പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ പുരോഹിതന്റെ വീഡിയോ പങ്കുവെച്ചു; മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം
ആൾട്ട് ന്യൂസ് സഹസ്ഥാപകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറിനെ 2022ൽ മതവികാരം വൃണപ്പെടുത്തി എന്ന കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും സുപ്രിം കോടതി ഇടപെട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു
ഡൽഹി: രണ്ടുവർഷത്തിന് മുമ്പ് സുപ്രിം കോടതി ജാമ്യം അനുവദിക്കുകയും ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തതിന് പിന്നാലെ വീണ്ടും കോടതിയിലെത്തിയിരിക്കുകയാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകനും ഫാക്ട് ചെക്കറും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്നെന്നാരോപിച്ച് യുപി പൊലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്യാൻ നടപടിയെടുത്തതിന് പിന്നാലെയാണ് വീണ്ടും സുബൈർ കോടതിയെ സമീപിച്ചത്. പുതിയ കേസിൽ അലഹബാദ് കോടതി സുബൈറിന്റെ ഹരജി പരിഗണിക്കും. സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്, ഏഴ് വർഷം തടവോ ജീവപര്യന്തമോ കുറ്റം തെളിയിക്കപ്പെട്ടാൽ ലഭിച്ചേക്കാം. തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു, താൻ ചെയ്യുന്ന ജോലി കാരണം തന്നെ ലക്ഷ്യം വെക്കുകയാണ് എന്നാണ് മുഹമ്മദ് സുബൈർ പുതിയ കേസിൽ പ്രതികരിച്ചത്.
വിദ്വേഷ പരാമർശം നടത്തിയ ഹിന്ദു പുരോഹിതന്റെ വീഡിയോ സുബൈർ ഈയടുത്ത് തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഒക്ടോബർ മൂന്നിന് പങ്കുവെച്ച വീഡിയോയിൽ യതി നരസിംഹാനന്ദ് എന്ന പുരോഹിതൻ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. യുപിയിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ പുരോഹിതൻ തുടർച്ചയായി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയും മുസ്‌ലിങ്ങൾക്കെതിരെ ആക്രമണ ആഹ്വാനങ്ങൾ നടത്തിയും കുപ്രസിദ്ധിയാർജിച്ച ആളാണ്. 2022ൽ പുരോഹിതനെ ഇസ്‌ലാമിനെതിരെ ഭയം പ്രചരിപ്പിച്ചതിനും സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയതിനും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
'ബിജെപി സർക്കാരിനായി ഒറ്റയ്ക്ക് വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയാണ്' എന്ന അടിക്കുറിപ്പോടെ പുരോഹിതന്റെ പ്രവാചകനെതിരായ വീഡിയോ സുബൈർ പങ്കുവെച്ചത്. സുബൈർ വീഡിയോ പങ്കുവെച്ചതിന് ഒരു ദിവസത്തിന് ശേഷം ദസ്‌ന ദേവി ക്ഷേത്രത്തിന് പുറത്ത് ഇസ്‌ലാം വിശ്വാസികളുടെ പ്രതിഷേധം ആരങ്ങേറിയിരുന്നു. ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞു എന്ന പേരിൽ പത്ത് പേരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മുസ്‌ലിം സംഘടനകൾ പുരോഹിതനെതിരെ നിരവധി പരാതികൾ നൽകിയിരുന്നു. ഇതിനിടെ ഒളിവിലുള്ള പുരോഹിതനെ അറസ്റ്റ് ചെയ്‌തെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു.
ഇതിന് പിന്നാലെ സുബൈറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുരോഹിതന്റെ നിരവധി അനുയായികൾ പ്രദേശത്തെ പൊലീസ് സ്റ്റേഷൻ വളയുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ പുരോഹിതന് പിന്തുണയുമായി ബിജെപി നേതാവായ ഉദിത്യ ത്യാഗിയും രംഗത്തുവന്നു. ഇതോടെ സുബൈറിനെതിരെ കേസെടുക്കുകയായിരുന്നു.
