ജെപി യൂനിവാഴ്‌സിറ്റി സിലബസിൽ നിന്ന് ജയപ്രകാശ് നാരായണന്റെ പാഠഭാഗം ഒഴിവാക്കി
പ്രതിഷേധവുമായി നിതീഷ് കുമാറും ലാലുപ്രസാദ് യാദവും
പാറ്റ്‌ന: ബിഹാറിലെ ജയപ്രകാശ് നാരായണന്റെ പേരിലുള്ള യൂനിവാഴ്‌സിറ്റിയുടെ എംഎ പൊളിറ്റിക്കൽ സയൻസ് സിലബസിൽനിന്ന് അദ്ദേഹത്തെ കുറിച്ചും റാം മനോഹർ ലോഹ്യയെ കുറിച്ചുമുള്ള പാഠങ്ങൾ ഒഴിവാക്കി. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയെ പറ്റിയുള്ള ഭാഗം ഉൾപ്പെടുത്തി.
സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യാദവും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും കടുത്ത പ്രതികരണവുമായി രംഗത്തെത്തി.
പുതിയ അക്കാദമിക വർഷത്തിന്റെ ഭാഗമായി വരുത്തിയ മാറ്റങ്ങൾ അനാവശ്യവും അനുചിതവുമാണെന്നും ഉടൻ തിരുത്തണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ നിതീഷ് കുമാറിനെ ഉദ്ധരിച്ച് പറഞ്ഞു.
സിലബസിൽ മാറ്റം വരുത്തുന്നതിന് മുമ്പ് വകുപ്പുമായി ചർച്ച ചെയ്യണമെന്ന് സംസ്ഥാനത്തെ ഇതര യൂനിവാഴ്‌സിറ്റികളോട് നിർദേശിച്ചു. പൊതുജന താൽപര്യത്തിന് വിരുദ്ധമായ മാറ്റങ്ങൾ അനുവദിക്കില്ലെന്നും പാരമ്പര്യം പരിഗണിക്കപ്പെട്ടില്ലെന്നും ഭാവിയിൽ ഇത് ആവർത്തിക്കരുതെന്നും ജയപ്രകാശ് നാരായണന്റെ കടുത്ത പിൻഗാമിയായ നിതീഷ് പറഞ്ഞു.
ആർഎസ്എസ് മനോഭാവവും അവർ പിന്തുണക്കുന്ന ബിഹാർ സർക്കാറുമാണ് മഹാന്മാരായ സോഷ്യലിസ്റ്റ് നേതാക്കളുടെ ചിന്തകൾ നീക്കം ചെയ്തതെന്നും സർക്കാർ ഉടൻ ഇടപെടണമെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ജയപ്രകാശ് നാരായണന്റെ ചിന്തകൾ പിന്തുടരുന്ന ലാലു മുഖ്യമന്ത്രിയായിരിക്കെയാണ് ജെപി യൂനിവാഴ്‌സിറ്റി സ്ഥാപിച്ചത്.
ഛപ്രയിൽ സ്ഥിതി ചെയ്യുന്ന യൂനിവാഴ്‌സിറ്റിയുടെ വിസിയെയും മറ്റു ഉദ്യോഗസ്ഥരെയും പാറ്റ്‌നയിലേക്ക് വിളിപ്പിക്കുകയും സംഭവത്തിൽ വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.
സിലബസ് മാറ്റം വിവാദമായതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറച്ചു സീറ്റ് മാത്രം നേടി സർക്കാറിൽ ന്യൂനപക്ഷമായ ജെഡിയു സമ്മർദ്ദത്തിലാണ്.
കഴിഞ്ഞ ഗവർണറായ ലാൽജി ഠണ്ഡനാണ് സിലബസ് അംഗീകരിച്ചതെന്ന് വൈസ് ചാൻസ്‌ലർ ഫാറൂഖ് അലി പറഞ്ഞു.
മുൻ ബിജെപി എംഎൽഎയും ഇപ്പോഴത്തെ ഗവർണറുമായ പാഗു ചൗഹാനാണ് യൂനിവാഴ്‌സിറ്റി ചാൻസലർ. ഇദ്ദേഹവുമായി സംഭവത്തെ കുറിച്ച് സംസാരിച്ചതായും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായും മാനവവിഭവ ശേഷി മന്ത്രി ജെഡിയുവിന്റെ വിജയ്കുമാർ ചൗധരി അറിയിച്ചു.
Adjust Story Font
16