ബിഹാറില്‍ തീവണ്ടി എഞ്ചിന്‍ കഷണങ്ങളാക്കി തുരങ്കം വഴി കടത്തി
ഘട്ടംഘട്ടമായാണ് ഇതു കടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി
പാറ്റ്ന: ബിഹാറിലെ ബെഗുസരായ് മേഖലയിലെ റെയിൽവേ യാർഡിൽ നിന്ന് ഡീസല്‍ എഞ്ചിന്‍ പല കഷണങ്ങളാക്കി മോഷ്ടാക്കള്‍ കടത്തി. തുരങ്കം വഴിയാണ് മോഷണം നടത്തിയത്. അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച എഞ്ചിനാണ് കടത്തിക്കൊണ്ടുപോയത്. ഘട്ടംഘട്ടമായാണ് ഇതു കടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. എഞ്ചിന്‍റെ ഭാഗങ്ങൾ പിന്നീട് മുസഫർപുരിലെ പ്രഭാത് നഗർ ഭാഗത്തു നിന്ന് പൊലീസ് കണ്ടെത്തി.
''കഴിഞ്ഞ ആഴ്ച ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഡീസല്‍ എഞ്ചിന്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ബറൗനി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു'' (ആർപിഎഫ്) മുസാഫർപൂർ സ്റ്റേഷന്‍ ഇൻസ്പെക്ടർ പി.എസ് ദുബെയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. യാര്‍ഡിലേക്ക് മോഷ്ടാക്കള്‍ തന്നെയാണ് തുരങ്കം നിർമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്തപ്പോൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുസാഫർപൂർ ജില്ലയിലെ പ്രഭാത് നഗർ മേഖലയിലെ ഒരു ആക്രി ഗോഡൗണിൽ നടത്തിയ തിരച്ചിലിൽ 13 ചാക്ക് നിറയെ എഞ്ചിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മോഷ്ടാക്കള്‍ ബോൾട്ട് ചെയ്യാത്ത സ്റ്റീൽ പാലങ്ങളിൽ നിന്നുള്ള വസ്തുക്കളും മോഷ്ടിക്കാറുണ്ട്. സമസ്തിപൂർ ലോക്കോ ഡീസൽ ഷെഡിൽ ജോലി ചെയ്യുന്ന റെയിൽവേ എഞ്ചിനീയർ കഴിഞ്ഞ വർഷം പൂർണിയ കോടതിയുടെ മൈതാനത്ത് സൂക്ഷിച്ചിരുന്ന ഒരു പുരാതന ആവി എഞ്ചിൻ വിറ്റഴിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. മറ്റ് റെയിൽവേ ഉദ്യോഗസ്ഥരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും ഒത്തുചേർന്ന്, സമസ്തിപൂർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയറുടെ വ്യാജ കത്ത് ഉപയോഗിച്ചാണ് വില്‍പന നടത്തിയത്.
Adjust Story Font
16