടയാനുള്ള ഒരു മാർഗമാണെന്നും ബെയ്‌ലർ ആൻഡ് കോയിലെ നാഷണൽ സ്‌കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസറും ഡീനുമായ ഡോ. പീറ്റർ ഹോട്ടെസ്. - ഒരു പ്രസ്താവനയിൽ പറഞ്ഞു. ബിബിസി റിപ്പോർട്ട് അനുസരിച്ച്, ആഫ്രിക്കയിലെ ഏഴ് രാജ്യങ്ങൾ മാത്രമാണ് 40% വാക്സിനേഷൻ പൂർത്തിയാക്കിയത്. സെയ്ഷെൽസ് (79.50%), മൗറീഷ്യസ് (71.50%) തുടങ്ങിയ രാജ്യങ്ങൾ പ്രതിരോധ കുത്തിവയ്പ്പുകളുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, മാലി (1.90%), സൗത്ത് സുഡാൻ (1.40%), ഗിനിയ (1.10%), ചാഡ് (0.50%) കോംഗോ (0.10%) തുടങ്ങിയ രാജ്യങ്ങളിൽ കോവിഡിനെതിരെയുള്ള പ്രതിരോധ നടപടികൾ മന്ദഗതിയിലാണ്.

വലിയ തുക ഒടുക്കേണ്ടി വരില്ല; രാജ്യത്ത് ഏറ്റവും വിലക്കുറവുള്ള വാക്‌സിനായി കോർബെവാക്‌സ്

കോർബെവാക്‌സ് രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ വാക്‌സിനായിരിക്കുമെന്ന് റിപ്പോർട്ട്. രണ്ടു ഡോസിനും കൂടി 400 രൂപയാകും ചെലവ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സിറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് ഡോസ് ഒന്നിന് 300-400 രൂപയാണ് വില. സ്വകാര്യ ആശുപത്രികളില്‍ 600 രൂപ മുതലാണ് ഒരു ഡോസിന് ഈടാക്കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്‌സിന് 400 രൂപയും റഷ്യൻവാക്‌സിനായ സ്പുട്‌നികിന് 995 രൂപയുമാണ് ഒരു ഡോസിന്റെ ചെലവ്. ജിഎസ്ടി അടക്കം രണ്ടായിരം രൂപയാണ് രണ്ടു ഡോസ് സ്പുട്നിക് വാക്സിന്‍റെ ചെലവ്.

ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലുള്ള വാക്‌സിന്റെ 30 കോടി ഡോസ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം ബുക്കു ചെയ്തിരുന്നു. ഇതിനായി 1500 കോടി രൂപയാണ് സർക്കാർ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് നൽകിയിട്ടുള്ളത്. നൂറു കോടിയുടെ തിരിച്ചടവില്ലാത്ത വായ്പയും നൽകിയിരുന്നു. ഒന്നും രണ്ടും ഘട്ട ചികിൽസാ പരീക്ഷണങ്ങളിൽ മികച്ച ഫലങ്ങൾ കാണിച്ചതിന് ശേഷം ബയോളജിക്കൽ-ഇയുടെ കോവിഡ് വാക്സിൻ നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. വാക്സിൻ ഒരു ആർബിഡി പ്രോട്ടീൻ ഉപഘടക വാക്‌സിനാണ്. കോവിഡ് വാക്സിൻ സംംബന്ധിച്ച ദേശീയ വിദഗ്ധ സമിതി (എൻഇജിവിഎസി) മതിയായ പരിശോധനകൾക്കു ശേഷമാണ് ബയോളജിക്കൽ-ഇയുടെ നിർദ്ദേശം അംഗീകാരത്തിനായി കേന്ദ്ര ഗവൺമെന്റിനു ശുപാർശ ചെയ്യുകയും ചെയ്തത്.

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ബയോളജിക്കൽ ഇയുടേത്. ഭാരത് ബയോടെകിന്റെ കൊവാക്സിനാണ് ആദ്യത്തേത്. ആഗസ്റ്റ്-ഡിസംബർ മാസങ്ങൾക്കുള്ളിൽ ഡോസുകൾ ലഭ്യമാകും എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. കേന്ദ്രത്തിന്റെ ജൈവസാങ്കേതിക വിദ്യാവകുപ്പ് ബയോളജിക്കൽ ഇയുമായി പരീക്ഷണങ്ങളിൽ സഹകരിക്കുന്നുണ്ട്. ജോൺസൺ ആന്റ് ജോൺസണിന്റെ വാക്‌സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനും കമ്പനി കരാറിൽ എത്തിയിട്ടുണ്ട്. വർഷം 60 കോടി ഡോസാകും ഉത്പാദിപ്പിക്കുക. കേന്ദ്രസർക്കാറിന്റെ വാക്സിനേഷൻ നയത്തിനെതിരെ രാജ്യവ്യാപകമായി വിമർശം ഉയരുന്നതിനിടെയാണ് കൂടുതൽ ഡോസുകൾക്ക് സർക്കാർ മുൻകൂർ പണം നൽകുന്നത്. കഴിഞ്ഞ ദിവസം സുപ്രിംകോടതിയും വാക്സിൻ നയത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. തങ്ങൾ മൂകസാക്ഷിയായിരിക്കില്ല എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.


The Subject Expert Committee (SEC) recommends 'Corbevaccine' for 12- to 18-year-olds

TAGS :
Next Story