'ആ ഫ്ലൈ ഓവര്‍ കൊല്‍ക്കത്തയിലേത്, ഫാക്ടറി അമേരിക്കയിലേത്'.. യോഗി സര്‍ക്കാരിന്‍റെ വികസന പരസ്യം വിവാദത്തില്‍
കൊല്‍ക്കത്തയിലെ ഫ്ലൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലേതെന്ന വ്യാജേന പരസ്യത്തില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ വിശദീകരിച്ചുള്ള പരസ്യം വിവാദത്തില്‍. കൊല്‍ക്കത്തയിലെ ഫ്ലൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലേതെന്ന വ്യാജേന പരസ്യത്തില്‍ ഉള്‍പ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.
"കൊൽക്കത്തയിലെ എംഎഎ ഫ്ലൈഓവർ, ഞങ്ങളുടെ ജെഡബ്ല്യു മാരിയറ്റ്, ഞങ്ങളുടെ മഞ്ഞ ടാക്സികൾ എന്നിവ യുപിയുടെ പരസ്യത്തില്‍! നിങ്ങളുടെ ആത്മാവിനെ മാറ്റുക അല്ലെങ്കിൽ കുറഞ്ഞത് നിങ്ങളുടെ പരസ്യ ഏജൻസിയെ മാറ്റുക. നോയിഡയിൽ എനിക്കെതിരെ എഫ്ഐആറുകൾക്കായി കാത്തിരിക്കുന്നു"- തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണോ അതോ യഥാർത്ഥ വികസനം തിരിച്ചറിഞ്ഞോ എന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദർശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്നും ഗതാഗത മന്ത്രി ട്വീറ്റ് ചെയ്തു.
യുപിയുടെ മാറ്റമെന്നത് ബംഗാളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ചിത്രങ്ങള്‍ മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുടെ പരിഹാസം. ഇരട്ട എഞ്ചിൻ മോഡൽ പൂർണമായി തകർന്നു. ബിജെപിയുടെ ശക്തികേന്ദ്രത്തിന്‍റെ യഥാർഥ ചിത്രം വ്യക്തമായെന്നും അഭിഷേക് ബാനർജി വിമർശിച്ചു.
'കൊൽക്കത്തയിൽ നിന്നുള്ള ഹൈവേ, അമേരിക്കയിൽ നിന്നുള്ള ഫാക്ടറി.. ഉത്തർപ്രദേശിനെ നാഗ്പുരി മാജിക് വഴി മാറ്റുന്നു'- യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് പരിഹസിച്ചു.
യോഗിയുടെ യുപിയുടെ ജിഡിപി ഉടൻ തന്നെ ഇന്ത്യയുടെ ജിഡിപിയെ മറികടക്കുമെന്ന് പറഞ്ഞ അതേ പ്രതിഭയാകണം ഈ പരസ്യം ഒരുമിച്ച് ചേർക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ കണ്ട മറ്റൊരു കമന്‍റ്
Adjust Story Font
16