Quantcast

'സുഹൃത്തുക്കളെയും കുടുംബത്തെയും ഉപദ്രവിച്ചാൽ കാലില്ലാതെ മടങ്ങേണ്ടി വരും'; ഹരിയാനയില്‍ യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ രാജസ്ഥാൻ പൊലീസിന് ഭീഷണി

പ്രതിയെ അന്വേഷിച്ചെത്തിയ രാജസ്ഥാൻ പൊലീസിനെതിരെ ഹരിയാന പൊലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-02-22 02:10:05.0

Published:

22 Feb 2023 2:02 AM GMT

Haryana youth burning case,  police,Haryana murder,jamaat-e-islami ,haryana murder,haryana,bhiwani double murder,bhiwani murder case,haryana murder case,junaid nasir murder case, jamaat-e-islami
X

ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ബജ്രങ്ദൾ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാനയിൽ നടന്ന ഹിന്ദുമഹാപഞ്ചായത്തിൽ രാജസ്ഥാൻ പൊലീസിന് ഭീഷണി. രാജസ്ഥാൻ പൊലീസ് ഞങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും ഉപദ്രവിച്ചാൽ പിന്നെ കാലില്ലാതെ മടങ്ങേണ്ടി വരുമെന്ന് ഗൗ രക്ഷാദൽ നേതാവ് നീലം ഭീഷണി മുഴക്കി. ബജ്രങ്ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതേ സമയം ഒളിവിൽ കഴിയുന്ന ബജ്രങ്ദൾ നേതാവ് മോനു മനേസിർ ഉൾപ്പെടെ 12 പേർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇരകളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ബന്ധുക്കളെ സന്ദർശിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

കൂടാതെ പ്രതിയെ അന്വേഷിച്ചെത്തിയ രാജസ്ഥാൻ പൊലീസിനെതിരെ ഹരിയാന പൊലീസ് കേസെടുത്തു. പ്രതികളിലൊരാളായ ശ്രീകാന്ത് പണ്ഡിറ്റിന്റെ മാതാവിന്റെ പരാതിയിലാണ് രാജസ്ഥാൻ പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ നുഹ് ജില്ലയിലെ നാജിന പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. മകനെ പിടികൂടാനെത്തിയ പൊലീസ് ഗർഭിണിയായ മരുമകളെ ആക്രമിക്കുകയും ഗർഭസ്ഥശിശു മരണപ്പെട്ടതായും ദുലാരി ദേവി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം രാജസ്ഥാൻ പൊലീസ് മേധാവി തള്ളിയിരുന്നു.

രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്. ബജ്റംഗദൾ പ്രവർത്തകരായ പശു സംരക്ഷക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം. മർദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്.

TAGS :

Next Story