Quantcast

'യുക്രൈനിന് വേണ്ടി ശബ്ദമുയർത്തിയവർ ഫലസ്തീനിൽ മൗനം പാലിക്കുന്നു'; പാശ്ചാത്യ രാജ്യങ്ങൾക്ക് ഇരട്ടത്താപ്പെന്ന് ഫലസ്തീൻ അംബാസഡർ

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ വിചാരിച്ചാൽ സാധിക്കുമെന്നും അദ്‌നാൻ അബു മീഡിയവണിനോട് പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-10-15 02:53:38.0

Published:

15 Oct 2023 2:13 AM GMT

The west has double standards in Israel-palestine issue
X

ന്യൂഡൽഹി: ഇസ്രായേൽ യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ഇരട്ടത്താപ്പെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽഹൈജ്. യുക്രൈനിന് വേണ്ടി ശബ്ദമുയർത്തിയവർ ഫലസ്തീന്റെ കാര്യത്തിൽ മൗനം പാലിക്കുന്നുവെന്നും സംഘർഷത്തിൽ ലോകരാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണമെന്നും അദ്‌നാൻ അബു ആവശ്യപ്പെട്ടു. മീഡിയവണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"ഇസ്രായേൽ യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ഇരട്ടത്താപ്പാണെന്ന് വേണം കരുതാൻ. യുക്രൈനിന് വേണ്ടി ശബ്ദമുയർത്തിയവർ ഫലസ്തീനിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഫലസ്തീനിൽ നടക്കുന്ന മനുഷ്യക്കുരുതി അവർ കാണുന്നില്ല. അവർ ഇസ്രായേലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജനാധിപത്യ രാജ്യമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജ്യങ്ങളാണ് ഇത്തരം നിലപാടെടുക്കുന്നതെന്ന് ഓർമ വേണം. യുക്രൈനിനുള്ള പെട്രോളിയം വിതരണം റദ്ദാക്കിയത് കുറ്റകരം എന്നാണ് യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചത്. എന്നാൽ ഫലസ്തീൻ ഇതേ സാഹചര്യം നേരിടുമ്പോൾ സമാന നിലപാട് ഇല്ല. ഫലസ്തീന് മേൽ ഇസ്രായേലിന്റെ ഉപരോധം ആ ജനതയുടെ പട്ടിണി മരണത്തിലേക്ക് നയിക്കും.

യുദ്ധത്തിൽ ലോകരാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണം. യുദ്ധത്തെ അമേരിക്ക ഉൾപ്പടെയുള്ള ഡെമോക്രാറ്റിക് രാജ്യങ്ങൾ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഇത് മുതലെടുക്കുകയാണ് ഇസ്രായേൽ. കുഞ്ഞുങ്ങളെ കൊന്നും കെട്ടിടങ്ങൾ തകർത്തും മതിയാകാഞ്ഞ് ഇപ്പോൾ ദശലക്ഷക്കണക്കിന് മനുഷ്യരോട് പലായനം ചെയ്യാൻ ആവശ്യപ്പെടുകയാണവർ. യുദ്ധത്തിന് മുമ്പും ഗസ്സയിലെ ജീവിതം സുഖകരമായിരുന്നില്ല അവിടുത്തെ ജനങ്ങൾക്ക്. യുദ്ധം തുടങ്ങിയതോടെ ദുരിതവും വർധിച്ചു. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത് ഹമാസ് പ്രവർത്തകരല്ല, സാധാരണക്കാരായ പാവം ജനങ്ങളാണ്.

സാധാരണക്കാരായ ജനങ്ങളാണ് യുദ്ധത്തിൽ വലയുന്നത്. ഇസ്രായേൽ ഒരു മാനുഷിക പരിഗണനയും ജനങ്ങൾക്ക് നൽകുന്നില്ല. ഗസ്സയിലെ ജനങ്ങളെ മനുഷ്യമൃഗങ്ങൾ എന്ന് വിളിച്ച ഇസ്രായേൽ മന്ത്രി ജനാധിപത്യ സർക്കാരിന്റെയല്ല, ഫാസിസ്റ്റ് സർക്കാരിന്റെ ഭാഗമാണ്.

ജറുസലേം ആസ്ഥാനമായി ഒരു രാജ്യം രൂപീകരിക്കാൻ ഞങ്ങൾ അംഗീകരിച്ചതാണ്. നെതന്യാഹു അടക്കമുള്ളവരാണ് രണ്ട് രാജ്യമെന്ന കരാർ ഇല്ലാതാക്കിയത്. ക്രൂരത ഇല്ലാതാക്കി, ഫലസ്തീന് മാനുഷിക പരിഗണന ലഭ്യമാക്കാനും വെടിനിർത്തൽ നടപ്പിലാക്കാനും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന് മേൽ സമ്മർദം ചെലുത്തണം. അത്തരമൊരു ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഒരു പക്ഷേ ഈ യുദ്ധമായിരിക്കില്ല ലോകത്ത് അവസാനത്തേത്.

രണ്ട് രാജ്യങ്ങളുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ട്. ഫലസ്തീനെ സംബന്ധിച്ച് ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നെതന്യാഹുവുമായി സംസാരിക്കണം. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ വിചാരിച്ചാൽ സാധിക്കും. ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താനുള്ള ശേഷി ഇന്ത്യക്ക് ഉണ്ട്. ഇന്ത്യ അങ്ങനെ ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ". അദ്ദേഹം പറഞ്ഞു.

TAGS :

Next Story