ഒഡീഷയില്‍ കൂട്ടിയിടിച്ചത് മൂന്ന് ട്രെയിനുകൾ; അപകടത്തിൽ നടുങ്ങി രാജ്യം
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ കൂടുന്നു. അമ്പതിലേറെ പേർ മരിച്ചതായും അപകടത്തിൽപെട്ടവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപെട്ടത്.
കോറമണ്ഡൽ എക്‌സ്പ്രസ് ആദ്യം ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയ ബോഗികൾ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ- ഹൗറ ട്രെയിനും ഇടിച്ചുകയറി. കോറമണ്ഡൽ എക്‌സ്പ്രസിന്റെ15 ബോഗികളാണ് പാളം തെറ്റിയത്. ബാലസോർ ബഹനാഗ റെയിൽവേ സ്‌റ്റേഷന് സമീപമായിരുന്നു അപകടം. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുല്‍ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങി നിരവധിപേർ ദുഃഖം രേഖപ്പെടുത്തി.
'ഒഡീഷ ട്രെയിൻ അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയുംപെട്ടന്ന് സുഖം പ്രാപിക്കട്ടെ. റെയിൽവേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നുണ്ട്'- പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു
'ഒഡീഷയിലെ ബാലസോറിൽ കോറമണ്ഡൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത് ദാരുണമായ ഒരു വാർത്തയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാം സഹായവും നൽകാൻ കോൺഗ്രസ് നേതാക്കളോട് അഭ്യർഥിക്കുന്നു'- രാഹുല്‍ഗാന്ധി കൂട്ടിച്ചേർത്തു.
ആവശ്യമായ എല്ലാ സഹായങ്ങളും തമിഴ്നാടിന്‍റെ ഭാഗത്തുനിന്നും നല്‍കുമെന്ന് എംകെ സ്റ്റാലിനും അറിയിച്ചു.
പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ പുറപ്പെട്ടത്. നാളെ വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയിൽ എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു.
Adjust Story Font
16