ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഫിയ ധരിച്ചെത്തിയ വിദ്യാർഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ്
ഞായറാഴ്ച ടിസ് ക്യാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിലാണ് വിദ്യാർഥിക്ക് ബിരുദം നൽകാൻ പ്രോ വിസി പ്രൊഫസര്‍ ശങ്കര്‍ ദാസ് വിസ്സമ്മതിച്ചത്
ഹൈദരാബാദ്: ബിരുദദാന ചടങ്ങിൽ ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ കഫിയ ധരിച്ചതിന്റെ പേരിൽ വിദ്യാർഥിയുടെ ബിരുദം തടഞ്ഞുവെച്ച് ഹൈദരാബാദ് ടിസ്. ഞായറാഴ്ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ (ടിസ്) ക്യാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിലാണ് വിദ്യാർഥിക്ക് ബിരുദം നൽകാൻ പ്രോ വിസി പ്രൊഫസര്‍ ശങ്കര്‍ ദാസ് വിസ്സമ്മതിച്ചത്.
ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദധാരിയായ അബ്‍ലാസ് മുഹമ്മദിനാണ് പ്രോ വിസി പ്രൊഫസര്‍ ശങ്കര്‍ ദാസിൽ നിന്ന് ദുരനുഭവമുണ്ടായത്. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ കറുപ്പും വെളുപ്പും കലർന്ന ശിരോവസ്ത്രമായ കഫിയ ധരിച്ചാണ് അബ്‍ലാസ് ബിരുദദാന ചടങ്ങിലെത്തിയത്. സ്റ്റേജിലെത്തിയപ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകാൻ പ്രോ - വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ശങ്കര്‍ ദാസ് വിസ്സമ്മതിച്ചത് തനിക്ക് അപമാനമുണ്ടാക്കിയെന്ന് അബ്‍ലാസ് മക്തൂബ് മീഡിയയോട് പറഞ്ഞു.
കഫിയ ധരിക്കുന്നത് ക്യാമ്പസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അധികൃതർ പറഞ്ഞതായി അബ്‍ലാസ് പറഞ്ഞു. ഇതുപറഞ്ഞാണ് ബിരുദം തടഞ്ഞുവെച്ചതെന്നും അബ്‍ലാസ് കൂട്ടിച്ചേർത്തു. ബിരുദദാന ചടങ്ങിൽ അബ്‍ലാസിന്റെ പേര് വിളിച്ചപ്പോൾ സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്ന് പ്രൊഫസർ ശങ്കർ ദാസ് വിട്ട് നിൽക്കുന്നതും തുടർന്ന് വിദ്യാർഥി ബിരുദം സ്വീകരിക്കാതെ മടങ്ങുന്നതും കാണാം. കഫിയ ധരിച്ചതിൽ മാപ്പെഴുതി നൽകിയതിന് ശേഷമാണ് സർട്ടിഫിക്കറ്റ് വിട്ടു നൽകിയത്.
കറുപ്പും വെളുപ്പും കലർന്ന ശിരോവസ്ത്രമായ കഫിയ, ഫലസ്തീൻ സ്വത്വത്തെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകങ്ങളിലൊന്നാണ്. ലോകമെമ്പാടും നടന്ന നൂറുകണക്കിന് ഗസ ഐക്യദാർഢ്യ പ്രകടനങ്ങളിൽ കഫിയ ധരിച്ചാണ് ആയിരങ്ങൾ പങ്കെടുത്തത്.
Adjust Story Font
16