Quantcast

ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി പട്ടാപ്പകല്‍ 60 അടി നീളമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചു

മോഷ്ടാക്കൾ ബുൾഡോസറുകളുടെയും ഗ്യാസ് കട്ടറിന്‍റെയും സഹായത്തോടെ പാലം മുഴുവൻ വെട്ടി പിഴുതെടുത്ത് വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    9 April 2022 6:27 AM GMT

ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി പട്ടാപ്പകല്‍ 60 അടി നീളമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചു
X

ബിഹാര്‍: ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ മോഷ്ടാക്കള്‍ പട്ടാപ്പകല്‍ 60 അടി നീളവും 500 ടണ്‍ ഭാരവുമുള്ള ഇരുമ്പു പാലം മോഷ്ടിച്ചു. ബിഹാര്‍, റോഹ്താസ് ജില്ലയിലെ നസ്രിഗഞ്ച്, അമിയവാറിലാണ് സംഭവം. മോഷ്ടാക്കൾ ബുൾഡോസറുകളുടെയും ഗ്യാസ് കട്ടറിന്‍റെയും സഹായത്തോടെ പാലം മുഴുവൻ വെട്ടി പിഴുതെടുത്ത് വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

1972ലാണ് അറ കനാലിന് കുറുകെയാണ് പാലം നിര്‍മിച്ചത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് നടിച്ച മോഷ്ടാക്കൾ പ്രാദേശിക വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിരുന്നു. തുടര്‍ന്ന് പകല്‍വെളിച്ചത്തില്‍ പാലം മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പാലം കടത്താനുള്ള എല്ലാ വിധ സജ്ജീകരണങ്ങളോടെയുമാണ് കള്ളന്‍മാര്‍ എത്തിയത്. പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന ഈ ഇരുമ്പുപാലം ജനങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജീര്‍ണാവസ്ഥയിലുള്ള പാലം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അപേക്ഷ നൽകിയിരുന്നു.

പാലം മോഷണം പോയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി നാട്ടുകാര്‍ക്കും പ്രാദേശിക വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മനസിലായത്. സംഭവത്തില്‍ പരാതി നൽകിയിട്ടുണ്ടെന്ന് ജലസേചന വകുപ്പ് ജൂനിയർ എഞ്ചിനീയർ അർഷാദ് കമൽ ഷംസി പറഞ്ഞു.

TAGS :

Next Story