Quantcast

ചന്ദ്രനോട് കൂടുതലടുത്ത് ചന്ദ്രയാൻ, സോനം കപൂറിനോട് മാപ്പു പറഞ്ഞ് റാണ, ശിൽപ ഷെട്ടിക്ക് വിമർശനം; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്‌

പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട മര്യാദങ്ങൾ തനിക്കറിയാമെന്നും രാജ്യത്തോടുള്ള ആദരവ് ഹൃദയത്തിൽ നിന്നാണെന്നും അതാർക്കും ചോദ്യം ചെയ്യാനാവില്ലെന്നും ശിൽപ

MediaOne Logo

Web Desk

  • Updated:

    2023-08-16 15:11:01.0

Published:

16 Aug 2023 3:02 PM GMT

Top10twittertrendstoday
X

ശിൽപ ഷെട്ടി

സ്വാതന്ത്ര്യദിനത്തിൽ ചെരുപ്പിട്ട് പതാക ഉയർത്തിയതിന് ഏറെ വിമർശനങ്ങൾ നേരിട്ടയാളാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. കുടുംബത്തിനൊപ്പം വീട്ടിൽ ത്രിവർണ പതാക ഉയർത്തുന്ന ദൃശ്യങ്ങൾ പങ്കുവച്ചപ്പോഴാണ് ആളുകൾ വിമർശനങ്ങളുമായെത്തിയത്. ഈ വിമർശനങ്ങൾക്ക് ഇപ്പോഴിതാ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം.

പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട മര്യാദങ്ങൾ തനിക്കറിയാമെന്നും രാജ്യത്തോടുള്ള ആദരവ് ഹൃദയത്തിൽ നിന്നാണെന്നും അതാർക്കും ചോദ്യം ചെയ്യാനാവില്ലെന്നും നടി കമന്റിൽ കുറിച്ചു.

സച്ചിൻ പൈലറ്റ്

വ്യോമസേനയിൽ പൈലറ്റായിരുന്നപ്പോൾ തന്റെ പിതാവ് രാജേഷ് പൈലറ്റ് മിസോറാമിൽ ബോംബിട്ടെന്ന ബി.ജെ.പി ഐടി വിഭാഗം തലവൻ അമിത് മാളവ്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. 1966 മാർച്ചിൽ മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ ബോംബെറിഞ്ഞ ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ആണെന്നായിരുന്നു മാളവ്യയുടെ ആരോപണം.

ആരോപണം പൂർണമായും തെറ്റാണെന്നാണ് സച്ചിൻ പറയുന്നത്. മാർച്ചിൽ അല്ല, ഒക്ടോബറിലാണ് തന്റെ പിതാവ് രാജേഷ് പൈലറ്റ് വ്യോമ സേനയിൽ ചേരുന്നതെന്നും സച്ചിൻ മറുപടി നൽകി.

ചന്ദ്രയാൻ

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം വീണ്ടും താഴ്ത്തി. രാവിലെ എട്ടരയോടെയാണ് ചന്ദ്രോപരിതലത്തോടു കൂടുതൽ അടുത്ത് സഞ്ചരിക്കാൻ പേടകത്തിന് നിർദേശം നൽകിയത്.നാളെ പ്രൊപൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ട് ലാൻഡർ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങും.

പേടകത്തെ ചന്ദ്രനോട് അടുപ്പിക്കുന്ന പ്രക്രിയയ്ക്ക് ഇന്ന് രാവിലെ 8.30നാണ് തുടക്കമായത്.

വീരേന്ദ്ര ബാബു

ലൈംഗിക പീഡനക്കേസില്‍ കന്നഡ നടന്‍ വീരേന്ദ്ര ബാബു അറസ്റ്റില്‍. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 36 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് നിര്‍മാതാവ് കൂടിയായ ബാബുവിനെ അറസ്റ്റ് ചെയ്തത്.

