ബിജെപിക്ക് രാഹുലിന്റെ വിമർശനം, രാജസ്ഥാൻ കോൺഗ്രസിലെ തർക്കം; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
സ്വയം എല്ലാം അറിയുന്ന ആളാണ് താനെന്ന് നരേന്ദ്ര മോദി കരുതുന്നുവെന്ന് രാഹുൽ
രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി സർക്കാറിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കേന്ദ്ര ഏജൻസികളെ മോദി സർക്കാർ ദുരുപയോഗിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
'ഭാരത് ജോഡോ യാത്ര തടയാൻ സർക്കാർ എല്ലാ ശക്തിയും ഉപയോഗിച്ചു. ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. പക്ഷേ ഒന്നും ഫലിച്ചില്ല'.. സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വയം എല്ലാം അറിയുന്ന ആളാണ് താനെന്ന് നരേന്ദ്ര മോദി കരുതുന്നു. സൈനികരെയും ശാസ്ത്രജ്ഞരെയും നരേന്ദ്ര മോദി ഉപദേശിക്കുകയാണ്. അദ്ദേഹം ദൈവത്തെ പോലും പഠിപ്പിക്കാൻ ഒരുങ്ങുന്നു. ബി.ജെ.പിയും ആർ.എസ്.എസും ഭരണഘടനയെ ആക്രമിക്കുകയാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്'. ബിജെപിയിൽ ചോദ്യങ്ങൾ ഇല്ല, ഉത്തരങ്ങളെ ഉള്ളൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് രാഹുലിന്റെ പരാമർശം. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം മോദി ജൂണിലാണ് യുഎസിലെത്തുന്നത്. പത്ത് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ അമേരിക്കയിലെത്തിയത്.
ദീപിക പദുക്കോൺ
ദീപിക പദുക്കോണും രൺബീർ കപൂറും തകർത്തഭിനയിച്ച യേ ജവാനി ഹേ ദിവാനി ഇറങ്ങിയിട്ട് പത്ത് വർഷം. സിനിമയുടെ പത്താം വാർഷികം ആഘോഷമാക്കുകയാണ് ട്വിറ്റർ. ഇരുവരുടെയും കരിയർ ബ്രേക്ക് ആയിരുന്നു അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രം
രാജസ്ഥാൻ
ട്വിറ്ററിൽ ഇന്നും ട്രെൻഡിംഗ് ആണ് രാജസ്ഥാൻ. ഇരു നേതാക്കളെയും ഒരുമിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ആണ് രാജസ്ഥാനിലെ പാർട്ടി നേതൃത്വത്തിന് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം.
രാജസ്ഥാൻ കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ നാലര മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയാണ് ഹൈക്കമാൻഡ് നടത്തിയത്. അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നിലെ ഫോർമുല എന്തെന്ന് കോൺഗ്രസ് നേതൃത്വം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. വസുന്ധര രാജെ സിന്ധ്യയുടെ സർക്കാരിന്‍റെ കാലത്ത് നടന്ന അഴിമതികൾ അന്വേഷിക്കാൻ സച്ചിൻ പൈലറ്റ് അശോക് ഗെഹ്ലോട്ടിന് നൽകിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രശ്ന പരിഹാര ചർച്ചകൾക്ക് ഹൈക്കമാൻഡ് മുന്നിട്ടിറങ്ങിയത്.
സച്ചിൻ പൈലറ്റിന്‍റെ ആവശ്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയ രാഹുൽ ഗാന്ധി, സച്ചിനെതിരെ നടപടികൾ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടു. സച്ചിൻ പൈലറ്റിനെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും നിർദേശം നൽകിയിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്ന് ഇരു നേതാക്കളും ഒന്നിച്ച് പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര തർക്കം പൂർണമായും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാണ്.
സാക്ഷി കൊലപാതകക്കേസ്
രാജ്യതലസ്ഥാനത്ത് പൊതുമധ്യത്തിൽ 16കാരി അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് രാജ്യം.
ഞായറാഴ്ചയാണ് ഡൽഹിയിലെ ഷാഹ്ബാദിൽ 16 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ ഇരുപത്തി രണ്ട് തവണ കുത്തിയ പ്രതി സാഹിൽ ഭാരമേറിയ കല്ല് പലതവണ ശരീരത്തിലേക്ക് ഇടുകയും ചെയ്തിരുന്നു.
