Quantcast

'കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്നത് മൂന്നാംകിട സ്ത്രീകൾ'; വിവാദപരാമർശവുമായി മഹാരാഷ്ട്ര എംഎൽഎ

പരാമർശങ്ങൾ സ്ത്രീകളെയും കർഷക സമൂഹത്തെയും അവഹേളിക്കുന്നതും അനാദരിക്കുന്നതുമാണെന്നും വിവിധ നേതാക്കൾ ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Published:

    3 Oct 2024 6:25 AM GMT

third-rate women marry farmers sons Maharashtra MLA remark sparks row
X

മുംബൈ: സ്ത്രീകളെയും കർഷകരുടെ മക്കളേയും കുറിച്ച് വിവാദ പരാമർശവുമായി മഹാരാഷ്ട്ര എംഎൽഎ ദേവേന്ദ്ര ഭുയാർ. സ്ത്രീകളെ വിവിധ തട്ടുകളായി തരംതിരിച്ച് അവർ കല്യാണം കഴിക്കുന്നത് ഏതൊക്കെ വിഭാ​ഗം പുരുഷന്മാരെയാണ് എന്ന് അവകാശപ്പെട്ടായിരുന്നു വരുദ്- മോർഷിയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎയും ഉപമുഖ്യമന്ത്രി അജിത് പവാറിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഭുയാറിന്റെ വിവാദ പരാമർശങ്ങൾ.

കർഷകൻ്റെ മക്കൾ തങ്ങൾ ആ​ഗ്രഹിക്കുന്ന വിധത്തിലുള്ള വധുവിനെ കണ്ടെത്താൻ പാടുപെടുകയാണെന്നും കാരണം മികച്ച സ്ത്രീകൾ സ്ഥിര ജോലിയുള്ള പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നതെന്നും എംഎൽഎ പറഞ്ഞു. അമരാവതിയിൽ നടന്ന പൊതുയോ​ഗത്തിലായിരുന്നു സ്ത്രീകളെ വിവിധ തട്ടുകളാക്കി തിരിച്ചുള്ള ഭുയാറിന്റെ പരാമർശം.

'ഒരു സ്ത്രീ സുന്ദരി ആണെങ്കിൽ അവൾ നിങ്ങളെയോ എന്നെപ്പോലെയോ ഉള്ള ഒരാളെ തിരഞ്ഞെടുക്കില്ല, പകരം, ജോലിയുള്ള പുരുഷനെയാണ് ഇഷ്ടപ്പെടുന്നത്. രണ്ടാംകിട സ്ത്രീകൾ കടയുടമകളെയോ ചെറുകിട ബിസിനസ് നടത്തുന്നവരെയോ വിവാഹം കഴിക്കുന്ന പ്രവണതയാണ് കാണുന്നത്. എന്നാൽ, മൂന്നാംകിട സ്ത്രീകൾ കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്നു. അത്തരം വിവാഹങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പലപ്പോഴും ദുർബലമായ സ്വഭാവ സവിശേഷതകൾ പാരമ്പര്യമായി ലഭിക്കുന്നുണ്ട്'- ഭുയാർ പറഞ്ഞു.

ഭുയാറിന്റെ പ്രസ്താവന വിവാദമാവുകയും വിമർശനം ശക്തമാവുകയും ചെയ്തു. പരാമർശങ്ങൾ സ്ത്രീകളെയും കർഷക സമൂഹത്തെയും അവഹേളിക്കുന്നതും അനാദരിക്കുന്നതുമാണെന്നും വിവിധ നേതാക്കൾ ചൂണ്ടിക്കാട്ടി. എംഎൽഎയ്ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

'സ്ത്രീകളെ ഇത്തരത്തിൽ തരംതിരിക്കുന്നത് ആരും വച്ചുപൊറുപ്പിക്കില്ല. അജിത് പവാറും അധികാരത്തിലുള്ളവരും അവരുടെ എംഎൽഎമാരെ നിയന്ത്രിക്കണം. സമൂഹം നിങ്ങളെ പാഠം പഠിപ്പിക്കും'- കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര വനിതാ ശിശുവികസന മന്ത്രിയുമായ യശോമതി താക്കൂർ പറഞ്ഞു. വിമർശനത്തിൽ ഭുയാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story