ഓൺലൈൻ വാർത്തകൾക്ക് മേൽ പിടിമുറുക്കാനുള്ള ചട്ട ഭേദഗതി നിർദേശത്തിനെതിരെ പ്രതിഷേധം ശക്തം
സർക്കാർ ഏജൻസികൾ വ്യാജവാർത്തകളെന്ന് കണ്ടെത്തുന്നവ ഓൺലൈൻ മാധ്യമങ്ങൾ പിൻവലിക്കണമെന്നാണ് ചട്ടഭേദഗതിക്കുള്ള കരട് നിർദേശത്തിലുള്ളത്
പ്രതീകാത്മക ചിത്രം
ഡല്‍ഹി: ഓൺലൈൻ വാർത്തകൾക്ക് മേൽ പിടിമുറുക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ചട്ട ഭേദഗതി നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാനുള്ള ചട്ടത്തിന്‍റെ കരടിനൊപ്പമാണ് ഐടി ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചിട്ടുള്ളത്. സർക്കാർ ഏജൻസികൾ വ്യാജവാർത്തകളെന്ന് കണ്ടെത്തുന്നവ ഓൺലൈൻ മാധ്യമങ്ങൾ പിൻവലിക്കണമെന്നാണ് ചട്ടഭേദഗതിക്കുള്ള കരട് നിർദേശത്തിലുള്ളത്.
നിലവിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. അവരുൾപ്പടെ കേന്ദ്രം നിയോഗിക്കുന്ന ഏത് ഏജൻസിയും വ്യാജവാർത്തകളെന്ന് കണ്ടെത്തുന്നവ ഒരു ഓൺലൈൻ മാധ്യമവും പ്രസിദ്ധീകരിക്കരുതെന്നാണ് നിർദേശം. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾക്കും ഇത് ബാധകമാണ്. ഈ കരട് നിർദേശം ചട്ടമായി മാറിയാൽ സർക്കാർ താൽപര്യത്തിന് വിരുദ്ധമായ ഏത് വാർത്തയും വ്യാജവാർത്തയായി വ്യാഖ്യാനിക്കപ്പെടാം. നീക്കം മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാരിന്‍റെ മറ്റൊരു ഗൂഢാലോചന മാത്രമാണെന്ന് ദ ന്യൂസ് മിനിറ്റ് കോ ഫൗണ്ടർ ധന്യ രാജേന്ദ്രൻ പറഞ്ഞു.
അപകടകരമാണെന്ന് ഇന്‍റര്‍നെറ്റ് ഫ്രീഡം പോളിസി ഡയറക്ടർ പ്രതീക് വാഗ്രെ പറഞ്ഞു. 2019 ലാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്കിങ് വിഭാഗം തുടങ്ങിയത്. അവർ വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകൾ എന്തു കൊണ്ട് വ്യാജമാണെന്ന വിശദീകരണം നൽകാറുമില്ല. മാത്രമല്ല, പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗം തന്നെ തെറ്റായ വിവരങ്ങൾ ട്വീറ്റ് ചെയ്യുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
Adjust Story Font
16