രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ തിരുപ്പതി ലഡ്ഡു വിതരണം ചെയ്തിരുന്നുവെന്ന് മുഖ്യപുരോഹിതന്‍
ലഡ്ഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം
തിരുപ്പതി: ഈ വർഷം ജനുവരി 22ന് അയോധ്യയില്‍ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിൽ തിരുപ്പതി ക്ഷേത്രത്തിൽ നിന്നുള്ള ലഡ്ഡു ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തിരുന്നതായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡ്ഡുവിനെച്ചൊല്ലി വിവാദം പുകഞ്ഞുകാണ്ടിരിക്കുന്നതിനിടെയാണ് മുഖ്യപുരോഹിതന്‍റെ വെളിപ്പെടുത്തല്‍. ലഡ്ഡു ഉണ്ടാക്കാന്‍ ജഗ്ഗന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം.
''എത്ര ലഡ്ഡു കൊണ്ടുവന്നുവെന്ന് എനിക്കറിയില്ല. കണക്കുകള്‍ ട്രസ്റ്റിന് അറിയാം. എവിടെ നിന്ന് കൊണ്ടുവന്ന ലഡ്ഡുവാണെങ്കിലും അത് ഭക്തര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു'' ആചാര്യ സത്യേന്ദ്ര ദാസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പ്രതിഷ്ഠാ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡ്ഡുക്കൾ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ 8000 പ്രമുഖർ പങ്കെടുത്തിരുന്നു. എന്നാല്‍ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിൽ ഏലക്കാ വിത്ത് മാത്രമാണ് പ്രസാദമായി വിതരണം ചെയ്തതെന്ന് രാമക്ഷേത്രം ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര വ്യക്തമാക്കി. തിരുപ്പതി ലഡ്ഡുവുമായി ബന്ധപ്പെട്ട കേന്ദ്രത്തിൻ്റെ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു."ഞങ്ങൾ ഭക്തർക്ക് ഏലക്കാ വിത്ത് വിതരണം ചെയ്യുക മാത്രമാണ് ചെയ്തത്, 1981ൽ ജീവിതത്തില്‍ ആദ്യമായി ഞാൻ തിരുപ്പതിയിൽ പോയിരുന്നു, വിവാദത്തെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ല," റായ് കൂട്ടിച്ചേര്‍ത്തു.
തിരുപ്പതി ലഡ്ഡു വിവാദം രാജ്യത്തെ പല ക്ഷേത്രങ്ങളിലെയും പ്രസാദത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രേരിപ്പിച്ചു. അയോധ്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ, ശുദ്ധമായ നെയ്യ് കൊണ്ടുള്ള ലഡ്ഡു മാത്രമാണ് പ്രസാദമായി നൽകുന്നതെന്ന് അധികൃതർ പറഞ്ഞു.
Adjust Story Font
16