'വിശ്വാസം രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു'; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ പ്രതികരിച്ച് ജഗ്ഗന്‍ മോഹന്‍ റെഡ്ഡി
ടിഡിപി പങ്കുവെച്ച ലബോറട്ടറി റിപ്പോർട്ടുകൾ നായിഡുവിൻ്റെ കാലത്ത് ജൂലൈ മുതലുള്ളതാണെന്ന് റെഡ്ഡി അവകാശപ്പെട്ടു
ഹൈദരാബാദ്: തൻ്റെ ഭരണകാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ആന്ധ്രാ മുന്‍മുഖ്യമന്ത്രി ജഗ്ഗന്‍ മോഹന്‍ റെഡ്ഡി. ലാബ് റിപ്പോര്‍ട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ റെഡ്ഡി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിൻ്റെ ടിഡിപിയും വിശ്വാസം രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ടിഡിപി പങ്കുവെച്ച ലബോറട്ടറി റിപ്പോർട്ടുകൾ നായിഡുവിൻ്റെ കാലത്ത് ജൂലൈ മുതലുള്ളതാണെന്ന് റെഡ്ഡി അവകാശപ്പെട്ടു.ചന്ദ്രബാബു നായിഡു എങ്ങനെയാണ് വസ്തുതകൾ വളച്ചൊടിച്ചതെന്നും എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടതെന്നും വിശദീകരിച്ച് പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തെഴുതുമെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണങ്ങളില്‍ സിറ്റിംഗ് ജഡ്ജിയോ ഹൈക്കോടതി നിയോഗിച്ച സമിതിയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടി ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു.
മുഖ്യമന്ത്രി നായിഡു നേരത്തെ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ഒന്നിലധികം പരിശോധനകൾ നടത്തിയെന്നും അനാവശ്യ ചേരുവകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെട്ടതായും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്‌സിക്യൂട്ടീവ് ഓഫീസർ ശ്യാമള റാവു പറഞ്ഞു. ലാബ് റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പരിശോധനാ സൗകര്യങ്ങളുടെ അഭാവം നെയ്യ് വിതരണക്കാർ മുതലെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിച്ചു.റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അവലോകനം ചെയ്യുമെന്നും അതിനുശേഷം നടപടിയെടുക്കുമെന്നും നദ്ദ പറഞ്ഞു.വിവാദം ചൂടുപിടിച്ചതോടെ തിരുപ്പതി ക്ഷേത്രം അധികൃതര്‍ സംഭരിക്കുന്ന നെയ്യിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്ഷീരവിദഗ്‌ധർ ഉൾപ്പെട്ട സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുകയും നെയ്യ് സംഭരണത്തിനുള്ള മാർഗനിർദേശങ്ങൾ നിർദേശിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാൺ സംഭവത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദേശീയ തലത്തിൽ ‘സനാതന ധർമ സംരക്ഷണ ബോർഡ്’ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട ആരോപണം തെളിയിക്കപ്പെട്ടാൽ ഉത്തരവാദികളെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് പാർട്ടിയും ആവശ്യപ്പെട്ടു. എന്നിരുന്നാലും, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ടെത്തിയാൽ, ലക്ഷക്കണക്കിന് തിരുപ്പതി ഭക്തർ തങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യുന്നവരോട് ക്ഷമിക്കില്ലെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.
ആന്ധ്രയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡ്ഡൂ ഉണ്ടാക്കുന്നതിൽ മുന്‍സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം. തിരുപ്പതി ലഡു ഉണ്ടാക്കാനുള്ള നെയ്യിന്‍റെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയായ എൻഡിഡിബി സിഎഎൽഎഫ് ലിമിറ്റഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലും കണ്ടെത്തിയെന്നും ടിഡിപി വ്യക്തമാക്കിയിരുന്നു.
Adjust Story Font
16