Quantcast

ബംഗ്ലാദേശിൽനിന്ന് കുടിയേറിയെന്നാരോപിച്ച് റദ്ദാക്കിയ പൗരത്വം പുനഃസ്ഥാപിച്ച് സുപ്രിംകോടതി

അസം സ്വദേശി മുഹമ്മദ് റഹീം അലിയുടെ പൗരത്വമാണ് 12 വര്‍ഷത്തിന് ശേഷം പുനഃസ്ഥാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-07-12 14:18:40.0

Published:

12 July 2024 2:16 PM GMT

Salary arrears of judicial officers: Supreme Court directs chief secretaries to appear in person,latest newsജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ശമ്പള കുടിശിക: ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ സുപ്രിംകോടതി നിര്‍ദേശം
X

ന്യൂഡൽഹി: ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കു​ടിയേറിയെന്നാരോപിച്ച് അസം സ്വദേശിയുടെ റദ്ദാക്കിയ പൗരത്വം 12 വര്‍ഷത്തിന് ശേഷം പുനഃസ്ഥാപിച്ച് സുപ്രിംകോടതി. മുഹമ്മദ് റഹീം അലി എന്നയാളുടെ പൗരത്വമാണ് പുനഃസ്ഥാപിച്ചത്. ഇദ്ദേഹത്തിനെതിരെ 2004ല്‍ പൊലീസ് ആരംഭിച്ച നടപടികൾ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ലാഹ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അസമിലെ ഫോറീനേഴ്സ് ട്രിബൂണലാണ് റഹീം അലി വിദേശിയാണെന്ന് മുദ്രകുത്തിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലിലാണ് സുപ്രിംകോടതി ബെഞ്ചിന്റെ വിധി.

1971 മാർച്ച് 25ന് ശേഷം ഇയാൾ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിയെന്നാണ് അസം അധികൃതർ പറയുന്നത്. എന്നാൽ, ഇതുസംബന്ധിച്ച യാതൊരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ല. ഇദ്ദേഹം ഇന്ത്യയിലേക്ക് അനധികൃതമായി കുടയേറിയെന്നത് ആരോപണം മാത്രമാണ്. ഇയാൾ ബംഗ്ലാദേശിൽനിന്ന് അസമിൽ എത്തിയെന്നതിന്റെ വിവരം എങ്ങനെ ലഭിച്ചെന്ന് പറയാൻ അധികൃതർ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.

അലി എവിടെനിന്നാണ് വന്നതെന്ന് ക​ണ്ടെത്തിയെന്നാണ് അധികൃതർ പറയുന്നത്. അങ്ങനെയാണെങ്കിൽ അതിനെ സാധൂകരിക്കുന്ന രേഖകൾ അവരുടെ കൈവശം വേണം. എന്നാൽ, ഇതിന്റെ വിവരമൊന്നും പരാതിക്കാരനോ ട്രിബൂണലിനോ അധികൃതർ നൽകിയിട്ടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

നേരത്തെ ഫോറീനേഴ്സ് ട്രിബ്യൂണലിന്റെ വിധി അലി ഗുവാഹത്തി ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നു. ട്രിബ്യൂണലിന്റെ തീരുമാനം ആദ്യഘട്ടത്തിൽ കോടതി സ്റ്റേ ചെയ്തെങ്കിലും 2015 നവംബറിൽ ഹരജി തള്ളി. തുടർന്ന് ഇദ്ദേഹം സുപ്രിംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

പൗരത്വം റദ്ദാക്കാനുള്ള സെക്ഷൻ ഒമ്പത് പ്രകാരം ഒരാളെ വീട്ടിൽ ചെന്ന് നിങ്ങൾ ഒരു വിദേശിയാണെന്ന് സംശയിക്കുന്നതായി പറയാൻ അധികൃതർക്ക് അധികാരമു​ണ്ടോയെന്ന് സുപ്രിംകോടതി ബെഞ്ച് ചോദിച്ചു. ഈ കേസിൽ സംശയത്തിനുള്ള തെളിവുകളൊന്നുമില്ല. അതിനാൽ തന്നെ ഇത്തരത്തിൽ സംസ്ഥാനത്തിന് പെരുമാറാനാകില്ലെന്നും ഈ പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

സംശയിക്കപ്പെടുന്ന വ്യക്തിക്കെതിരായ തെളിവുകളും വിവരങ്ങളും നൽകാൻ അധികൃതർക്ക് സാധിക്കണം. തെളിവുകളില്ലാതെ ഒരാൾക്കെതിരെ അധികൃതർ നടപടിയെടുക്കാൻ പാടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ആ വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുകയും ഗുരുതര പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും. ഇദ്ദേഹത്തെ വിദേശിയെന്ന് മുദ്രചാർത്തി അധികൃതർ ഗുരുതരമായ തെറ്റാണ് ചെയ്തിട്ടുള്ളത്. പ്രാരംഭ ഘട്ടത്തിലെ ഈ തെറ്റ് പിന്നീടുള്ള നടപടിക്രമങ്ങളെയും വലിയ പ്രഹരമേൽപ്പിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഹൈകോടതിയുടെയും ഫോറീനേഴ്സ് ട്രിബ്യൂണലിന്റെയും വിധികൾ സുപ്രിംകോടതി ബെഞ്ച് റദ്ദാക്കുകയും ചെയ്തു.

ഈ വിഷയം വീണ്ടും പരിഗണിക്കാനായി ട്രിബ്യൂണലിലേക്ക് മാറ്റാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. പരാതിക്കാരനെ വിദേശിയെന്നതിന് പകരം ഇന്ത്യക്കാരനായി പ്രഖ്യാപിക്കുകയാണെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഈ വിധിയുടെ പകർപ്പ് അസമിലെ എല്ലാ ഫോറീനേഴ്സ് ട്രിബ്യൂണലുകളിലും എത്തിക്കണമെന്നും കോടതി നിർദേശിച്ചു.

പരാതിക്കാരനായ മുഹമ്മദ് റഹീം അലിക്ക് വേണ്ടി അഭിഭാഷകരായ കൗഷിക് ചൗധരി, സക്ഷം ഗാർഖ്, പാർഥ് ദാവർ, ശാന്തനു ജയിൻ, ജ്യോതിർമയ് ചാറ്റർജി എന്നിവർ ഹാജരായി. അസം സർക്കാറിന് വേണ്ടി അഭിഭാഷകരായ ശുവോദീപ് റോയ്, സായ് ശശാങ്ക്, ദീപയാൻ ദത്ത എന്നിവരും ഹാജരായി.

TAGS :

Next Story