എന്‍റെ ക്ഷമ കണ്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു, തുണച്ചത് വിപാസനയെന്ന് ഞാന്‍ പറഞ്ഞു: രാഹുല്‍ ഗാന്ധി
11 മണിക്കൂറിലേറെ തളർച്ചയില്ലാതെ എങ്ങനെ കസേരയിൽ നിവർന്നിരിക്കാന്‍ കഴിഞ്ഞെന്ന് ഇ.ഡി ഉദ്യോഗസ്ഥർ ചോദിച്ചു
ഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ മാരത്തണ്‍ ചോദ്യംചെയ്യലിനെ എങ്ങനെ നേരിട്ടെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്‍റെ ക്ഷമയും സഹിഷ്ണുതയും അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് രാഹുലിന്‍റെ വെളിപ്പടുത്തല്‍.
"11 മണിക്കൂറിലേറെ തളർച്ചയില്ലാതെ എങ്ങനെ കസേരയിൽ നിവർന്നിരിക്കാന്‍ കഴിഞ്ഞെന്ന് ഇ.ഡി ഉദ്യോഗസ്ഥർ എന്നോട് ചോദിച്ചു. അവരോട് സത്യം പറയേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. മറ്റൊരു കാരണം പറഞ്ഞു. ഞാൻ വിപാസന ചെയ്യുന്നുണ്ടെന്ന് മറുപടി നല്‍കി. വിപാസനയില്‍ മണിക്കൂറുകള്‍ ഇരിക്കണം. നിങ്ങൾ ഇത് ശീലമാക്കണമെന്നും പറഞ്ഞു"- രാഹുല്‍ തമാശയായി പറഞ്ഞു.
ഒരു ചെറിയ, ഇരുട്ടുമുറിയിലാണ് തന്നെ ചോദ്യംചെയ്യലിനായി ഇരുത്തിയതെന്നും മൂന്ന് ഓഫീസര്‍മാരാണ് ചോദ്യംചെയ്തതെന്നും രാഹുല്‍ പറഞ്ഞു. ഓഫീസര്‍മാര്‍ ഇടയ്ക്കു പുറത്തുപോകുമായിരുന്നു. എന്നാല്‍ താന്‍ മണിക്കൂറുകളോളം കസേരയിലിരുന്ന് അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കിയെന്ന് രാഹുല്‍ പറഞ്ഞു.
ഇ.ഡിയുടെ ചോദ്യംചെയ്യല്‍ തനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നില്ലെന്ന് രാഹുല്‍ വ്യക്തമാക്കി- "നിങ്ങള്‍ കരുതും, ഇ.ഡിയുടെ ദീര്‍ഘനേര ചോദ്യംചെയ്യലിനോടു പിടിച്ചുനില്‍ക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്ന്. പക്ഷെ, അതൊട്ടും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ല. കാരണം, ആ കസേരയില്‍ ഞാനൊറ്റയ്ക്കായിരുന്നില്ല. ആ മുറിയില്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും നേതാക്കളും ഈ സര്‍ക്കാരിനെതിരെ ഭയരഹിതരായി പൊരുതുന്നവരും ജനാധിപത്യത്തിനു വേണ്ടി പോരാടുന്നവരുമുണ്ടായിരുന്നു". നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ 5 ദിവസങ്ങളിലായി 50ലധികം മണിക്കൂറാണ് രാഹുലിനെ ഇ.ഡി ചോദ്യംചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് രാഹുല്‍ പറഞ്ഞു. ചെറുകിട, ഇടത്തരം ബിസിനസുകളെ ദ്രോഹിച്ചുകൊണ്ട് കേന്ദ്ര സർക്കാർ രാജ്യത്തിന്റെ നട്ടെല്ല് തകർത്തെന്നും രാഹുല്‍ പറഞ്ഞു- "കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലേ? നോക്കൂ, മോദിജിക്ക് നിയമം അസാധുവാക്കേണ്ടി വന്നു. ഇപ്പോൾ ഞാൻ നിങ്ങളോട് പറയുന്നു, അഗ്നിപഥ് പദ്ധതി നിർത്തലാക്കും. കാത്തിരുന്ന് കാണുക".
Adjust Story Font
16