സാക്ഷിക്ക് പഴയ സുഹൃത്ത് പ്രവീണിനൊപ്പം പോകാൻ താല്പര്യമുണ്ടായിരുന്നതായാണ് സാഹിൽ പറയുന്നത്. പെണ്‍കുട്ടി പ്രവീണിനെ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായെന്നും സാഹില്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സാഹിലിനെ പരിചയപ്പെടുന്നതിനു മുന്‍പ് സാക്ഷി പ്രവീണുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന്‍റെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്യാൻവാപി
വിചാരണക്കോടതി ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ആരാധനക്ക് അനുമതി തേടിയ ഹരജി നിലനിൽക്കുമെന്ന വരാണസി ജില്ലാ കോടതിയുടെ ഉത്തരവാണ് ശരിവെച്ചത്. അഞ്ച് ഹിന്ദു സ്ത്രീകളുടെ ഹരജിയിലെ ഉത്തരവിന് എതിരെയായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ.ഹിന്ദു സ്ത്രീകളുടെ ഹരജി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി 2022 സെപ്റ്റംബറിൽ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ഗ്യാൻവാപി പള്ളിയുടെ പുറംഭിത്തിയിൽ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ ഉണ്ടെന്നും ആരാധിക്കാൻ അനുമതി നൽകണമെന്നുമാണ് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹരജിയിലെ ആവശ്യം. എന്നാൽ ഇത് 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹരജി പരിഗണിക്കാനാവില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം.ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഒരുമിച്ച് വാദം കേൾക്കാൻ വാരണാസി ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നിലവിൽ ഫയൽ ചെയ്തിട്ടുള്ള എട്ട് കേസുകളിലാണ് ജില്ലാ കോടതി ഒരുമിച്ച് വാദം കേൾക്കുക.
മോഹിത് ശര്‍മ
ഐ.പി.എല്‍ 2023 സീസണിലെ ഏറ്റവും മികച്ച തിരിച്ചുവരവ് മോഹിത് ശര്‍മയുടേത് ആയിരിക്കും. എന്നാല്‍ ഫൈനലില്‍ അവസാന ഓവറിലെ അവസാന രണ്ട് പന്തുകള്‍ മോഹിതിനെ വില്ലനാക്കി. മത്സരത്തിനുശേഷമുള്ള രാത്രിയിൽ ഉറങ്ങാൻ സാധിച്ചില്ലെന്ന് മോഹിത് പറയുന്നു.
‘‘വീണ്ടും യോർക്കർ എറിയാനാണ് ശ്രമിച്ചത്. കൂടുതൽ ശ്രദ്ധയോടെ കളിക്കാനാണ് ആഗ്രഹിച്ചത്. ഈ ഐപിഎല്ലിലുടനീളം ഞാൻ അത് ചെയ്തു. പക്ഷെ, ആ പന്തുകൾ വീണത് പ്രതീക്ഷിച്ച സ്ഥലത്തായിരുന്നില്ല, ജഡേജ അവസരം ഉപയോഗപ്പെടുത്തി’, മോഹിത് പറഞ്ഞു. അവസാന രണ്ട് പന്തുകളിൽ ഒരു സിക്സും ഒരു ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയിപ്പിക്കുകയായിരുന്നു.
അതേസമയം, മോഹിത് അഞ്ചാം പന്ത് എറിയുന്നതിന് മുമ്പ് സബ്സ്റ്റിറ്റ്യൂട്ട് താരം വഴി പരിശീലകൻ ആശിഷ് നെഹ്റ നിർദേശങ്ങൾ നൽകിയതാണ് താരത്തിന്റെ ആത്മവിശ്വാസം കളഞ്ഞതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പക്ഷെ മോഹിത് അത് തള്ളിക്കളഞ്ഞു. തന്റെ പ്ലാൻ എന്താണെന്നറിയാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നെന്നും വീണ്ടും യോർക്കർ എറിയാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞെന്നുമാണ് മോഹിത് നൽകുന്ന വിശദീകരണം.
ഐ.പി.എൽ കിരീട നേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയിലേക്ക്
കാൽമുട്ടിന് പരിക്കേറ്റ എം.എസ് ധോണിയെ ഈ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലില്‍ ചെന്നൈയെ വിജയത്തിലെത്തിച്ചതിന് പിന്നാലെയാണ് ധോണി ചികിത്സ തേടുന്നത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാകും ധോണിയുടെ ചികിത്സയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലിന് മുന്നോടിയായി തന്നെ എം.എസ് ധോണിയുടെ കാൽമുട്ടിന് പരിക്കേറ്റിരുന്നു.
പരിശോധനകൾക്കായി ഈ ആഴ്ച തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. കാൽമുട്ടിനേറ്റ പരിക്കുമായാണ് ധോണി ഐപിഎൽ കളിക്കുന്നതെന്ന് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് ഏപ്രിലിൽ സ്ഥിരീകരിച്ചിരുന്നു. ''ധോണിയുടെ കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ചലനങ്ങളിൽ നിങ്ങൾക്കത് കാണാൻ കഴിയും, ഒരു പരിധിവരെ ധോണിക്കത് ബുദ്ധിമുട്ടാണ്''- ഇങ്ങനെയായിരുന്നു ഫ്ലെമിങിന്റെ വാക്കുകള്‍.
Adjust Story Font
16