സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്തത്, വെറുതെവിടില്ല: പ്രധാനമന്ത്രി
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മോദി സർക്കാർ ചെയ്ത കാര്യങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷം ആരും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാപ്പർഹിക്കാത്ത കുറ്റകൃത്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകവും ബഡ്‌ലാപൂർ സ്‌കൂളിലെ ലൈംഗികാതിക്രമവും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമർശം. സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവിൽ 'ലഖ്പതി ദീദി' പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്ത്രീകളുടെ സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും ചുമതലയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമങ്ങൾ കൂടുതൽ കർശനമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭാരതീയ ന്യായ സംഹിത കൊണ്ടുവന്നത്. സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ അവർക്ക് പൊലീസ് സ്റ്റേഷനിൽ പോകേണ്ട ആവശ്യമില്ല. ഇ-എഫ്.ഐ.ആർ ഫയൽ ചെയ്യാൻ സാധിക്കും. അതിൽ ആർക്കും ഇടപെടാനോ കൃത്രിമം നടത്താനോ കഴിയില്ലെന്നും മോദി പറഞ്ഞു.
ഏഴ് പതിറ്റാണ്ടുകൊണ്ട് മുൻ സർക്കാറുകൾ ചെയ്യാത്ത കാര്യങ്ങളാണ് 10 വർഷം കൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കുമായി മോദി സർക്കാർ ചെയ്തത്. രാജ്യത്തിന്റെ പെൺമക്കൾക്കും സഹോദരിമാർക്കുമായി മോദി സർക്കാർ ചെയ്ത കാര്യങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷം ഒരു സർക്കാറും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
Adjust Story Font
16