'നിങ്ങളുടെ വിജയ പ്രസംഗം യൂട്യൂബിൽ റിലീസ് ചെയ്യാൻ സമയമായി'; കെജരിവാളിനെ പരിഹസിച്ച് വിവേക് അഗ്നിഹോത്രി
കെജരിവാളിന്റെ മുൻപ്രസ്താവനകളെ ഉയർത്തിക്കാട്ടി ബി.ജെ.പി നേതാക്കളും പരിഹാസവുമായി രംഗത്തുവന്നു
ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാളിനെ പരിഹസിച്ച് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. കെജരിവാളിന്റെ വിജയ പ്രസംഗം യൂട്യൂബിൽ സൗജന്യമായി റിലീസ് ചെയ്യാൻ സമയമായെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എഎപി ഗുജറാത്തിലെ ഒന്നാം നമ്പർ പാർട്ടിയാകുമെന്ന് പറഞ്ഞ കെജരിവാളിന്റെ അഭിമുഖത്തിലെ പ്രസക്തഭാഗവും ഇതോടൊപ്പം ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കശ്മീർ ഫയൽസ് റിലീസ് ചെയ്തപ്പോൾ ചിത്രം യൂട്യൂബിൽ കൂടി റിലീസ് ചെയ്യണമെന്ന് കെജരിവാൾ ആവശ്യപ്പെട്ടിരുന്നു.
'നിങ്ങളുടെ വൻ വിജയത്തിന് അരവിന്ദ് കെജ്രിവാളിനും എഎപിക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ വിജയ പ്രസംഗം, യൂട്യൂബിൽ സൗജന്യമായി റിലീസ് ചെയ്യാനുള്ള സമയമായി' വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു. കെജരിവാളിന്റെ മുൻപ്രസ്താവനകളെ ഉയർത്തിക്കാട്ടി ബി.ജെ.പി നേതാക്കളും പരിഹാസവുമായി രംഗത്തുവന്നിട്ടുണ്ട്. 156 സീറ്റുകളോടെ ബി.ജെ.പി ചരിത്രവിജയം നേടിയപ്പോൾ കോൺഗ്രസ് 17 സീറ്റുകളിൽ ഒതുങ്ങി. എ.എപിയാണെങ്കിൽ അഞ്ച് സീറ്റുകളിൽ മാത്രം ആധിപത്യം പുലർത്തി. എന്നാൽ ആംആദ്മിക്ക് ദേശീയ പാർട്ടി പദവി നേടാനായിട്ടുണ്ട്.
തന്‍റെ പാർട്ടിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് അരവിന്ദ് കെജരിവാൾ രംഗത്തെത്തിയിരുന്നു. 10 വർഷംകൊണ്ട് ആംആദ്മി രണ്ട് സംസ്ഥാനം ഭരിച്ചുവെന്നും ഗുജറാത്തിൽ മികച്ച പ്രചാരണം നടത്തിയെന്നും കെജരിവാൾ അവകാശപ്പെട്ടു.
Adjust Story Font
16