വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യൂ പേപ്പർ; പരിഭ്രാന്തരായി യാത്രക്കാർ
ഡൽഹി-വഡോദര എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം
ഡല്‍ഹി: ഡൽഹി-വഡോദര എയർ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയിൽ കണ്ടെത്തിയ ബോംബ് എന്നെഴുതിയ ടിഷ്യൂ പേപ്പർ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. ഐജിഐ വിമാനത്താവളത്തിലാണ് ബുധനാഴ്ച വൈകുന്നേരം കുറിപ്പ് കണ്ടെത്തിയത്. തുടർന്ന് വിമാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് വിമാനത്തിലെ ക്രൂ അംഗമാണ് ബോംബ് എന്നെഴുതിയ ടിഷ്യൂ പേപ്പർ ആദ്യം കണ്ടത്. അപ്പോഴേക്കും വിമാനം ടേക്ക് ഓഫിന് തയ്യാറായിരുന്നു.
സംഭവത്തെ തുടർന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയും ഡൽഹി പോലീസിനെയും വിവരമറിയിക്കുകയും യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി പരിശോധന നടത്തുകയും ചെയ്തു.
സുരക്ഷാ ഏജൻസികളുടെ വിശദമായ പരിശോധനകൾക്കായി റിമോട്ട് ബേയിലേക്ക് കൊണ്ടുപോയ വിമാനത്തിലെ യാത്രക്കാരെ വ്യാഴാഴ്ച രാവിലെ പ്രത്യേക വിമാനത്തിൽ വഡോദരയിലെത്തിച്ചു.
Adjust Story Font
16