Quantcast

ജനസംഖ്യാ വര്‍ധന, പോപുലര്‍ ഫ്രണ്ട്: സീ ന്യൂസ്, ടൈംസ് നൗ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ നടപടി

ജനസംഖ്യാ വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ടില്‍ സീ ന്യൂസ് വര്‍ഗീയ നിറം നല്‍കിയെന്ന് എൻ.ബി.ഡി.എസ്.എ

MediaOne Logo

Web Desk

  • Updated:

    2023-03-01 10:35:46.0

Published:

1 March 2023 10:29 AM GMT

ജനസംഖ്യാ വര്‍ധന, പോപുലര്‍ ഫ്രണ്ട്: സീ ന്യൂസ്, ടൈംസ് നൗ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ നടപടി
X

ഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ വർധനയെ കുറിച്ചുള്ള സീ ന്യൂസിന്‍റെയും പോപ്പുലർ ഫ്രണ്ടിന്‍റെ പ്രതിഷേധത്തെ കുറിച്ചുള്ള ടൈംസ് നൗവിന്‍റെയും റിപ്പോര്‍ട്ടുകള്‍ക്കെതിരെ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ (എന്‍.ബി.ഡി.എസ്.എ) നടപടി. ഇരു ചാനലുകളോടും പ്രസ്തുത വീഡിയോകളുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. നൈതികത ലംഘിക്കപ്പെട്ടെന്ന് ചാനലിലൂടെ പരസ്യമായി അറിയിപ്പ് നല്‍കണമെന്ന് സീ ന്യൂസിന് എന്‍.ബി.ഡി.എസ്.എ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടുകളില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് മുന്നറിയിപ്പും നല്‍കി.

ജനസംഖ്യാ വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ടില്‍ സീ ന്യൂസ് വര്‍ഗീയ നിറം നല്‍കിയെന്ന് എൻ.ബി.ഡി.എസ്.എ വിമര്‍ശിച്ചു. മുസ്‍ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ളതായിരുന്നു സീ ന്യൂസിന്‍റെ റിപ്പോര്‍ട്ട്. ജനസംഖ്യാ വർധനയ്ക്ക് ഉത്തരവാദി എന്ന നിലയിൽ ഒരു മതത്തെ മാത്രമായി കുറ്റപ്പെടുത്തിയ റിപ്പോര്‍ട്ട് വസ്തുനിഷ്ഠവും നിഷ്പക്ഷവുമായിരുന്നില്ലെന്ന് എൻ.ബി.ഡി.എസ്.എ ചൂണ്ടിക്കാട്ടി. ഹിന്ദു-മുസ്‍ലിം ജനസംഖ്യയെക്കുറിച്ചുള്ള തെരഞ്ഞെടുത്ത സ്ഥിതിവിവരക്കണക്കുകളും വിഷയവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങളും കാണിച്ച് വര്‍ഗീയ നിറം നല്‍കി. ഭാവിയിൽ ഇത്തരം റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്യരുതെന്ന് ബ്രോഡ്കാസ്റ്റ് റെഗുലേറ്റർ സീ ന്യൂസിന് മുന്നറിയിപ്പ് നൽകി. പ്രസ്തുത റിപ്പോര്‍ട്ട് നീക്കം ചെയ്യണമെന്നും നൈതികത ലംഘിച്ചെന്ന് ചാനലിലൂടെ പരസ്യമായി പറയണമെന്നും നിര്‍ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷം സെപ്തംബർ 24ന് സംപ്രേഷണം ചെയ്ത വാർത്തയുമായി ബന്ധപ്പെട്ടാണ് ടൈംസ് നൗവിനെതിരെ എൻ.ബി.ഡി.എസ്.എ ഉത്തരവ് പുറപ്പെടുവിച്ചത്. പൂനെയിൽ പോപുലർ ഫ്രണ്ടിന്‍റെ പ്രതിഷേധത്തിനിടെ 'പാകിസ്താൻ സിന്ദാബാദ്' മുദ്രാവാക്യം മുഴങ്ങിയെന്നായിരുന്നു ടൈംസ് നൗവിന്‍റെ റിപ്പോര്‍ട്ട്. പിന്നീട് ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിഞ്ഞു. എഎൻഐ, പിടിഐ തുടങ്ങിയ വാർത്താ ഏജൻസികളിൽ നിന്നും ഫ്രീലാൻസ് റിപ്പോർട്ടർമാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്ന് ടൈംസ് നൗ വിശദീകരിച്ചു. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് സ്വന്തം റിപ്പോർട്ടർ ഉണ്ടായിരുന്നില്ലെന്നും ചാനൽ അറിയിച്ചു.

സെപ്തംബർ 24ന് രാവിലെ 10.06നാണ് ടൈംസ് നൗവില്‍ ആദ്യം റിപ്പോർട്ട് വന്നത്. 'പാകിസ്താൻ സിന്ദാബാദ്' എന്നല്ലെന്നും 'പിഎഫ്ഐ സിന്ദാബാദ്' എന്ന മുദ്രാവാക്യമാണ് ഉയര്‍ന്നതെന്നും വസ്തുതാ പരിശോധന നടത്തിയ വെബ്സൈറ്റുകളെ ഉദ്ധരിച്ച് എൻ.ബി.ഡി.എസ്.എ ചൂണ്ടിക്കാട്ടി. വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഉറപ്പില്ലെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ടില്‍ പറയണമായിരുന്നുവെന്ന് ന്യൂസ് റെഗുലേറ്ററി ബോഡി പറഞ്ഞു. ഭാവിയിൽ ഇത്തരം വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

മുസ്‍ലിംകളെ കുറിച്ച് ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയതിന് ന്യൂസ് 18ന്‍റെ ഹിന്ദി ചാനലിന് ന്യൂസ് റെഗുലേറ്ററി ബോഡി പിഴ ചുമത്തി. അമൻ ചോപ്രയുടെ പരിപാടിയിലാണ് ആക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായത്.

Summary- The News Broadcasting and Digital Standards Authority on Monday passed orders against news channels Times Now and Zee News for their reporting on protests by the Popular Front of India and the rise in the country's population.

TAGS :

Next Story