Quantcast

''ബുൾഡോസറിന് വൻ ഡിമാൻഡ്, ഇറക്കുമതി തന്നെ വേണ്ടിവരുമോ?''; കിടപ്പാടം നഷ്ടപ്പെട്ടവരുടെ വിലാപത്തെ പരിഹസിച്ച് മാധ്യമപ്രവർത്തക നവികാ കുമാർ- വൻ വിമർശം

കൂട്ടിക്കൊടുപ്പുകാരുടെ ആഘോഷം അധികകാലം നീണ്ടുനിൽക്കില്ലെന്ന് നവികയുടെ കുറിപ്പ് റീട്വീറ്റ് ചെയ്ത് മാധ്യമപ്രവർത്തകൻ രോഹിൻ കുമാർ പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2022-04-20 11:14:48.0

Published:

20 April 2022 11:12 AM GMT

ബുൾഡോസറിന് വൻ ഡിമാൻഡ്, ഇറക്കുമതി തന്നെ വേണ്ടിവരുമോ?; കിടപ്പാടം നഷ്ടപ്പെട്ടവരുടെ വിലാപത്തെ പരിഹസിച്ച് മാധ്യമപ്രവർത്തക നവികാ കുമാർ- വൻ വിമർശം
X

ന്യൂഡൽഹി: ഡൽഹിയിലടക്കം മുസ്‍ലിം വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കുമെതിരെ നടക്കുന്ന ഭരണകൂട അതിക്രമങ്ങളെ പരോക്ഷമായി പിന്താങ്ങി മുതിർന്ന മാധ്യമപ്രവർത്തക നവികാ കുമാർ. ടൈംസ് നൗ, ടൈംസ് നൗ നവഭാരത് എഡിറ്റർ ഇൻ ചീഫും ടൈംസ് നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്ററുമായ നവികാ കുമാറാണ് ഭരണകൂട നടപടിയിൽ കിടപ്പാടവും ജീവനോപാധിയും നഷ്ടപ്പെട്ടവരെ പരിഹസിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലാണ് നവികയുടെ പരിഹാസം. കുറിപ്പിനെതിരെ വൻ വിമർശമാണ് ഉയരുന്നത്. രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും മുതിർന്ന മാധ്യമപ്രവർത്തകരുമെല്ലാം അപക്വമായ കുറിപ്പിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ #Navika എന്ന ഹാഷ്ടാഗ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

''ബുൾഡോസറുകൾക്കുള്ള ഡിമാൻഡിൽ നാടകീയ വർധനയാണുണ്ടായിരിക്കുന്നത്. (ബുൾഡോസർ) നിർമിക്കാനുള്ള ആഭ്യന്തരശേഷി നമ്മൾ കൂട്ടുമോ, അതോ ഇറക്കുമതിയെത്തന്നെ ആശ്രയിക്കേണ്ടിവരുമോ? ചോദിച്ചെന്നുമാത്രം...'' ഇങ്ങനെയായിരുന്നു നവികാ കുമാറിന്റെ വിവാദ ട്വീറ്റ്.

ഡൽഹിയിലെ ജഹാംഗീർപുരിയിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും വീടുകളും ബി.ജെ.പി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനിടെയാണ് നവികയുടെ പരിഹാസം കലർന്ന കുറിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും വ്യാപകമായി മുസ്‌ലിം സ്വത്തുവകകൾ അനധികൃതമായി കൈവശപ്പെടുത്തിവച്ചതാണെന്ന് ആരോപിച്ച് ഭരണകൂടം ഇടിച്ചുനിരപ്പാക്കിയിരുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് ഭരണകൂടം ആരംഭിച്ച ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ വ്യാപകമായ വിമർശം ഉയരുമ്പോഴാണ് രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തക ഇത്തരമൊരു കുറിപ്പിട്ടിരിക്കുന്നത്.

''കൂട്ടിക്കൊടുപ്പുകാരുടെ ആഘോഷം അധികം നീണ്ടുനിൽക്കില്ല''

''നിങ്ങൾ വീടെന്ന് വിളിക്കുന്ന നാല് ചുമരുകൾ പണിയാൻ ജീവിതകാലം മുഴുവൻ അധ്വാനിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. മറ്റൊരാളുടെ ദാരിദ്ര്യത്തെയും വേദനയെയും പരിഹസിക്കാതിരിക്കൂ. അക്രമങ്ങൾ തെറ്റായിരുന്നു. എന്നാൽ, നിയമമാണ് ശിക്ഷ വിധിക്കേണ്ടത്, ബുൾഡോസറല്ല''-ശിവസേനയുടെ രാജ്യസഭാ അംഗം പ്രിയങ്ക ചതുർവേദിത നവികയുടെ ട്വീറ്റ് പങ്കുവച്ച് പറഞ്ഞു.

