Quantcast

കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തൃണമൂൽ

കോൺഗ്രസ് സ്വന്തം പാർട്ടിക്കുള്ളിൽ കൂട്ടായ്മയുണ്ടാക്കിയ ശേഷം മറ്റു പാർട്ടികളുമായി കൂട്ടായ്മക്ക് ശ്രമിച്ചാൽ മതിയെന്ന് തൃണമൂൽ നേതാവ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 Nov 2021 12:02 PM GMT

കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തൃണമൂൽ
X

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തൃണമൂൽ കോൺഗ്രസ്. മുതിർന്ന പാർട്ടി നേതാവിനെ ഉദ്ദരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്. അതേസമയം പൊതുജന താൽപര്യം മുൻനിർത്തി മറ്റുപാർട്ടികളുമായി സഹകരിക്കുമെന്നും തൃണമൂൽ നേതാവ് വ്യക്തമാക്കി.

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ 29ന് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തൃണമൂൽ പങ്കെടുത്തേക്കില്ല. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുമെന്ന് ഖാർഗെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ സഹകരിക്കില്ലെന്ന് തൃണമൂൽ വ്യക്തമാക്കിയത്.

കോൺഗ്രസ് സ്വന്തം പാർട്ടിക്കുള്ളിൽ കൂട്ടായ്മയുണ്ടാക്കിയ ശേഷം മറ്റു പാർട്ടികളുമായി കൂട്ടായ്മക്ക് ശ്രമിച്ചാൽ മതിയെന്ന് തൃണമൂൽ നേതാവ് പറഞ്ഞു. ''ശൈത്യകാല സമ്മേളനത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. സ്വന്തം നേതാക്കൾക്കിടയിൽ ഐക്യമുണ്ടാക്കാനാണ് കോൺഗ്രസ് ആദ്യം ശ്രമിക്കേണ്ടത്. കോൺഗ്രസ് വിളിച്ചുചേർക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മിക്കവാറും ഞങ്ങൾ പങ്കെടുക്കാൻ സാധ്യതയില്ല''-അദ്ദേഹം പറഞ്ഞു.

നവംബർ 29ന് ഡൽഹിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ തൃണമൂൽ എംപിമാരുടെ യോഗം ചേരും. പാർലമെന്റിൽ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനർജിയെ ദേശീയ നേതാവായി ഉയർത്താനുള്ള നീക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. ബംഗാളിന് പുറമെ ത്രിപുര, അസം, ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്വാധീനമുണ്ടാക്കാൻ പാർട്ടി നീക്കം നടത്തുന്നുണ്ട്. ബിജെപിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്ന് നേരത്തെ തൃണമൂൽ നേതാക്കൾ വിമർശിച്ചിരുന്നു.


TAGS :

Next Story