ജയിലിലെ കേക്ക് നിർമാണം; അമിതമായി എസൻസ് കുടിച്ച മൂന്ന് തടവുകാർ മരിച്ചു
മാദേശ, നാഗരാജ, രമേഷ് എന്നിവരാണ് മരിച്ചത്
മൈസൂരു: ജയിലിലെ കേക്ക് നിർമാണത്തിനിടെ അമിതമായി എസൻസ് കുടിച്ച മൂന്ന് തടവുകാർ മരിച്ചു. മൈസൂരു സെൻട്രൽ ജയിലിലെ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഗുണ്ടൽ പേട്ട് സ്വദേശി മാദേശ (36), കൊല്ലഗൽ സ്വദേശി നാഗരാജ (32), സകലേഷ്പൂർ സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്.
മൈസൂരു സെൻട്രൽ ജയിലിലെ ബേക്കറിയിൽ ക്രിസ്തുമസിന് ലഭിച്ച ബൾക്ക് ഓർഡർ തയ്യാറാക്കുന്നതിനായി വാങ്ങിയ എസൻസാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവർ കുടിച്ചത്. ഡിസംബർ 26ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട ഇവരെ ജയിൽ ആശുപത്രിയിൽ ചികിത്സിക്കുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കേക്ക് എസൻസ് കഴിച്ച വിവരം ഇവർ ആരോടും പറഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് ആശുപത്രിയിൽ കാണാനെത്തിയ കുടുംബാംഗങ്ങളോടാണ് ഇവർ കേക്ക് എസൻസ് അമിത അളവിൽ കഴിച്ച കാര്യം വിശദമാക്കിയത്. ഇതിന് പിന്നാലെ ചികിത്സയിൽ മാറ്റം വരുത്തിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച മദേശയും ചൊവ്വാഴ്ച നാഗരാജയും ബുധനാഴ്ച രമേശും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൊലപാതക കേസുകളിലായി ജീവപര്യന്തം ശിക്ഷ ലഭിച്ച കുറ്റവാളികളാണ് മാദേശയും നാഗരാജയും. അതേസമയം പീഡനക്കേസിൽ 10 വർഷത്തെ തടവ് ശിക്ഷയാണ് രമേഷിന് ലഭിച്ചിരുന്നത്.
Adjust Story Font
16