മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിഷ്ണുപൂരിൽ 3 പേർ കൊല്ലപ്പെട്ടു
ബിഷ്ണുപൂരിലെ ക്വാക്ത മേഖലയിലാണ് സംഘർഷമുണ്ടായത്
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മെയ്‌തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ക്വാക്ത മേഖലയിലാണ് സംഘർഷമുണ്ടായത്. നിരവധി കുകി വിഭാഗക്കാരുടെ വീടുകൾ അഗ്നിക്കിരയായതായാണ് വിവരം.
പ്രദേശത്ത് കുകി വിഭാഗക്കാരും സുരക്ഷാ സേനയും തമ്മിൽ വെടിവെയ്പ്പ് തുടരുകയാണ്. സൈന്യത്തിന്റെ ആയുധപ്പുരകൾ കവർന്ന് ആയുധങ്ങളെടുത്താണ് 500ഓളം വരുന്ന സംഘം അക്രമങ്ങൾക്ക് തുടക്കമിട്ടത്. വഴിവക്കിലും ദേശീയപാതയിലുമുൾപ്പടെ കുകി-മെയ്‌തെയ് വിഭാഗം സംഘർഷം നടത്തുകയാണ്. ആയുധങ്ങൾ തിരിച്ചു നൽകണമെന്ന് സൈന്യവും പൊലീസും നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് ഇരുവിഭാഗങ്ങളും തയ്യാറായില്ല.
നിലവിൽ മെയ്‌തെയ് വിഭാഗത്തിന്‌റെ കൈവശമാണ് ആയുധങ്ങൾ കൂടുതലുള്ളതെന്നാണ് നിഗമനം. ഇന്ന് രാവിലെ വരെ മരണസംഖ്യ ഒന്ന് ആണെന്നാണ് വിവരം ലഭിച്ചിരുന്നതെങ്കിലും പിന്നീട് 3 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം മണിപ്പൂരിൽ ആഗസ്റ്റ് 21 മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ. മെയിൽ കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് സഭാ സമ്മേളനം നടക്കുന്നത്. മാർച്ചിലാണ് ഇതിന് മുമ്പ് സഭാ സമ്മേളനം നടന്നത്.
കലാപത്തിന്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യമുന്നയിക്കുകയും അഞ്ച് കോൺഗ്രസ് എം.എൽ.എമാർ ഗവർണർക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
Adjust Story Font
16