Quantcast

മനീഷ് സിസോദിയയുടെ അറസ്റ്റ്, മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്: ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ...|ട്വിറ്റർ ട്രെൻഡിങ്‌|

മനീഷ് സിസോദിയയുടെ അറസ്റ്റും കോൺഗ്രസിന്റെ പുതിയ പ്രഖ്യാപനങ്ങളുമെല്ലാം ട്വിറ്റിൽ നിറഞ്ഞുനിന്നു

MediaOne Logo

Web Desk

  • Updated:

    2023-02-26 15:15:06.0

Published:

26 Feb 2023 3:10 PM GMT

മനീഷ് സിസോദിയയുടെ അറസ്റ്റ്, മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്:  ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ...|ട്വിറ്റർ ട്രെൻഡിങ്‌|
X

ന്യൂഡൽഹി: സംഭവബഹുലമായ ദിനമാണ് കടന്ന് പോയത്. ദേശീയ രാഷ്ട്രീയത്തിലേയും കായികമേഖലയിലേയും സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തു. ഞായറാഴ്ചയുടെ അവധികൂടി മുതലെടുത്ത് ഒരുവിധം ചലനങ്ങളെല്ലാം ട്വിറ്ററിൽ സജീവമായി. മനീഷ് സിസോദിയയുടെ അറസ്റ്റും കോൺഗ്രസിന്റെ പുതിയ പ്രഖ്യാപനങ്ങളുമെല്ലാം ട്വിറ്ററിൽ നിറഞ്ഞുനിന്നു. മനീഷ് സിസോദിയയുടെ അറസ്റ്റിലാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്. ട്വിറ്ററിനെ സജീവമാക്കിയ മറ്റു വിഷയങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം...

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റ്(#ManishSisodia)

മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റാണ് ട്വിറ്ററില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. വിഷയത്തില്‍ ട്വീറ്റുകള്‍ ഇപ്പോഴും പ്രവഹിക്കുകയാണ്. ചോദ്യംചെയ്യലിനായി സി.ബി.ഐ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സി.ബി.ഐ ആസ്ഥാനത്തിന് ചുറ്റുമുള്ള റോഡുകളിൽ പൊലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ നിയന്ത്രിക്കുകയാണ്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.



കണ്ണൂര്‍ സ്ക്വാഡ്; മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്(#KannurSquad)

മമ്മൂട്ടിയുടെ സിനിമ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിന്റെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത് വിട്ടതിന് പിന്നാലെ നിരവധി പേരാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്. റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്ന കണ്ണൂർ സ്ക്വാഡ് എന്ന പേര് തന്നെയാണ് മമ്മൂട്ടി ചിത്രത്തിന് നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. റോബി വർഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് എസ് ജോർജാണ്.

വനിത ലോകകപ്പ് ട്വന്റി20: ആസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ഫൈനൽ (#AUSvSA)

വനിതാ ലോകകപ്പ് ടി20യിലെ ചലനങ്ങളെല്ലാം ട്വിറ്ററിലും നിറഞ്ഞു. തുടർച്ചയായി ഏഴാം ഫൈനലിൽ കളിക്കുന്ന ആസ്ട്രേലിയക്ക് കലാശപ്പോരിൽ ഇന്ന് ദക്ഷിണാഫ്രിക്കന്‍ വെല്ലുവിളിയാണ്. അഞ്ച് വട്ടം ജേതാക്കളായ ആസ്ട്രേലിയക്കെതിരെ ജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ. ആദ്യമായാണ് ഐ.സി.സി മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്.

