തൂത്തുക്കുടി വെടിവെപ്പ് ജനാധിപത്യത്തിനു മേലുള്ള മുറിപ്പാടെന്ന് മദ്രാസ് ഹൈക്കോടതി
തൂത്തുക്കുടി വെടിവെപ്പ് മറവിക്ക് വിട്ടുകൊടുക്കരുതെന്നും കോടതി പറഞ്ഞു.
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പ് നിര്‍മാണ പ്ലാന്റിനെതിരെ സമരം നടത്തിയവരെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസ് നടപടി ജനാധിപത്യത്തിനു മേല്‍ സംഭവിച്ച മുറിപ്പാടാണെന്ന് മദ്രാസ് ഹൈക്കോടതി. തൂത്തുക്കുടി വെടിവെപ്പ് മറവിക്ക് വിട്ടുകൊടുക്കരുതെന്നും കോടതി പറഞ്ഞു.
2018 മെയ് 22നായിരുന്നു കുപ്രസിദ്ധമായ തൂത്തുക്കുടി വെടിവെപ്പ് നടക്കുന്നത്. വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കമ്പനി, പ്രദേശത്ത് വായു - ജല മലിനീകരണത്തിന് കാരണമാകുന്നുവെന്ന് പരാതിപ്പെട്ട നാട്ടുകാര്‍ പ്ലാന്റിനെതിരെ സമരം നടത്തിവരികയായിരുന്നു. പ്രതിഷേധത്തിന്റെ നൂറാം ദിവസം ഒത്തുകൂടിയ സമരക്കാര്‍ക്കു നേരെയാണ് പൊലീസ് വെടിവെപ്പുണ്ടായത്.
വെടിവെക്കാനുള്ള സാഹചര്യമെന്തായിരുന്നു എന്നും അതിന് പ്രേരിപ്പിച്ചതെന്തായിരുന്നുവെന്നും അറിയണമെന്ന് കോടതി പറഞ്ഞു. സമരം നിയമപ്രകാരമല്ലാ എങ്കില്‍പോലും, ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന് ജനങ്ങളെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കുന്നത് എന്താണെന്നും ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയും ജസ്റ്റിസ് ടി.എസ് ശിവഗ്നാനവുമടങ്ങിയ ബെഞ്ച് ചോദിച്ചു.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു വേണ്ടി ജനങ്ങളെ വെടിവെക്കാന്‍ പൊലീസ് സംവിധാനം ഉപയോഗിക്കപ്പെടുന്നു എന്ന സന്ദേശം നല്‍കാന്‍ തൂത്തുകൊടി വെടിവെപ്പ് കാരണമാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
2018 മെയ് 22നാണ് തൂത്തുക്കുടി വെടിവെപ്പ് നടക്കുന്നത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 ല്‍ 12 പേര്‍ക്കും തലയിലും നെഞ്ചിലും വെടിയേറ്റെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 102 പേര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. രണ്ടു പേര്‍ മരിച്ചത് തലയ്ക്ക് വെടിയേറ്റായിരുന്നു. കൊല്ലപ്പെട്ടവരില്‍ പ്രായം കുറഞ്ഞ 17 വയസുകാരന് സ്നോളിന് തലയ്ക്കു പിന്നില്‍ നിന്നും വെടിയേറ്റ് വായില്‍ നിന്നും വെടിയുണ്ട പുറത്തെത്തിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
Adjust Story Font
16