എയർ ഷോ കാണാൻ വലിഞ്ഞുകയറി; കടയുടെ മേൽക്കൂര തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്
രാവിലെ പത്ത് മണിയോടെ ആരംഭിച്ച പ്രകടനം കാണാൻ പ്രദേശത്തെ ഗ്രൗണ്ടിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.
ഭോപ്പാൽ: എയർ ഷോ കാണാൻ ആളുകൾ കയറിയ കടയുടെ മേൽക്കൂര തകർന്നുവീണ് നിരവധി പേർക്ക് പരിക്ക്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വ്യോമസേനയുടെ 91-ാം വാർഷികത്തോടനുബന്ധിച്ച് ഭോപ്പാലിലെ ഭോജ്താൽ തടാകത്തിന് മുകളിലൂടെ നടന്ന ആകാശ പ്രദർശനം കാണാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർ എയർ ഷോ കാണാനായി ഒരു കടയുടെ മുകളിൽ കയറിയിരിക്കുകയായിരുന്നു.
എന്നാൽ ആളുകളുടെ ഭാരം താങ്ങാനാവാതെ മൂലം മേൽക്കൂര പൊളിഞ്ഞുവീഴുകയായിരുന്നു. രാവിലെ പത്ത് മണിയോടെ ആരംഭിച്ച പ്രകടനം കാണാൻ പ്രദേശത്തെ ഗ്രൗണ്ടിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. മൈതാനമാകെ വൻ തിക്കുംതിരക്കുമായതോടെ ചിലർ കടയുടെ മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. ഭോപ്പാലിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി ആയിരക്കണക്കിന് പേരാണ് ഷോ കാണാൻ തടിച്ചുകൂടിയത്.
ബോട്ട് ക്ലബ് പരിസരത്ത് നടന്ന പരിപാടിയുടെ പരിസരത്ത് വാഹന പ്രവേശനവും നിയന്ത്രിച്ചിരുന്നു. പൊതുജനങ്ങളുടെ സൗകര്യാർഥം വിഐപി റോഡിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ജനത്തിരക്ക് മൂലം എല്ലാ ഗതാഗത നിയന്ത്രണ പദ്ധതികളും പരാജയപ്പെടുകയും മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കിന് കാരണവുകയും ചെയ്തു.
പരിപാടിയിൽ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ, ഗവർണർ മംഗുഭായ് പട്ടേൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. വ്യോമസേനയുടെ സിഎച്ച് 47എഫ് (ഐ) ചിനൂക്ക് ഹെലികോപ്റ്ററുകളും തടാകത്തിന് മുകളിലൂടെയുള്ള എയറോബാറ്റിക് പ്രകടനങ്ങളുടെ ഭാഗമായിരുന്നു.
ഒക്ടോബർ എട്ടാണ് ഇന്ത്യൻ എയർഫോഴ്സ് ദിനമായി ആചരിക്കുന്നത്. 1932ലെ ഇന്ത്യൻ എയർഫോഴ്‌സിന്റെ രൂപീകരണദിവസമാണ് എയർഫോഴ്‌സ് ദിനമായി ആചരിക്കുന്നത്. എല്ലാ വർഷവും ഇന്ത്യൻ എയർഫോഴ്‌സ് മേധാവിയുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ദിനം ആഘോഷിക്കുന്നത്.
Adjust Story Font
16