Quantcast

ചതിയന്മാർ ഇങ്ങോട്ട് നോക്കേണ്ട, ഒരു 'പണിയും' തരില്ല; ഷിൻഡെ ക്യാമ്പിനെ ലക്ഷ്യമിട്ട് ഉദ്ധവ് താക്കറെ

പാചക വാതകം കത്തിക്കാൻ സഹായിക്കുന്നത് നമ്മുടെ ഹിന്ദുത്വക്കാണെന്നും എന്നാല്‍ ബിജെപിയുടെ ഹിന്ദുത്വം വീട് കത്തിക്കുന്നതിന് വേണ്ടിയാണെന്നും ഉദ്ധവ്

MediaOne Logo

Web Desk

  • Updated:

    2024-10-06 05:45:06.0

Published:

6 Oct 2024 5:43 AM GMT

ചതിയന്മാർ ഇങ്ങോട്ട് നോക്കേണ്ട, ഒരു പണിയും  തരില്ല; ഷിൻഡെ ക്യാമ്പിനെ ലക്ഷ്യമിട്ട് ഉദ്ധവ് താക്കറെ
X

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനക്കാരെ ലക്ഷ്യമിട്ട് ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗം തോൽക്കുമെന്നും അങ്ങനെ പണിയില്ലാതാകുമ്പോൾ നിലവിലെ എംഎൽഎമാർ ഇങ്ങോട്ട് നോക്കേണ്ടെന്നുമായിരുന്നു ഉദ്ധവ് വ്യക്തമാക്കിയത്. ഒന്നരമാസങ്ങൾക്കിപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടായിരുന്നു ഉദ്ധവ് സ്വരം കടുപ്പിച്ചത്.

ചതിയന്മാരായ നിങ്ങൾക്കൊരു പണിയും തരില്ലെന്നും ഉദ്ധവ് കനപ്പിച്ച് തന്നെ പറഞ്ഞു. ഒന്നായി നിന്ന ശിവസേനയെ ഏക്‌നാഥ് ഷിൻഡയുടെ നേതൃത്വത്തിൽ ബിജെപിയാണ് പിളർത്തിയത്. പിളർപ്പിന് പിന്നാലെ ഉദ്ധവ് പക്ഷത്തിന് കനത്ത ക്ഷീണം സംഭവിച്ചിരുന്നു. നല്ലൊരു ശതമാനം എംഎൽഎമാരും എംപിമാരും ഷിൻഡെക്കൊപ്പം പോയി. ഷിൻഡെ മുഖ്യമന്ത്രി കൂടിയായതോടെ ആ തണൽ പറ്റി ചില പ്രവർത്തകരും കൂടൊഴിഞ്ഞു. എന്നാൽ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ ഉദ്ധവ് വിഭാഗം കരുത്ത് കാണിച്ചു. മഹാരാഷ്ട്രയിൽ തനിക്ക് അനുകൂലമായ വികാരമുണ്ടെന്ന് ആ ഫലം തെളിയിക്കുകയും ചെയ്തു.

പിന്നാലെ വന്ന അഭിപ്രായ സർവേകളില്‍, ഉദ്ധവും കോൺഗ്രസും ശരത് പവാറിന്റെ എൻസിപിയും അടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യത്തിനാണ് സംസ്ഥാനത്ത് സാധ്യത എന്ന് തെളിഞ്ഞതോടെ ഷിൻഡെ വിഭാഗത്തിൽ നിന്ന് ചിലർക്ക് പുറത്തുചാടാൻ താത്പര്യമുണ്ടെന്ന റിപ്പോർട്ടുകളും വന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഷിൻഡെ വിഭാഗത്തിൽ നിന്ന് കൂടുതൽ നേതാക്കൾ പുറത്തുവരും എന്ന റിപ്പോർട്ടുകളും സംസ്ഥാനത്ത് സജീവമാണ്. ഈ സാഹചര്യത്തിലാണ് ഉദ്ധവിന്റെ കടന്നാക്രമണം. തന്റെ പാർട്ടി സംഘടിപ്പിച്ച തൊഴിൽ മേളയെ അഭിസംബോധന ചെയ്യവെയാണ് ഷിന്‍ഡെ വിഭാഗത്തിനെതിരെ രംഗത്ത് എത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ ബിജെപിക്കും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും എവിടെയാണ് ഇനി സ്ഥാനം എന്ന് കാണിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞടുപ്പിന് പിന്നാലെ പണി പോകുന്ന ഇപ്പോഴത്തെ എംഎൽമാരും ചില എംപിമാരും ഞങ്ങളുടെ അടുത്തേക്ക് വരും. ചതിയന്മാരായ അവർക്ക് ഒരു പണിയും തരാൻ പോകുന്നില്ല. ഷിൻഡെ സർക്കാർ സംസ്ഥാനത്തെ കൊള്ളയടിച്ചതിന്റെ കണക്ക് ഞങ്ങളുടെ ഭരണത്തിൽ ശേഖരിക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി.

2022ൽ തൻ്റെ സർക്കാറിനെ താഴെയിറക്കിയതിന് ശേഷം മഹാരാഷ്ട്രയിൽ വലിയ പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ലെന്നും താക്കറെ അവകാശപ്പെട്ടു. പാചക വാതകം കത്തിക്കാൻ സഹായിക്കുന്നത് നമ്മുടെ ഹിന്ദുത്വക്കാണെന്നും എന്നാല്‍ ബിജെപിയുടെ ഹിന്ദുത്വം വീട് കത്തിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കലാപങ്ങളെ ലാക്കാക്കിയായിരുന്നു ഈ പരാമര്‍ശം. പാർട്ടി പിളർന്നതിന് ശേഷം ചതിയന്മാർ എന്നാണ് ഷിൻഡെ വിഭാഗത്തെ ഉദ്ധവ് വിശേഷിപ്പിക്കുന്നത്.

പൊതുചടങ്ങുകളിലും അല്ലാതെയുമെല്ലാം ഈ വിശേഷണം കൊണ്ടാണ് ഉദ്ധവ് നേരിടാറ്. അതേസമയം ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഹരിയാന, ജമ്മുകശ്മീര്‍ നിയമസഭകളിലേക്കുള്ള ഫലപ്രഖ്യാപനം എട്ടിനാണ്. അതിന് ശേഷമാകും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളുമായി സജീവമാകുകയാണ് രാഷ്ട്രീയപ്പാർട്ടികൾ. എംവിഎ സഖ്യത്തിൽ ഏകദേശം ധാരണയായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഭരണപക്ഷമായ മഹായുതിയിൽ സീറ്റ് ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല.

TAGS :

Next Story