വന്ദേഭാരതിനും രക്ഷയില്ല; കോച്ചുകള്‍ കയ്യടക്കി ടിക്കറ്റില്ലാത്ത യാത്രക്കാര്‍, റിസര്‍വ് ചെയ്തവര്‍ക്ക് സീറ്റില്ല
ഒന്നനങ്ങാന്‍ പോലും കഴിയാനാകാതെ ആളുകള്‍ തിക്കിത്തിരക്കി നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്
ലഖ്‍നൗ: തിങ്ങിനിറഞ്ഞ ട്രയിനുകള്‍ രാജ്യത്തെ പതിവ് കാഴ്ചയാണ്. അതുപോലെ ടിക്കറ്റെടുക്കാതെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നതും സ്ഥിരം സംഭവമാണ്. റിസര്‍വേഷന്‍ കോച്ചുകള്‍ പോലും ടിക്കറ്റില്ലാത്ത യാത്രക്കാര്‍ കയ്യടക്കിയത് ഈയിടെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പ്രീമിയം ട്രെയിന്‍ എന്നറിയപ്പെടുന്ന വന്ദേഭാരതിലും രക്ഷയില്ലാത്ത അവസ്ഥയാണ്. ടിക്കറ്റില്ലാത്ത യാത്രക്കാര്‍ വന്ദേഭാരതില്‍ നുഴഞ്ഞുകയറി യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലഖ്നൗ ജംഗ്ഷനും ഡെറാഡൂണിനും ഇടയില്‍ ഓടുന്ന വന്ദേഭാരത് എക്സ്പ്രസില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
ഒന്നനങ്ങാന്‍ പോലും കഴിയാനാകാതെ ആളുകള്‍ തിക്കിത്തിരക്കി നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. റെയിൽവേ യാത്രക്കാരുടെ ഔദ്യോഗിക അക്കൗണ്ടായ റെയില്‍വെ സേവ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും റെയില്‍വെ സേവ വ്യക്തമാക്കി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. നിരവധി ഉപയോക്താക്കൾ പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ ചിലർ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മെട്രോയുടെ ടിക്കറ്റിംഗ്, വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.
''ആദ്യം വന്ദേഭാരത് ട്രെയിനില്‍ പ്രത്യേക റെയില്‍വെ പൊലീസിനെ നിയോഗിക്കണം. പിന്നെന്തിനാണ് ആയിരങ്ങള്‍ ടിക്കറ്റിന് ഈടാക്കുന്നത്. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന കൂടുതല്‍ ട്രെയിനുകള്‍ വേണം'' നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. ''അശ്വിനി വൈഷ്ണവ് ഈ കെടുകാര്യസ്ഥത മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് സാധാരണമായിരിക്കുകയാണ്. ഇപ്പോൾ അത് വന്ദേ ഭാരത് എക്സ്പ്രസ് പോലെയുള്ള പ്രീമിയം ട്രെയിനിൽ എത്തിയിരിക്കുന്നു'' മറ്റൊരാള്‍ കുറിച്ചു.
എന്നാല്‍ ഇത് പഴയ വീഡിയോയാണെന്ന് നോര്‍ത്തേണ്‍ റെയില്‍വെ പ്രതികരിച്ചു.'' ചില കർഷകർ അതിക്രമിച്ച് ട്രെയിനിൽ കയറുകയും പിന്നീട് അവരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൻ്റെ പഴയ വീഡിയോയാണിത്'' റെയില്‍വെ അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു.
This is an old video of an incident which occurred when some farmers forcibly boarded the train, but they were later deboarded.
— Northern Railway (@RailwayNorthern) June 11, 2024
𝗡𝗢𝗧𝗘: Please refrain from spreading such old/misleading videos.
ടിക്കറ്റ് ബുക്ക് ചെയ്തിട്ടും തനിക്കും കുടുംബത്തിനും സീറ്റ് ലഭിക്കാത്ത അനുഭവം ഒരു യാത്രക്കാരന്‍ ഈയിടെ പങ്കുവച്ചിരുന്നു. അഹമ്മദാബാദിൽ നിന്ന് ഭുജ്-ഷാലിമർ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ കയറിയ യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. താൻ ബുക്ക് ചെയ്ത സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതാണ് കണ്ടത്. കൂടാതെ നിരവധി പേർ ടിക്കറ്റ് പോലുമെടുക്കാതെ ആ കോച്ചിൽ യാത്ര ചെയ്യുകയും നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നെന്നും യാത്രക്കാരൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരുന്നു.
Adjust Story Font
16