''പാവപ്പെട്ടവർക്ക് വീടും ചെറിയ സംരംഭങ്ങളും നഷ്ടപ്പെടുമ്പോൾ താങ്കൾക്ക് ചിരിവരുന്നുണ്ടോ? താങ്കൾ ശരിക്കും ക്രൂരയും രോഗിയുമാണ്. ചികിത്സ തേടൂ..'' എഴുത്തുകാരി സ്വാതി ചതുർവേദി ആവശ്യപ്പെട്ടു. താങ്കളൊരു രോഗിയാണ്, നവിക. ഒരു ആയുസ് തന്നെ എടുത്താണ് താങ്കൾ വീടെന്നു വിളിക്കുന്ന നാല് ചുമരുകൾ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് എഴുത്തുകാരൻ രാഹുൽ പണ്ഡിത.

കൂട്ടിക്കൊടുപ്പുകാരുടെ ആഘോഷം അധികകാലം നീണ്ടുനിൽക്കില്ലെന്ന് നവികയുടെ കുറിപ്പ് റീട്വീറ്റ് ചെയ്ത് മാധ്യമപ്രവർത്തകൻ രോഹിൻ കുമാർ പ്രതികരിച്ചു. ''ഒരാളുടെ നിസഹായതയെ കളിയാക്കുക. അവരെ പരിഹസിക്കുക. ഇതെല്ലാം ഇവിടെത്തന്നെണ്ടാകും.''- രോഹൻ കൂട്ടിച്ചേർത്തു.

ക്രൂരയും വെറുപ്പുളവാക്കുന്ന മനുഷ്യനുമാണ് നവികയെന്ന് മാധ്യമപ്രവർത്തക വിദ്യ പ്രതികരിച്ചു. അവരൊരു രോഗിയാണെന്നാണ് ജവഹർലാൻ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി നേതാവ് ഐഷ ഘോഷ് വിമർശിച്ചത്. ഇതൊക്കെ എങ്ങനെയാണ് ഒരു തമാശയാകുന്നതെന്ന് നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് കൺസൾട്ടിങ് എഡിറ്റർ ഖുഷ്ബു മാട്ടൂ ചോദിച്ചു.

അധികൃതർ ബുൾഡോസർ കൊണ്ട് തകർക്കുന്ന സ്വന്തം കടയ്ക്കടുത്ത് ഇരുന്നു വിലപിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം പങ്കുവച്ച് ഇതിനെയാണ് താങ്കൾ പരിഹസിക്കുന്നതെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം ദേശീയ കോഡിനേറ്റർ വിനയ്കുമാർ ദോകാനിയ കുറിച്ചു. താങ്കളൊരു രോഗിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്നവരെയാണ് താങ്കൾ പരിഹസിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയുടെ ദേശീയ സോഷ്യൽ മീഡിയ വിഭാഗത്തിലെ സവിത ആനന്ദ് കുറ്റപ്പെടുത്തി.



''പേടിക്കേണ്ട. ഇനിയും ബുൾഡോസറുകൾ വേണ്ടിവരും. എല്ലാവരും വരിയിലാണ്. ചിലരുടെ ഊഴം ആദ്യം വരും. ബാക്കിയുള്ളവരുടേത് പിന്നാലെയും. ആദ്യത്തെയാളുകളെ രക്ഷിക്കാനായില്ലെങ്കിൽ പിന്നെ ആരും രക്ഷപ്പെടാൻ പോകുന്നില്ല.''- ആരോഗ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. അവിറൽ വസ്ത കുറിച്ചു.

ജഹാംഗീർപുരിയിൽ സുപ്രീംകോടതി ഇടപെടൽ

അതിനിടെ, ഡൽഹി ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ ജംഇയത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. അനധികൃത കെട്ടിടങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങിയത്. എന്നാൽ, ഉത്തരവ് മാനിക്കാതെയും അധികൃതർ നടപടി തുടർന്നു. പിന്നാലെ, ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരുമെത്തി ബുൾഡോസർ തടയുകയായിരുന്നു.

രാവിലെ കോടതി ചേർന്നയുടൻ അഭിഭാഷകൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടൽ വേണമെന്നും കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയതായും അഭിഭാഷകൻ അറിയിച്ചു. ഹർജി നൽകാൻ നിർദേശിച്ച കോടതി ജഹാംഗീർപുരിയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. നാളെ കേസിൽ വിശദമവാദം കേൾക്കും.

കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ പ്രദേശമാണ് ജഹാംഗീർപുരി. സംഘർഷമുണ്ടായതിനു പിന്നാലെ ഇവിടെയുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. ജഹാംഗീർപുരിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ 400 പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചത്. പത്ത് ബുൾഡോസറുകളും എത്തിയിരുന്നു. 'കയ്യേറ്റം ഒഴിപ്പിക്കൽ ഡ്രൈവി'ന് ബിജെപി ഭരിക്കുന്ന നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പൊലീസ് സഹായം തേടിയിരുന്നു.

Summary: ''Dramatic increase in demand for bulldozers. Are we increasing domestic capacity for manufacturing or will we have to depend on imports??'', Times Network Group Editor Navika Kumar's tweet gets wide criticism

TAGS :

Next Story