Quantcast

ഡൽഹി കോർപ്പറേഷൻ കുടിയിറക്കിവിട്ട ആയിരങ്ങൾ അന്തിയുറങ്ങുന്നത് തലസ്ഥാന നഗരിയുടെ തെരുവിൽ

ജീവിത സമ്പാദ്യം മുഴുവനും ഒരൊറ്റ പകലിൽ ഡൽഹി കോർപ്പറേഷൻ്റെ മുഖം മിനുക്കൽ യജ്ഞത്തിൽ മണ്ണായി പോകുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടി വന്നവരാണ് ഇവർ.

MediaOne Logo

Web Desk

  • Published:

    9 Jan 2024 9:38 AM GMT

Thousands evicted by the Delhi Corporation sleeping on the streets of the capital city
X

ന്യൂഡൽഹി: നിയമങ്ങൾ കാറ്റിൽ പറത്തി ഡൽഹി കോർപ്പറേഷൻ കുടിയിറക്കിവിട്ട ആയിരങ്ങൾ അന്തിയുറങ്ങുന്നത് തലസ്ഥാന നഗരിയുടെ തെരുവിൽ. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ അധികൃതർ പൊലീസ് കാവലിൽ പൊളിച്ചുനീക്കിയ കുടുംബങ്ങളിലെ ആളുകളാണ് കൊടുംതണുപ്പും വെയിലുമേറ്റ് തെരുവിൽ കഴിയുന്നത്.

500 വീടുകളാണ് ഇവിടെ അധികാരികൾ പൊളിച്ചു നീക്കിയത്. അധികൃതർ പൊളിച്ചുനീക്കിയ കൂരയുടെ ഭാ​ഗങ്ങൾ കത്തിച്ചാണ് ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ ശവകുടീരത്തിന് സമീപം അവർ ഈ തണുപ്പിൽ തീ കായുന്നത്. യന്ത്രക്കൈ മാന്തിയെടുത്ത സ്വപ്നത്തിൽ നിന്നും അക്ഷരങ്ങൾ ചികയുന്ന കുഞ്ഞിക്കൈകളെ അവിടെ കാണാം.

അഭയം തന്ന വീട് നാമാവശേഷമായിട്ടും വീടുകളുടെ സ്ഥാനത്ത് അന്തിയുറങ്ങുന്ന സാധു ജീവനുകൾ. കൂരയുടെ കല്ല് മിനുക്കിയാൽ കിട്ടുന്ന തുട്ടിൽ ഉപജീവനം കാണുന്നവർ. ഈ കല്ലുകളിലെ സിമൻ്റ് നീക്കം ചെയ്ത് കൊടുത്താൽ പ്രതിഫലമായി രണ്ട് രൂപ കിട്ടും. ഇതാണ് നിസാമുദ്ദീന് സമീപത്തെ ഇപ്പോഴത്തെ കാഴ്ചകൾ.

ജീവിത സമ്പാദ്യം മുഴുവനും ഒരൊറ്റ പകലിൽ ഡൽഹി കോർപ്പറേഷൻ്റെ മുഖം മിനുക്കൽ യജ്ഞത്തിൽ മണ്ണായി പോകുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടി വന്നവരാണ് ഇവർ. രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം കൊണ്ടെത്തിച്ചത് കനത്ത പൊലീസ് കാവലിൽ നടന്ന കുടിയോഴിപ്പിക്കൽ നടപടിയിലേക്കാണ്.

2000 പേരാണ് കൊടും തണുപ്പിൽ വഴിയാധാരമായത്. അതിശൈത്യകാലത്ത് കുടിയൊഴിപ്പിക്കരുതെന്ന സുപ്രിംകോടതി ഉത്തരവ് കാറ്റിൽ പറത്തി ഒന്നര ഏക്കർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചെന്ന് ഡൽഹി മേയർ ഷെല്ലി ഒബ്രോയി വാർത്താസമ്മേളനം നടത്തിയ അഭിമാനത്തോടെ അവകാശപ്പെട്ടത് കഴിഞ്ഞ മാസം 21ന് ആയിരുന്നു. പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും സ്ത്രീകളേയും കൂട്ടി അന്തിയുറങ്ങാൻ ഒരിടം തേടി അലയുകയായിരുന്നു ആ സമയം ഇവിടുത്തെ മനുഷ്യർ.

