Quantcast

കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ വെടിവെച്ചുകൊന്ന കേസിൽ മൂന്ന് ഇന്ത്യക്കാർ പിടിയിൽ

പ്രതികൾക്ക് ഇന്ത്യൻ സർക്കാറുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നെന്ന് പൊലീസ്

MediaOne Logo

Web Desk

  • Published:

    4 May 2024 1:05 AM GMT

Hardeep Singh Nijjar,Canada police,Canada Arrests Suspects In Khalistani Terrorist Nijjars Killing,Nijjar killing case,കാനഡ പൊലീസ്,ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാര്‍,നിജ്ജാറിന്‍റെ കൊലപാതകം
X

ന്യൂഡല്‍ഹി: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊന്ന കേസിൽ മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി കാനഡ. പ്രതികൾ ഏറെ കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും ഇവർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും കനേഡിയൻ പൊലീസ് അറിയിച്ചു. ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഘത്തിലെ കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെ അറസ്റ്റു ചെയ്തതായി കനേഡിയൻ പൊലീസ് വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്.

നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവർ അറസ്റ്റിലായതായി പൊലീസ് ഉദ്യോഗസ്ഥൻ മൻദീപ് മൂക്കർ മാധ്യമങ്ങളോട് പറഞ്ഞു. കാനഡയിൽ നടന്ന മറ്റു മൂന്ന് കൊലപാതകങ്ങൾക്ക് പ്രതികളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച ആൽബർട്ടയിലെ എഡ്മണ്ടൻ നഗരത്തിൽ വെച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം ജൂൺ 18 നാണ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജറിന്റെ തലയ്ക്ക് ഇന്ത്യ 10 ലക്ഷം വിലയിട്ടിരുന്നു. യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് നിജ്ജാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു സെപ്റ്റംബർ 18ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനെ തുടർന്ന് വഷളായിരുന്നു.


TAGS :

Next Story