സസ്പെന്‍ഷനിലായ എം.പിമാര്‍ ഇന്നു പാര്‍ലമെന്‍റിനു മുന്നില്‍ സത്യാഗ്രഹമിരിക്കും
സസ്പെൻഷൻ പിൻവലിക്കാൻ മാപ്പ് പറയില്ലെന്ന നിലപാടിലാണ് എളമരം കരീമും ബിനോയ് വിശ്വവുമടക്കമുള്ള 12 രാജ്യസഭാ എം. പിമാരും
സസ്പെൻഷനിലായ എംപിമാർ ഇന്ന് പാർലമെന്‍റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹമിരിക്കും. സസ്പെൻഷൻ പിൻവലിക്കാൻ മാപ്പ് പറയില്ലെന്ന നിലപാടിലാണ് എളമരം കരീമും ബിനോയ് വിശ്വവുമടക്കമുള്ള 12 രാജ്യസഭാ എം.പിമാരും. ഇതോടെ സമവായ നീക്കങ്ങളും ഫലം കണ്ടില്ല. പെഗാസസ് ഫോണ്‍ ചോർത്തല്‍ പാർലമെന്‍റ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വർഷകാല സമ്മേളനത്തില്‍ സഭയില്‍ പ്രതിഷേധിച്ചതിനായിരുന്നു നടപടി.
ഇന്നലെയും എം.പിമാരുടെ സസ്പെന്‍ഷനെച്ചൊല്ലി ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മാപ്പ് പറഞ്ഞാൽ എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കാമെന്ന് കേന്ദ്രപാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നിർദേശം പ്രതിപക്ഷം രാവിലെ തന്നെ തള്ളി. രാജ്യസഭ ആരംഭിച്ചപ്പോൾ സസ്പെൻഷൻ വിഷയമാണ് മല്ലികാർജ്ജുന ഖാർഗെ അവതരിപ്പിച്ചത്. കഴിഞ്ഞ സഭയിലെ നടപടിയുടെ പേരിൽ ഈ സമ്മേളനത്തിൽ നടപടിയെടുക്കാനാവില്ലെന്നും ചട്ടവിരുദ്ധമാണ്. സസ്പെൻഡ് ചെയ്യും മുൻപ് സഭാനാഥൻ അംഗങ്ങളുടെ പേരെടുത്തു പറഞ്ഞില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
സസ്പെൻഷൻ പിൻവലിക്കാനാവില്ലെന്ന കടുത്ത നിലപാടാണ് വെങ്കയ്യ നായിഡു സ്വീകരിച്ചത്. സഭയിൽ മോശമായി പെരുമാറിയവർ ഇപ്പോൾ പഠിപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. പേപ്പർ എറിഞ്ഞെന്നും മോശമായി സഭയിൽ പെരുമാറിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ചെയര്‍മാനല്ല സഭയാണ് നടപടിയെടുത്തതെന്നു ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ, സഭ നിയന്ത്രിച്ചത് ഉപരാഷ്ട്രപതി ആണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ഇരുവിഭാഗവും സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. ഒടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
Adjust Story Font
16