Quantcast

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് കൊട്ടിക്കലാശം

പ്രീപോൾ സർവേയിൽ മഹാവികാസ് അഘാഡി അധികാരത്തിലേറുമെന്ന് പ്രവചനം

MediaOne Logo

Web Desk

  • Published:

    18 Nov 2024 2:19 AM GMT

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് കൊട്ടിക്കലാശം
X

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് കൊട്ടിക്കലാശം. അവസാന ലാപ്പിൽ ദേശീയ നേതാക്കളാണ് റാലികൾക്ക് നേതൃത്വം നൽകിയത്. മഹാരാഷ്ട്രയിൽ ലോക് പോൾ നടത്തിയ പ്രീപോൾ സർവ്വേയിൽ മഹാ വികാസ് അഘാഡി അധികാരത്തിലേറുമെന്നാണ് പ്രവചനം.

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഭരണകക്ഷിയായ മഹായുതിയെ മറികടന്ന് മഹാ വികാസ് അഘാഡി അധികാരത്തിലേറും എന്നാണ് പ്രീപോൾ സർവ്വേ പ്രവചനങ്ങൾ. 151 മുതൽ 162 വരെ സീറ്റുകൾ മഹാ വികാസ് സഖ്യം നേടുമെന്നും, ഭരണകക്ഷിയായ മഹായുതിക്ക് 115 മുതൽ 128 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു .

ലോക് പോൾ നടത്തിയ സർവേ പ്രകാരം മഹായുതിയുടെ വോട്ട് വിഹിതം 37-40 ശതമാനവും മഹാ വികാസ് സഖ്യത്തിന്റെ വോട്ട് 43-46 ശതമാനവും ആയിരിക്കുമെന്നാണ് വിലയിരുത്തൽ. 4,140 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാരാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്. അതുകൊണ്ടുതന്നെ കേവല ഭൂരിപക്ഷം ഒരു പാർട്ടിക്കും കടക്കാനായില്ലെങ്കിൽ വീണ്ടും തൂക്ക് സഭ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ജാർഖണ്ഡിൽ 38 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയുടെ വർഗീയ പ്രചരണങ്ങളെ ജനകീയ പ്രഖ്യാപനങ്ങളിലൂടെ മറികടക്കാൻ ആകും എന്നാണ് ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടൽ. 23നാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.

TAGS :

Next Story