Quantcast

'മാപ്പ് പറയാൻ കാരണങ്ങളില്ല, പാറ്റയെപ്പോലും കൊല്ലാത്തവരാണ് ഞങ്ങൾ': ഭീഷണികൾക്കിടെ സൽമാൻ ഖാന്റെ പിതാവ്‌

''ക്ഷമാപണം നടത്തുക എന്നാൽ കുറ്റം ചെയ്‌തെന്ന് സമ്മതിക്കലാണ്. സൽമാൻ ഖാൻ ഒരു മൃഗത്തേയും കൊന്നിട്ടില്ല. ഞങ്ങളൊരു പാറ്റയെപ്പോലും ഉപദ്രവിച്ചിട്ടില്ല''

MediaOne Logo

Web Desk

  • Published:

    19 Oct 2024 6:28 AM GMT

Salim Khan
X

മുംബൈ: മാപ്പ് പറയേണ്ട കാരണങ്ങളൊന്നും സല്‍മാന്‍ ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പിതാവും തിരക്കഥാകൃത്തുമായ സലിം ഖാൻ. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണികൾക്കിടെയാണ് സലിം ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ക്ഷമാപണം നടത്തുക എന്നാൽ കുറ്റം ചെയ്‌തെന്ന് സമ്മതിക്കലാണ്. സൽമാൻ ഖാൻ ഒരു മൃഗത്തേയും കൊന്നിട്ടില്ല. ഒരു പാറ്റയെപ്പോലും ഞങ്ങൾ ഉപദ്രവിച്ചിട്ടില്ല. അത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും എബിപി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സലിംഖാൻ വ്യക്തമാക്കുന്നു.

'ആരോടാണ് സൽമാൻ ഖാൻ മാപ്പുപറയേണ്ടത്, നിങ്ങളോട് എത്രപേർ മാപ്പ് പറഞ്ഞു, നിങ്ങളെത്ര മൃഗങ്ങളുടെ ജീവൻ സംരക്ഷിച്ചു'- സലിംഖാൻ ചോദിച്ചു. ബിഷ്‌ണോയ് സമുദായത്തോട് മാപ്പ് പറഞ്ഞാൽ സൽമാൻ ഖാനുമായുള്ള പ്രശ്‌നം തീരുമെന്ന് നേരത്തെ ബിഷ്‌ണോയ് സമുദായം വ്യക്തമാക്കിയിരുന്നു.

'സൽമാൻ ഖാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിരുന്നുവെങ്കിൽ നിങ്ങൾ അദ്ദേഹത്തെ കാണുമായിരുന്നോ, ഞങ്ങളൊരു തോക്ക് പോലും ഉപയോഗിച്ചിട്ടില്ല'- സലിംഖാൻ പറഞ്ഞു. കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന് പറയുന്ന സമയത്ത് സൽമാൻ ഖാൻ അവിടെയുണ്ടായിരുന്നില്ലെന്നും മൃഗങ്ങളെ സ്‌നേഹിക്കുന്നയാളാണ് അദ്ദേഹമെന്നും സലിം ഖാൻ വ്യക്തമാക്കി.

അതേസമയം രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകം, സൽമാൻ ഖാനമായി ബന്ധമുണ്ടായിരുന്നതിനാലാണെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. അത്തരം റിപ്പോർട്ടുകളിൽ കുടുംബം വിശ്വസിക്കുന്നില്ലെന്ന് സലിംഖാന്‍ പറഞ്ഞു. ഇനി ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് ഈ കൊലപാതകത്തിന് പിന്നിലെങ്കിൽ സ്വത്ത് തർക്കംപോലെ മറ്റെന്തെങ്കിലും കാരണംകൊണ്ടാകാമെന്നും അതിൽ സൽമാൻ ഖാനുമായി ബന്ധമൊന്നും ഇല്ലെന്നും സലിം ഖാൻ പറഞ്ഞു.

സൽമാൻ ഖാന്റെ യാത്രകൾ കടുത്ത നിരീക്ഷണത്തിലാക്കുന്നതിന്റെ വിഷമവും സലിം ഖാൻ പങ്കുവെച്ചു. ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാന്റെ വീടിന് ഏർപ്പെടുത്തിയിരുന്ന സുരക്ഷ വർധിപ്പിച്ചു. ലോറന്‍സ് ബിഷ്ണോയിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി സൽമാന്‍ ഖാൻ നേരെ പലവിധത്തിലുള്ള ഭീഷണികളുണ്ട്. ബാബ സിദ്ദീഖിയുടെ കൊലപാതകത്തോടെ ഭീഷണി സന്ദേശങ്ങൾ പൊലീസ് ഗൗരവമായാണ് കാണുന്നത്.

സൽമാൻ ഖാനുമായുള്ള ബന്ധമാണ് ബാബ സിദ്ദീഖിയുടെ ജീവൻ എടുക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റേതെന്ന് കരുതപ്പെടുന്നൊരു ഫേസ്ബുക്ക് കുറിപ്പിലായിരുന്നു ഇക്കാര്യം ഉണ്ടായിരുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ബാബ സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, ഫേസ്ബുക്ക് പോസ്റ്റ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബിഷ്ണോയ് സമുദായം വിശുദ്ധമായി കാണുന്ന കൃഷ്ണമൃഗത്തെ 1998ൽ ഒരു സിനിമാ ചിത്രീകരണത്തിനിടെ സൽമാൻ ഖാൻ വേട്ടയാടിയതാണ് ലോറൻസ് സംഘത്തിന്റെ പകയ്ക്കു കാരണം. മാപ്പ് പറഞ്ഞില്ലെങ്കിൽ നടനെ വധിക്കുമെന്ന് മുന്നറിയിപ്പു നൽകിയ ഇവരുടെ ഭീഷണിയുടെ നിഴലിലാണ് 2018 മുതൽ സൽമാൻ. കഴിഞ്ഞ ഏപ്രിൽ 14ന് സൽമാന്റെ വീടിനു നേരെ വെടിവെപ്പും നടന്നു. കേസിൽ ബിഷ്ണോയ് സംഘത്തിനെതിരെ കുറ്റപത്രം നൽകിയതിനു പിന്നാലെയാണ് ബാബാ സിദ്ദീഖി കൊല്ലപ്പെട്ടത്.

അതേസമയം അഞ്ച് കോടി നൽകിയാൽ ലോറന്‍സ് ബിഷ്‌ണോയിക്ക് സല്‍മാന്‍ ഖാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ കൊല്ലപ്പെട്ട ബാബ സിദ്ദീഖിയുടേതിനേക്കാള്‍ മോശം അവസ്ഥയാകും താരത്തിനുണ്ടാകുക എന്നുമാണ് ഏറ്റവും ഒടുവില്‍ വന്ന ഭീഷണി.

TAGS :

Next Story