സിദ്ദു മൂസേവാല കേസിലെ രണ്ട് പ്രതികൾ ജയിലിൽ കൊല്ലപ്പെട്ടു(#SidhuMooseWala)

പഞ്ചാബിലെ ജയിലിൽ നടന്ന സംഘർഷത്തിൽ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കേസിലെ രണ്ട് പ്രതികൾ കൊല്ലപ്പെട്ടതാണ് ട്വിറ്ററില്‍ ട്രെന്‍ഡിങായ വിഷയങ്ങളിലൊന്ന്. ദുരൻ മൻദീപ് സിംഗ് തൂഫാൻ,മൻമോഹൻസിംഗ് മോഹന എന്നിവരാണ് കൊല്ലപ്പെട്ടത്.പഞ്ചാബിലെ ഗോയിന്ദ്‍വാള്‍ സാഹിബ് സെന്‍ട്രല്‍ ജയിലില്‍ നടന്ന സംഘര്‍ഷത്തിലാണ് മരണം. ഇതേ കേസിലെ പ്രതിയായ മറ്റൊരു അന്തേവാസിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ ന്യൂകാസിലിനെതിരെ(#Newcastle)

ഇംഗ്ലീഷ് ലീഗ് കപ്പിലെ കന്നിപ്പോരാട്ടമാണ് ട്വിറ്ററില്‍ നിറഞ്ഞ മറ്റൊരു വിഷയം. ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റ് രാത്രി പത്തിന് ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍. ദീര്‍ഘനാളത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ന്യൂകാസില്‍ യുണൈറ്റഡും നേര്‍ക്കുനേര്‍. ഇരുടീമും കിരീടപ്പോരാട്ടത്തില്‍ മുഖാമുഖം വരുന്നത് ഇരുപത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. 2017ലെ യൂറോപ്പ ലീഗിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഒരു കിരീടത്തില്‍ തൊടാനായിട്ടില്ല.

ഭരണഘടനയെ സംരക്ഷിക്കാൻ കോൺഗ്രസ്‌(#HaathSeHaathJodoJansabha)

കേന്ദ്രത്തിനെതിരെ ജനകീയ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കാനും ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളുമായി ചേർന്നു പ്രവർത്തിക്കാനും റായ്പൂരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ തീരുമാനമാണ് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങളിലൊന്ന്. അടുത്തവർഷം വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയമുറപ്പാക്കാൻ പാർട്ടി പ്രവർത്തകരും നേതാക്കളും അച്ചടക്കത്തോടയും ഐക്യത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കണമെന്നും പ്ലീനറി സമ്മേളനം നിർദേശിച്ചു.

കോൺഗ്രസ് പ്ലീനത്തിൽ മൗലാനാ ആസാദ് 'ഔട്ട്'; നരസിംഹറാവു 'ഇന്‍'-വിവാദം, വിശദീകരണം (#MaulanaAbulKalamAzad)

ചത്തിസ്ഗഢിൽ നടക്കുന്ന 85-ാമത് കോൺഗ്രസ് പ്ലീനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തെച്ചൊല്ലിയുള്ള വിവാദവും ട്രെന്‍ഡിങ്ങായി. പ്ലീനം സമാപനത്തിൻരെ ഭാഗമായി ഇന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ സ്വാതന്ത്ര്യ സമര നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ചിത്രം ഒഴിവാക്കിയതാണ് വിവാദമായിരിക്കുന്നത്. മുൻ പ്രധാനമന്ത്രി നരസിംഹറാവു ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങൾ ചേർത്തപ്പോഴാണ് ആസാദ് പുറത്തായത്.

പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും; അസമില്‍ വമ്പന്‍ നീക്കവുമായി ബി.ജെ.പി ഐ.ടി സെൽ സ്ഥാപകൻ(#ProdyutBora)

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഐ.ടി സെൽ നേതാവ് കോൺഗ്രസിൽ ചേരുന്നു. ബി.ജെ.പി ഐ.ടി സെൽ സ്ഥാപകനായ പ്രൊദ്യുത് ബോറയാണ് തന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽ.ഡി.പി)യെ കോൺഗ്രസിൽ ലയിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട് വരുന്നത്. 2015ൽ ബി.ജെ.പി വിട്ടിരുന്നു പ്രൊദ്യുത്.




TAGS :

Next Story