സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് രണ്ട് വർഷം; ജാമ്യം ലഭിക്കാനുള്ളത് ഇ.ഡി കേസിൽ
കഴിഞ്ഞ മാസം 9 ന് സുപ്രിംകോടതി യു.എ.പി.എ കേസിൽ സിദ്ധിഖ് കാപ്പന് ജാമ്യം നൽകിയിരുന്നു.
മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഹാത്രസ് കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് അറസ്റ്റിലാകുന്നത്. നിലവിൽ ലഖ്‌നോ ജയിലിലാണ് സിദ്ദിഖ് കാപ്പൻ കഴിയുന്നത്. കഴിഞ്ഞ മാസം 9 ന് സുപ്രിംകോടതി യു.എ.പി.എ കേസിൽ സിദ്ധിഖ് കാപ്പന് ജാമ്യം നൽകിയിരുന്നു. എന്നാൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജഡ്ജി ലീവ് ആയതിനെ തുടർന്ന് ലഖ്‌നോ കോടതി രണ്ട് തവണ ജാമ്യാപേക്ഷ മാറ്റിവെക്കുകയായിരുന്നു. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.
ലഖ്‌നോ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ രൂപ് രേഖാ വർമയാണ് യുഎപിഎ കേസിൽ ജാമ്യം നിന്നത്. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ മുഹമ്മദ് ആലവും ലഖ്‌നോ ജയിലിലാണ്. ആലത്തിനു യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഇ.ഡി കേസിലെ ജാമ്യഅപേക്ഷ പരിഗണിക്കുന്നത് പലതവണ നീട്ടിവച്ചു. യുഎപിഎ കേസിൽ ജാമ്യം നൽകികൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിൽ പുറത്തിറങ്ങിയാലും ആറാഴ്ച സിദ്ദിഖ് കാപ്പൻ ഡൽഹിയിൽ കഴിയണമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഹാത്രസിൽ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇതിനായി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാലു പേർ നിയോഗിക്കപ്പെട്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഇവർക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇ.ഡി ആരോപിക്കുന്നു. ഡൽഹി കലാപത്തിലും പോപുലർ ഫ്രണ്ടിന് പങ്കുളളതായി ഇ.ഡി കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലുണ്ട്.വിദേശത്തു നിന്ന് പണമെത്തിയത് റൌഫ് ശെരീഫെന്ന പോപുലര്‍ ഫ്രണ്ട് നേതാവ് വഴിയാണെന്ന് ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം പോപുലര്‍ ഫ്രണ്ട് ഉപയോഗിച്ചെന്നും ഇ.ഡി ലഖ്നൌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
Today marks two years since the arrest of journalist Siddique Kappan
Adjust Story Font
16