2006ന് മുൻപ് ഇവിടെ വീടുകൾ ഉണ്ടായിരുന്നില്ല എന്നാണ് ഡൽഹി കോർപ്പറേഷന്റെ വാദം. സർക്കാർ രേഖകളിലെ ഇല്ലാത്ത മണ്ണിൽ ജനിക്കാത്ത മനുഷ്യർക്ക് പതിറ്റാണ്ടുകൾ മുൻപ് രേഖകൾ സർക്കാർ നൽകിയത് എങ്ങനെ എന്ന മറുചോദ്യം ഡ്രൈവറായ അൽത്താഫിനുണ്ട്. രോഗ ബാധിതനായ ഭർത്താവിനൊപ്പം ബന്ധുവീടുകളിൽ അഭയം തേടിയ സിതാര ബീഗവും നിത്യ രോഗിയാണ്. ഇവരെ പോലെ സർക്കാർ കണക്കുകളിൽ കാണാൻ കഴിയാത്ത ആയിരങ്ങളും ഈ മഞ്ഞുകാലത്ത് അശരണരായി ഡൽഹിയുടെ തെരുവിൽ അഭയം തേടിയിട്ടുണ്ട്.

ഞങ്ങൾ ഏറെ വർഷമായി ഇവിടെ താമസിക്കുന്നു, എന്തിന് കുടിയൊഴിപ്പിച്ചു എന്ന് അറിയില്ലെന്ന് കുടിയിറക്കപ്പെട്ടവരിൽ ഒരാളായ സിംല ദേവി പറയുന്നു. 'പൊലീസ് വന്ന് വീട് ഒഴിയാൻ പറഞ്ഞ് ഭയപ്പെടുത്തി. കൈയിൽ കിട്ടിയ സാധനങ്ങളുമായി ഇവിടെ നിന്നും ഞങ്ങൾ ഭയം മൂലം മാറി. സോഫ, കട്ടിൽ അങ്ങനെ ഉള്ളവ എല്ലാം പോയി. ആരാണ് ഇത്രയും സാധനങ്ങൾ സൂക്ഷിക്കാൻ വീടുകളിൽ അനുവദിക്കുക. ചില ദിവസങ്ങളിൽ ബന്ധുവീടുകളിൽ പോകും. ചിലപ്പോൾ ഇവിടെ താമസിക്കും. കുട്ടികൾക്ക് സ്കൂളുകളിൽ പോകാൻ പോലും പറ്റുന്നില്ല. മറ്റുള്ളവരുടെ വീടുകളിൽ നിന്ന് സ്കൂളിലേക്കും ജോലിക്കും പോകാൻ കഴിയില്ല. ആരാണ് സമയത്തിന് വരാത്തവർക്ക് ജോലി നൽകുക. ശരി തെറ്റുകൾ ഒന്നും അറിയില്ല. ഒരു കുടിലെങ്കിലും സർക്കാർ ഞങ്ങൾക്ക് അനുവദിച്ച തരണം'- സിംല ദേവി അഭ്യർഥിക്കുന്നു.

അധികൃതർ ഒഴിപ്പിക്കാനെത്തിയപ്പോൾ പൊലീസ് എസ്പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെന്നും സമയം നൽകണമായിരുന്നെന്നും അൽത്താഫ് പറയുന്നു. ഒരു ദിവസം കൊണ്ട് എങ്ങനെ മാറും. 2000 രൂപ വാടകയ്ക്ക് ആണ് താമസിക്കുന്നത്. കണ്ടാൽ നിങ്ങൾക്ക് വിഷമം തോന്നും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിക്ക് പോകുന്നില്ല. ആധാർ കാർഡ്, ലൈസൻസ് എല്ലാത്തിലും ഇവിടുത്തെ മേൽവിലാസം ആണ് ഉള്ളത്. എൻ്റെ മകൻ 19 വർഷം ജീവിച്ചത് ഇവിടെ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


TAGS :

Next Story