Quantcast

'ഉദയനിധി പറഞ്ഞത് സംഘ്പരിവാർ അജണ്ടയ്ക്കെതിരെ, ഹിന്ദുക്കൾക്കെതിരല്ല'; പിന്തുണച്ച് തോൾ തിരുമാളവൻ

സനാതന ധർമം എന്നത് പകർച്ചവ്യാധിയാണ്. പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യാതെ രാജ്യത്ത് ജനങ്ങൾക്കിടയിൽ തുല്യതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-09-03 14:51:07.0

Published:

3 Sep 2023 2:50 PM GMT

thol thirumalavan supports udhayanidhi stalin over statement against sanatana dharma
X

ചെന്നൈ: സനാതനധർമത്തെ വിമർശിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് വിടുതലൈ ചിരുതൈഗൾ കച്ഛി നേതാവ് തോൾ തിരുമാവളവൻ. ഉദയനിധിയുടെ പരാമർശങ്ങൾ ഹിന്ദു വിഭാഗത്തിനെതിരല്ലെന്നും മറിച്ച് സംഘ്പരിവാർ അജണ്ടയ്ക്ക് എതിരെയാണെന്നും അദ്ദേഹം പറ‍ഞ്ഞു. അവരുടെ അജണ്ട ഹിന്ദുത്വമാണന്നും തോൾ തിരുമാവളവൻ ചൂണ്ടിക്കാട്ടി.

ഹിന്ദു ധർമം, അഥവാ സനാതന ധർമം എന്നത് പകർച്ചവ്യാധിയാണ്. പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യാതെ രാജ്യത്ത് ജനങ്ങൾക്കിടയിൽ തുല്യതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധി സ്റ്റാലിൻ മുന്നോട്ടുവച്ചത് പെരിയാറിന്‍റേയും ഡോ. ബി.ആർ അംബേദ്കറിന്‍റേയും പ്രത്യയശാസ്ത്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സനാതന ധർമവും ഹിന്ദു ധർമവും ഒരുതരം പകർച്ചവ്യാധിയാണെന്നാണ് ഡോ. അംബേദ്കർ പറഞ്ഞിട്ടുള്ളത്. രാജ്യത്തിന്‍റെ നല്ല ഭാവിക്കായി ഇവയെ പൂർണമായും ഇല്ലാതാക്കിയേ പറ്റൂ. എങ്കിൽ മാത്രമേ രാജ്യത്തെ ജനങ്ങൾക്കിടയിൽ ഐക്യവും ഒത്തൊരുമയും ക്രമസമാധാനവും ഉണ്ടാകൂ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് പെരിയാറിന്‍റേയും അംബേദ്കറിന്‍റേയും പ്രത്യയശാസ്ത്രങ്ങളാണ്, ഒത്തൊരുമയുടേയും ഐക്യത്തിന്‍റേയും പ്രത്യയശാസ്ത്രമാണ്'.

'ഈ പരാമർശങ്ങൾ ഹിന്ദു വിഭാഗത്തിനെതിരല്ല. മറിച്ച് സംഘ്പരിവാർ അജണ്ടയ്ക്ക് എതിരെയാണ്. അവരുടെ അജണ്ട മറ്റൊന്നുമല്ല ഹിന്ദുത്വമാണ്. ആർഎസ്എസിന്‍റേയും ബിജെപിയുടേയും രാഷ്ട്രീയ അജണ്ടയായ ഹിന്ദുത്വത്തിനെതിരെയാണ് ഞങ്ങൾ'- തോൾ തിരുമാവളവൻ വിശദമാക്കി.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതനധർമത്തിനെതിരായ പരാമർശം നടത്തിയത്. സനാതന ധർമം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഇത് ഉൻമൂലനം ചെയ്യപ്പെടേണ്ടതാണെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം.

'എതിർക്കാനല്ലാതെ പൂർണമായും നിർമാർജനം ചെയ്യപ്പെടേണ്ട ചില കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കൊതുക്, മലേറിയ, കൊറോണ, ഡെങ്കി തുടങ്ങിയവയെ നമുക്ക് എതിർക്കാൻ സാധിക്കില്ല. അവയെ പൂർണമായും ഇല്ലാതാക്കുക തന്നെ വേണം. സനാതനവും അത്തരത്തിലൊന്നാണ്. എതിർക്കുന്നതിനല്ല സനാതനം നിർമാർജനം ചെയ്യുന്നതിനായിരിക്കണം നമ്മുടെ പ്രഥമ പരിഗണന'- എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ.

പരാമർശത്തിൽ ഉദയനിധിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സുപ്രിംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തത്. മതനിന്ദ ചൂണ്ടിക്കാട്ടിയാണ് പരാതി. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു.

എന്നാൽ, തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. അതേസമയം, തമിഴ്നാട് മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി പ്രതിഷേധം ശക്തമാക്കി. വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി സ്റ്റാലിൻ നടത്തിയതെന്ന് ബിജെപി ആരോപിച്ചു.




TAGS :

Next Story