2011-ൽ പുറത്തിറങ്ങിയ സ്വയം ക്രുഷി എന്ന ചിത്രത്തിലൂടെയാണ് വീരേന്ദ്ര ബാബു പ്രശസ്തനാകുന്നത്. ചിക്കമംഗളൂരു സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലായ ബാബു ഇവരെ വീട്ടിലേക്ക് വിളിക്കുകയും കോഫിയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നടന്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവര്‍ന്നെടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 30ന് യുവതിയെ കാറില്‍ കയറ്റി നഗരത്തിലേക്ക് പോയ വീരേന്ദ്ര ബാബു തോക്കിന്‍ മുനയില്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതിനു ശേഷം യുവതിയെ റോഡരികില്‍ തള്ളി.

നെഹ്‌റു മ്യൂസിയം

നെഹ്രു മ്യൂസിയത്തിന്‍റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി മാറ്റിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോംപ്ലക്സാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. നെഹ്രുവിന്‍റെ ഓർമകളുടെ സ്വാധീനം തലമുറകളിലൂടെ തുടരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മണിപ്പൂർ

മണിപ്പൂർ സംഘർഷത്തിന്‍റെ ഇരകളെ സർക്കാർ പുനരധിവസിപ്പിച്ചു തുടങ്ങി. സംഘർഷത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രീഫാബ്രിക്കേറ്റഡ് വീടുകളാണ് നിർമിച്ചു നൽകുന്നത്. അരലക്ഷത്തിലധികം ആളുകളാണു ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്.

സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലുമാണ് മൂന്നു മാസമായി അരലക്ഷത്തിലധികം പേർ അന്തിയുറങ്ങുന്നത്. ഇവരിൽ ചിലർക്കാണ് സ്വാതന്ത്ര്യ ദിനമായ ഇന്നലെ പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നൽകിയത്.

ഹിമാചൽ മഴക്കെടുതി

മഴക്കെടുതിയിൽ ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 60 ആയി. സംസ്ഥാനത്തെ സാഹചര്യം ഉന്നതതല യോഗം ചേർന്ന് മുഖ്യമന്ത്രി സുഖ്‍വീന്ദര്‍ സിങ് സുഖു വിലയിരുത്തി.

ഹിമാലയൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. വിവിധയിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനാൽ മരണ സംഖ്യ ഉയർന്നേക്കും. ഈ മാസം നാലിനാണ് കേദാർനാഥിലേക്ക് ഉള്ള പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് കടകൾ ഒലിച്ചുപോയ മണ്ണിടിച്ചിലിൽ അകപ്പെട്ട പെൺകുട്ടിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെടുത്തത്.

പിഎം വിശ്വകർമ

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പിഎം വിശ്വകർമ പദ്ധതിക്ക് അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. സബ്‌സിഡി നിരക്കിൽ ഈട് രഹിത വായ്പ നൽകുന്നതാണ് പദ്ധതി. പദ്ധതിക്ക് കീഴിൽ കരകൗശല തൊഴിലാളികൾക്ക് പിഎം വിശ്വകർമ സർട്ടിഫിക്കറ്റുകൾ, ഐഡി കാർഡുകൾ, പരമാവധി അഞ്ച് ശതമാനം പലിശനിരക്കോടെ ഒരു ലക്ഷം രൂപ വരെ വായ്പ എന്നിവയ്ക്ക് അംഗീകാരം നൽകും.

റാണ ദഗുബതി

നടി സോനം കപൂറിനെതിരായ പരാമര്‍ശത്തില്‍ നടിയോട് മാപ്പ് പറഞ്ഞ് തെലുഗു താരം റാണാ ദഗുബതി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്തയുടെ പ്രമോഷനിടെ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് റാണയുടെ മാപ്പ് പറച്ചില്‍.

സോനക്കൊപ്പം അഭിനയിച്ച സോയ ഫാക്ടര്‍ ബോക്സോഫീസില്‍ പരാജയമായിരുന്നു. ദുല്‍ഖറിന്‍റെ തിരക്കിനെ അവഗണിച്ച് സെറ്റില്‍ വച്ച് നടി ലണ്ടനില്‍ ഷോപ്പിങ് നടത്തുന്നതിനെക്കുറിച്ച് ഭര്‍ത്താവിനോട് സംസാരിക്കുകയായിരുന്നുവെന്നാണ് റാണ പറഞ്ഞത്.

TAGS :

Next Story