തുടക്കത്തിൽ സുബൈറിനെതിരെ ഗുരുതരമല്ലാത്ത വകുപ്പുകളാണ് ചുമത്തിയിരുന്നത്. രണ്ട് മതങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു, അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു, തെറ്റായ തെളിവ് പ്രചരിപ്പിച്ചു എന്നിവയായിരുന്നു ആദ്യത്തെ വകുപ്പുകൾ. എന്നാൽ കഴിഞ്ഞയാഴ്ച ഭാരതീയ ന്യായ സംഹിതയുടെ 152ാം സെക്ഷൻ ഇതിലേക്ക് ചേർക്കുകയായിരുന്നു. ഇത് പ്രകാരം രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്നെന്ന് കേസാണ് സുബൈറിനെതിരെയുള്ളത്.
കേസ് പ്രകാരം സുബൈറിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരമുണ്ട് എന്നാൽ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈറിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചുകഴിഞ്ഞു. താൻ മാത്രമല്ല പുരോഹിതന്റെ വീഡിയോ പങ്കുവെച്ചത്. മറ്റ് ചാനലുകളും മാധ്യമപ്രവർത്തകരും ഇത് പങ്കുവെച്ചിട്ടുണ്ടെന്നും സുബൈർ സംഭവത്തിൽ പ്രതികരിച്ചു. തുടർച്ചയായി വിദ്വേഷ പ്രസംഗം നടത്തുന്ന ഒരാളുടെ അനുയായി നൽകിയ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെയല്ല അത് വാർത്തയാക്കുന്നവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവർ സ്വതന്ത്രമായി നടക്കുകയാണെന്നും സുബൈർ കൂട്ടിച്ചേർത്തു. ഗവൺമെന്റിനെതിരെ സംസാരിക്കുന്നവരുടെ കഴുത്തിന് പിടിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സുബൈറിന്റെ വാർത്തകൾക്ക് സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ളതിനാലാണ് സുബൈറിനെതിരെ നടപടി സ്വീകരിക്കുന്നതെന്നാണ് ആൾട്ട് ന്വൂസിന്റെ സഹ സ്ഥാപകനായ പ്രാഥിക് സിൻഹ പറഞ്ഞത്. വാർത്തയ്ക്ക് പകരം ദൂതനെ വെടിവെക്കുന്ന ഏർപ്പാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ആദ്യ കേസ് ചുമത്തിയതിന് രണ്ട് മാസങ്ങൾക്ക് ശേഷം ഇത്തരമൊരു ഗുരുതരമായ വകുപ്പ് ചുമത്തുന്നതെന്നും, നരസിംഹാനന്ദിന്റെ അനുയായികൾ മാത്രമല്ല ബിജെപി സർക്കാരും സുബൈറിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും സിൻഹ പറഞ്ഞു.
കൊളോണിൽ കാലത്തെ രാജ്യദ്രോഹ നിയമത്തിന്റെ പുതിയ പതിപ്പാണ് സെക്ഷൻ 152 എന്ന് സംഭവത്തിൽ വിമർശനവുമായി മാധ്യമപ്രവർത്തക സംഘടനകളും വിഷയത്തിൽ വിമർശനമുന്നയിച്ച് രംഗത്തുവന്നു. മനുഷ്യാവകാശ പ്രവർത്തകരുടെയും, ആക്ടിവിസ്റ്റുകളുടെയും, മാധ്യമപ്രവർത്തകരുടെയും സമൂഹത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുന്നവരുടെയും ആവിഷ്‌ക്കാര സ്വാതന്ത്രത്തെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഭരണകൂടം നിയമം ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ആംനെസ്റ്റ് ഇന്റർനാഷണൽ ഇന്ത്യ പ്രതികരിച്ചു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, ഡിജിറ്റൽ മീഡിയ ഓർഗനൈസേഷൻ സംഘടനയായ ഡിജിപബ്ബ് എന്നിവരും കേസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു.
1983 ൽ റിലീസായി ഹിന്ദി സിനിമയിലെ സ്‌ക്രീൻഷോട്ട് 2018ൽ ഷെയർ ചെയ്തതിന് 'മതവികാരം വ്രണപ്പെടുത്തുന്നു' എന്ന അവകാശപ്പെട്ട് 2022 ൽ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത് വരെ തടവിലായിരുന്ന കാലയളവിൽ ആറ് കേസുകളാണ് അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയത്.
Adjust Story Font
16