തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണത്തിനെതിരായ ഹരജി സുപ്രിം കോടതി തള്ളി
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജി 2020 ഒക്ടോബർ 19 ന് കേരള ഹൈക്കോടതി തള്ളിയിരുന്നു
ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരായ ഹരജി തള്ളി സുപ്രിം കോടതി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും, എയർപോർട്ട് എംപ്ലോയീസ് യൂണിയനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ഒന്നര മണിക്കൂർ നീണ്ട വാദത്തിന് ശേഷമാണ് വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരായ ഹരജി സുപ്രീം കോടതി തള്ളിയത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജി 2020 ഒക്ടോബർ 19 ന് കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അതേ വർഷം നവംബർ 26ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആദ്യ അപ്പീൽ ഫയൽ ചെയ്തു. സ്റ്റാൻഡിങ് കോൺസൽ സി കെ ശശി ഫയൽ ചെയ്ത ഈ പ്രത്യേക അനുമതി ഹരജിക്ക് സുപ്രീം കോടതി രജിസ്ട്രി നവംബർ 26 ന് നമ്പർ അനുവദിച്ച് നൽകി. അതിന് ശേഷം നിരവധി തവണ ഹർജി കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നൽകിയിരുന്നു.
സംസ്ഥാന സർക്കാരിന്റെയും തൊഴിലാളി യൂണിയന്റെയും ഹർജികൾ സുപ്രീം കോടതിയിൽ നിലനിൽക്കേ 2021 ഒക്ടോബറിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. വിമാനത്താവള്ളത്തിലെ വികസന പ്രവർത്തനങ്ങൾക്കെല്ലാം മുൻകയ്യെടുത്തത് സംസ്ഥാന സർക്കാരായിരുന്നു. വിമാനത്താവളത്തിന് വേണ്ട ഭൂമി ഏറ്റടുത്തതും കേരള സർക്കാരാണ്. ഇതിൽ സർക്കാരിന് ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാര തുകയൊന്നും ലഭിച്ചിട്ടില്ല. കൂടാതെ അദാനി ഗ്രൂപ്പ് യൂസേഴ്‌സ് ഫീ 168 രൂപയാണ് പിരിക്കുന്നത്. നേരത്തെ ഇത് 135 രൂപയായിരുന്നു. വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്താൽ തൊഴിലാളികൾക്ക് വലിയ നഷ്ടമാണുണ്ടാകുമെന്ന് യൂണിയൻ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നേരത്തെ അറുപത് വയസ്സായിരുന്നു പെൻഷൻ പ്രായമെങ്കിൽ ഇപ്പോൾ അമ്പതാക്കി ചുരുക്കിയിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലംവിളിയിൽ സംസ്ഥാന സർക്കാരും പങ്കെടുത്തിരുന്നു. ലേലത്തിൽ വിജയിച്ചയാളെ എതിർക്കുന്നത് ശരിയല്ലെന്ന് പരാമർശിച്ച ശേഷമാണ് വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരായ ഹരജി സുപ്രിം കോടതി തള്ളിയത്.
Adjust Story Font
16