Quantcast

കീറിയ ജീന്‍സ് ധരിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി

എന്‍റെ നിലപാടിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കീറിയ ജീൻസ് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമല്ല

MediaOne Logo

Web Desk

  • Published:

    17 May 2022 6:44 AM GMT

കീറിയ ജീന്‍സ് ധരിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി
X

ഉത്തരാഖണ്ഡ്: കീറിയ ജീന്‍സ് ധരിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. കീറിയ ജീൻസ് ധരിക്കുന്ന സ്ത്രീകളെ വിമർശിച്ചതിന് കഴിഞ്ഞ വർഷം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച തിരത് സിംഗ് ഈ വിഷയത്തിൽ താൻ നടത്തിയ മുൻകാല പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

''എന്‍റെ നിലപാടിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കീറിയ ജീൻസ് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമല്ല. ഇന്നും കീറിയ ജീൻസുകളെക്കുറിച്ചുള്ള എന്‍റ് പ്രസ്താവനയിൽ ഞാൻ ഉറച്ചുനിൽക്കുന്നു," റാവത്ത് ആജ് തക്/ഇന്ത്യ ടുഡേ എന്നീ മാധ്യമങ്ങളോട് പറഞ്ഞു. ജീന്‍സ് ധരിക്കുന്നതിന് ഞാനൊരിക്കലും എതിരായിരുന്നില്ല. ചെറുപ്പത്തില്‍ ഞാനത് ധരിച്ചിരുന്നു. കീറിയ ജീന്‍സിനെതിരെയാണ് എന്‍റെ പ്രസ്താവന. അതില്‍ ഉറച്ചുനില്‍ക്കുന്നു. മാര്‍ക്കറ്റില്‍ നിന്ന് പുതിയ ജോഡി ജീന്‍സ് വാങ്ങി അവിടെയും ഇവിടെയും കത്രിക കൊണ്ട് കീറിയല്ലേ ധരിക്കുന്നതെന്ന് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍ ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍) നടത്തിയ പരിപാടിക്കിടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒരിക്കലും ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമല്ലെന്നും ഇന്ത്യയിലെ ആളുകള്‍ കീറിയ ജീന്‍സ് ധരിച്ച് ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

2021 മാർച്ചിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി നിയമിതയായതിന് തൊട്ടുപിന്നാലെയായിരുന്നു റാവത്തിന്‍റെ വിവാദ പരാമര്‍ശം. യുവതികൾ വിചിത്രമായ ഫാഷൻ ട്രെൻഡുകൾ പിന്തുടരുന്നുവെന്നും ഒരമ്മ കീറിയ ജീൻസും ബൂട്ടും ധരിച്ചിരിക്കുന്നത് കണ്ട് താൻ ഞെട്ടിപ്പോയെന്നുമായിരുന്നു റാവത്ത് പറഞ്ഞത്. അത്തരം സ്ത്രീകൾ ആളുകളെ കാണാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സമൂഹത്തിൽ ഇറങ്ങുകയാണെങ്കിൽ, എന്ത് തരത്തിലുള്ള സന്ദേശമാണ് സമൂഹത്തിനും കുട്ടികള്‍ക്കും നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതെല്ലാം വീട്ടിൽ നിന്ന് തുടങ്ങുന്നതാണ്. നമ്മൾ ചെയ്യുന്നത് നമ്മുടെ കുട്ടികൾ പിന്തുടരുന്നു. വീട്ടിൽ ശരിയായ സംസ്കാരം പഠിപ്പിക്കുന്ന ഒരു കുട്ടി, അവൻ എത്ര ആധുനികനായാലും ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ലെന്നും റാവത്ത് പറഞ്ഞിരുന്നു.

റാവത്തിന്‍റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ബി.ജെ.പി നേതാവിനെതിരെ തിരിയുകയും സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ വിമര്‍ശിക്കുകയും ചെയ്തു. ഒടുവില്‍ റാവത്ത് മാപ്പു പറയുകയായിരുന്നു.

TAGS :

Next Story