ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്തതിന് റെയിൽവെ ജീവനക്കാരനെ കുത്തിക്കൊന്നു; മൂന്നുപേർക്ക് പരിക്ക്
അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു
ബെലഗാവി: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് റെയിൽവെ ജീവനക്കാരനെ കുത്തിക്കൊന്നു.വ്യാഴാഴ്ച വൈകുന്നേരം കർണാടകയിലെ ബെലഗാവി ജില്ലയിലെ ലോണ്ട റെയിൽവേ സ്റ്റേഷന് സമീപം ചാലൂക്യ എക്സ്പ്രസിലാണ് സംഭവം. യാത്രക്കാരൻ റെയിൽവേ കോച്ച് അറ്റൻഡറെ കുത്തി കൊല്ലുകയായിരുന്നു.
സംഭവത്തിൽ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ (ടിടിഇ) ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ആക്രമണത്തിന് ശേഷം യാത്രക്കാരൻ ഖാനാപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. കുത്തേറ്റ റെയിൽവേ കോച്ച് അറ്റൻഡർ ട്രെയിനിൽ വച്ച് മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ടിടിഇയെയും മറ്റ് രണ്ട് പേരെയും ബെലഗാവിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരൻ പെട്ടന്ന് കത്തിയെടുത്ത് ടി.ടി.ഇയെ കുത്താന് ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് കോച്ച് അറ്റൻഡർക്ക് കുത്തേറ്റതെന്ന് ബെലഗാവി പൊലീസ് കമ്മീഷണർ ലഡ മാർട്ടിൻ മാർബാനിയാങ് പറഞ്ഞു. തുടർന്ന് അദ്ദേഹം ടിടിഇയെയും മറ്റ് രണ്ട് പേരെയും ആക്രമിക്കുകയും ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയുമായിരുന്നു. അക്രമിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16