ട്രെയിനിൽ കടത്തിയ നാല് കോടിയുമായി ബി.ജെ.പി പ്രവർത്തകനടക്കം മൂന്നുപേർ പിടിയിൽ
തിരുനെൽവേലിയിലെ ബി.ജെ.പി സ്ഥാനാർഥിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വ്യാപക പരിശോധന
ചെന്നൈ: തമിഴ്നാട് ഫ്ലൈയിംഗ് സ്ക്വാഡ് നെല്ലായി എക്സ്പ്രസിൽനിന്ന് നാല് കോടി രൂപയുമായി മൂന്നുപേരെ പിടികൂടി. ശനിയാഴ്ച രാത്രി താംബരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പിടിയിലായ ഒരാൾ ബി.ജെ.പി പ്രവർത്തകനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അഗാരം സ്വദേശി എസ്. സതീഷ് (33), സഹോദരൻ എസ്. നവീൻ (31), തൂത്തുകുടി സ്വദേശി എസ്. പെരുമാൾ (26) എന്നിവരാണ് പിടിയിലായത്. എഗ്മോറിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താംബരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്ലയിംഗ് സ്ക്വാഡും പൊലീസും ചേർന്ന് രാത്രി 9 മണിയോടെ പരിശോധന നടത്തുകയായിരുന്നു.
സെക്കൻഡ് ക്ലാസ് എ.സി കോച്ചിലായിരുന്നു പ്രതികൾ ഇരുന്നിരുന്നത്. എട്ട് ബാഗുകളിലായിട്ടായിരുന്നു പണം. 500 രൂപയുടെ നോട്ടുകളായിട്ടാണ് ബാഗിലുണ്ടായിരുന്നത്. പ്രതികൾ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോവുകയായിരുന്നു.
മൂന്നുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ആദായ നികുതി വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുനെൽവേലിയിലെ ബി.ജെ.പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രനുമായി ബന്ധപ്പെട്ട സ്ഥലങ്ങളായ കിൽപ്പോക്ക്, ട്രിപ്ലിക്കെയ്ൻ, സാലിഗ്രാമം എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി.
എഗ്മോർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഇവിടങ്ങളിലായിരുന്നു പണം സൂക്ഷിച്ചിരുന്നതെന്നാണ് സൂചന. പണത്തിന്റെ ഉറവിടം കണ്ടെത്താനും തിരുനെൽവേലി ലോക്‌സഭാ മണ്ഡലത്തിൽ വിതരണം ചെയ്യാനാണോ പണം സ്വരൂപിച്ചതെന്നുമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Adjust Story Font
16