'നിങ്ങൾക്ക് വീട്ടിലോ,കാമുകനൊപ്പമോ പോകാം, പക്ഷേ ഒരു രോഗി മരിച്ചാൽ ആരും കൂടെയുണ്ടാകില്ല'; സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ തൃണമൂൽ എം.പി
കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി അരൂപ് ചക്രവർത്തി. സമരം കാരണം ഏതെങ്കിലും ഒരു രോഗി മരിച്ചാൽ ആരും നിങ്ങളുടെ കൂടെയുണ്ടാകില്ലെന്ന് എം.പി പറഞ്ഞു.
'സമരത്തിന്റെ പേരിൽ നിങ്ങൾക്ക് വീട്ടിൽ പോകാം,അല്ലെങ്കിൽ ആണ്‍സുഹൃത്തിനൊപ്പമോ പോകാം.എന്നാൽ നിങ്ങളുടെ സമരത്തിന്റെ പേരിൽ ഏതെങ്കിലും രോഗി മരിക്കുകയോ പൊതുജനം നിങ്ങൾക്കെതിരെ തിരിയുകയോ ചെയ്താൽ രക്ഷിക്കാൻ ഞങ്ങളുണ്ടാകില്ല...' എം.പി പറഞ്ഞു.ഞായറാഴ്ച പശ്ചിമ ബംഗാളിലെ ബാങ്കുരയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഡോക്ടർമാർ സമരം ചെയ്യുന്നു.ഒരു സമരത്തിന്റെ പേരിൽ ആളുകൾക്ക് ചികിത്സ ലഭിച്ചില്ലെങ്കിൽ പൊതുജനം സ്വാഭാവികമായും അവർക്കെതിരെ തിരിയും..ഞങ്ങൾക്ക് അവരെ രക്ഷിക്കാനാകില്ല..' അരൂപ് ചക്രവർത്തി പിന്നീട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും വലിയ വിമർശനം ഉയരുന്നുണ്ട്. തൃണമൂൽ കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഡോക്ടർമാരുടെ സമരത്തെ പിന്തുണക്കുന്നുണ്ടെങ്കിലും ചില നേതാക്കൾ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബി.ജെ.പിയടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മമതാബാനർജിയുടെ പോരായ്മയായാണ് സംഭവത്തെ വിലയിരുത്തുന്നത്.
അതിനിടെ,മമതയെ അധിക്ഷേപിക്കുന്നവരുടെ വിരലുകൾ തല്ലിയൊടിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ഉദയൻ ഗുഹ ഭീഷണി മുഴക്കിയിരുന്നു. സംസ്ഥാന തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തെയും ശൈഖ് ഹസീനയെ പുറത്താക്കിയതിന് ശേഷമുള്ള ബംഗ്ലാദേശിലെ സാഹചര്യത്തെയും ഗുഹ താരതമ്യം ചെയ്തു. ''ബലാത്സംഗ കൊലപാതക സംഭവത്തിൽ മമതയ്ക്കെതിരെ വിരൽ ചൂണ്ടുന്നവരെയും സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നവരെയും രാജി ആവശ്യപ്പെടുന്നവരെയും കണ്ടുപിടിച്ച് അവരുടെ വിരലുകൾ ഒടിക്കും. ബംഗാളിനെ ബംഗ്ലാദേശാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും'' ഗുഹ ഒരു പരിപാടിയിൽ പറഞ്ഞു. 'ആൾക്കൂട്ടം ആശുപത്രി തകർത്തതിന് ശേഷവും കൊൽക്കത്ത പൊലീസ് വെടിയുതിർത്തില്ല. ബംഗ്ലാദേശിലേതു പോലുള്ള സാഹചര്യം പശ്ചിമ ബംഗാളിൽ അനുവദിക്കില്ല. ബംഗാളിനെ ബംഗ്ലാദേശായി മാറ്റാൻ ഞങ്ങൾ സമ്മതിക്കില്ല.' ടിഎംസി മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16