Quantcast

ലഖിംപൂർ കൂട്ടക്കൊല; ബിജെപി മന്ത്രിയുടെ മകന്റെ ജാമ്യഹരജിയെ ശക്തമായി എതിർത്തെന്ന് യുപി സർക്കാർ

ഫെബ്രുവരി പത്തിനാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഇതുവരെ സർക്കാർ അപ്പീൽ ഹരജി നൽകിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    29 March 2022 10:20 AM GMT

ലഖിംപൂർ കൂട്ടക്കൊല; ബിജെപി മന്ത്രിയുടെ മകന്റെ ജാമ്യഹരജിയെ ശക്തമായി എതിർത്തെന്ന് യുപി സർക്കാർ
X

ലഖിംപൂർ ഖേരി കൂട്ടക്കൊലയിൽ അറസ്റ്റിലായ കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യഹരജിയെ ശക്തമായി എതിർത്തിരുന്നെന്ന് ഉത്തർപ്രദേശ് സർക്കാർ. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് ജാമ്യം നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ എതിർത്തിരുന്നെന്നാണ് യുപി സർക്കാർ സുപ്രിം കോടതിയെ അറിയിച്ചത്. ഇയാൾക്ക് വിഐപി പരിഗണന നൽകി ജാമ്യത്തിൽ വിട്ടെന്നും കേസിലെ ദൃക്‌സാക്ഷികൾക്ക് സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നും കർഷകർ സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് മാർച്ച് 16ന് ഉത്തർപ്രദേശ് സർക്കാറിന് സുപ്രിംകോടതി നോട്ടീസയക്കുകയായിരുന്നു. അതിന് ഇന്ന് നൽകിയ മറുപടിയിലാണ് ജാമ്യത്തെ ശക്തമായി എതിർത്തിരുന്നുവെന്ന് സർക്കാർ പറഞ്ഞത്. ജാമ്യ നൽകിയ ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് ബന്ധപ്പെട്ട അധികൃതരുടെ പരിഗണനയിലാണെന്നും അവർ കോടതിയെ അറിയിച്ചു. ഫെബ്രുവരി പത്തിനാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഇതുവരെ സർക്കാർ അപ്പീൽ ഹരജി നൽകിയിട്ടില്ല.


അലഹബാദ് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളാണ് കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യസാക്ഷി ആക്രമിക്കപ്പെട്ടതായി ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസിന് മുന്നിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സാക്ഷി അക്രമിക്കപ്പെട്ടിട്ടില്ലെന്നും ലഖിംപൂർ ഖേരിയിൽ നടന്ന അതിക്രമം ഹോളി ആഘോഷത്തെ തുടർന്നുണ്ടായ വ്യക്തി വിദ്വേഷം മൂലമാണെന്നും യുപി സർക്കാർ അവകാശപ്പെട്ടു. സാക്ഷികൾക്കും ഇരകളുടെ കുടുംബത്തിനും സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിർത്തി സുരക്ഷ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതോടെ സാക്ഷിയെയടക്കം 'നന്നായി പരിപാലിക്കുമെന്ന്' ആക്രമികൾ ഭീഷണിപ്പെടുത്തിയതായും കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യുപി സർക്കാർ വ്യക്തമാക്കിയത്. സുരക്ഷയിൽ സാക്ഷി സന്തുഷ്ടി പ്രകടിപ്പിച്ചതായും അവർ അവകാശപ്പെട്ടു.



ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമാ കോഹ്‌ലി എന്നിവരുടെ ബെഞ്ച് കർഷകരുടെ പരാതി നാളെയും പരിഗണിക്കും. ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചശേഷം സാക്ഷി ആക്രമിക്കപ്പെട്ടതിൽ കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മിശ്രയടക്കം 14 പേർക്കെതിരെ കേസന്വേഷിക്കുന്ന ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. ഒക്ടോബർ മൂന്നിന് കർഷക പ്രതിഷേധത്തിലേക്ക് ആശിഷ് മിശ്രയടക്കമുള്ളവർ വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ രണ്ട് ബി.ജെ.പി പ്രവർത്തകരടക്കം മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേർ ജയിലിലിലായിരുന്നു. വിരേന്ദ്ര കുമാർ ശുക്ലക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും ചാർത്തിയിരുന്നു.

The Uttar Pradesh government has strongly opposed the bail plea of ​​the son of a Union minister arrested in the Lakhimpur Kheri massacre.

TAGS :

Next Story