Quantcast

ഒഡീഷയില്‍ വീണ്ടും റഷ്യൻ പൗരൻ മരിച്ചു; രണ്ടാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

കപ്പലിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    3 Jan 2023 4:03 PM GMT

ഒഡീഷയില്‍ വീണ്ടും റഷ്യൻ പൗരൻ മരിച്ചു; രണ്ടാഴ്ചക്കിടെ മൂന്നാമത്തെ സംഭവം
X

ഒഡീഷയിൽ വീണ്ടും റഷ്യൻ പൗരൻ മരിച്ചനിലയില്‍. മില്യാക്കോവ് സെര്‍ജി എന്ന റഷ്യൻ പൗരനെയാണ് കപ്പലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജഗത്സിംഗ്‍പൂര്‍ ജില്ലയിലെ പരാദിപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചക്കിടെ ഒഡീഷയില്‍ മരിക്കുന്ന മൂന്നാമത്തെ റഷ്യൻ പൗരനാണ് ഇദ്ദേഹം.

എംബി അൽദ്ന എന്ന കപ്പലിലെ ചീഫ് എഞ്ചിനീയറായിരുന്നു 51കാരനായ സെര്‍ജി. ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് നിന്ന് പരാദിപ് വഴി മുംബൈയിലേക്ക് പോവുകയായിരുന്നു കപ്പല്‍. ഇന്ന് പുലർച്ചെ 4.30ഓടെയാണ് സെര്‍ജിയെ കപ്പലിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ രണ്ട് റഷ്യൻ പൗരൻമാരെ ഒഡീഷയിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എംപിയും വ്യവസായിയുമായ പവേൽ ആന്‍റോവ്, സുഹൃത്ത് ബുഡനോവ് എന്നിവരാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് താഴെ വീണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് പവേലിനെ കണ്ടത്. ഡിസംബര്‍ 24നായിരുന്നു സംഭവം. പവേലിന്‍റെ സുഹൃത്തായ ബുഡനോവിനെ ഡിസംബര്‍ 22നാണ് ഹോട്ടലില്‍ ബോധരഹിതനായി കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബുഡനോവിന്‍റെ മരണത്തിനു പിന്നാലെ പവേൽ ദു:ഖിതനായിരുന്നുവെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസിന്‍റെ നിഗമനം. നാല് പേരടങ്ങുന്ന സംഘമാണ് പവേലിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ ഇന്ത്യയിലെത്തിയത്.

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ വിമര്‍ശകനായിരുന്നു പവേല്‍. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ വിമർശിച്ചുകൊണ്ട് പവേല്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. റഷ്യയുടെ മിസൈൽ അക്രമണങ്ങളെ ഭീകരവാദം എന്നാണ് അദ്ദേഹം പോസ്റ്റിൽ വിശേഷിപ്പിച്ചത്. പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. അക്കൗണ്ട് മറ്റാരോ ഉപയോഗിച്ചതാണെന്നായിരുന്നു വിശദീകരണം.

TAGS :

Next Story