സംഭലിലെ കിണറിന്‍റെ കാര്യത്തിൽ തൽസ്ഥിതി തുടരണം: സുപ്രിംകോടതി
‘കിണര്‍ ക്ഷേത്രത്തിന്റേതെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ല’
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദ് പരിസരത്തെ കിണറിന്‍റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും പ്രദേശത്ത് ഐക്യം നിലനിർത്തണമെന്നും സുപ്രിംകോടതി. കിണര്‍ ക്ഷേത്രത്തിന്റേതെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ലെന്നും അനുമതിയില്ലാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും അധികൃതർക്ക് നിർദേശം നൽകി.
പള്ളിയിൽ സർവേക്ക് ഉത്തരവിട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഷാഹി ജുമാമസ്ജിദ് മാനേജ്‌മെൻറ് കമ്മിറ്റി ഹരജി നൽകിയത്. സർവേ അക്രമത്തിലേക്കും ജീവഹാനിയിലേക്കും നയിച്ചെന്നും സുപ്രിംകോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഹരജിക്കാർ വാദിച്ചു.
കിണറ്റിൽനിന്ന് പണ്ട് മുതലേ തങ്ങൾ വെള്ളമെടുക്കാറുണ്ടെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി പറഞ്ഞു. പള്ളിയെ ‘ഹരി മന്ദിർ’ എന്ന് പരാമർശിക്കുന്ന നോട്ടീസിലും അവിടെ മതപരമായ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയിലും അഹമ്മദി ആശങ്കകൾ ഉന്നയിച്ചു.
എന്നാൽ, അത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന വ്യക്തമാക്കി.
അതേസമയം, കിണർ പള്ളിയുടെ പരിധിക്ക് പുറത്താണെന്നും ചരിത്രപരമായി ആരാധനയ്ക്കായി ഉപയോഗിക്കുന്നതാണെന്നും ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. കിണർ ഭാഗികമായി മസ്ജിദ് പരിസരത്താണെന്ന് തെളിയിക്കുന്ന ഗൂഗിൾ മാപ്പ് ചിത്രവും അഹമ്മദി സമർപ്പിച്ചു.
സംഭൽ ഷാഹി മസ്ജിദുമായി ബന്ധപ്പട്ട് കീഴ്‌ക്കോടതിയുടെ എല്ലാ നടപടിക്രമങ്ങളും അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം സ്‌റ്റേ ചെയ്തിരുന്നു. സർവേ അടക്കമുള്ള നടപടികളാണ് ഫെബ്രുവരി 25 വരെ തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഹിന്ദു സംഘടനകളുടെ ഹരജിയിൽ 2024 നവംബർ 19ന് സംഭൽ സിവിൽ കോടതിയാണ് മസ്ജിദിൽ സർവേ നടത്താൻ ഉത്തരവിട്ടത്. മുഗൾ ഭരണകാലത്ത് നിർമിച്ച മസ്ജിദ് യഥാർഥത്തിൽ ഹരിഹർ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. സംഭൽ കോടതിയുടെ വിധി വന്ന് മണിക്കൂറുകൾക്കകം തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തിയിരുന്നു.
രമേശ് രാഘവയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷൻ നവംബർ 24ന് രണ്ടാംഘട്ട സർവേക്കായി മസ്ജിദിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. മസ്ജിദിനകത്ത് ഖനനം നടത്തുകയാണെന്ന് സംശയിച്ച് സംഘടിച്ചെത്തിയവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധിപേർക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞ 54 പേരെ അറസ്റ്റ് ചെയ്‌തെന്നും 91 പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ യുപി സർക്കാർ നിയോഗിച്ചിരുന്നു.
Adjust Story Font
16